ഉദ്ഘാടനം കാത്ത് ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോൾ പ്ലാസ; 6 കവാടങ്ങളും 7 ടിക്കറ്റ് കൗണ്ടറുകളും

Mail This Article
മൂന്നാർ ∙ ജില്ലയിലെ ആദ്യത്തെ ടോൾ പ്ലാസ ദേവികുളത്ത് നിർമാണം പൂർത്തിയായി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ ദേവികുളം ലാക്കാടിന് സമീപമാണ് ജില്ലയിലെ ആദ്യത്തെ ടോൾ പ്ലാസ നിർമിച്ചിരിക്കുന്നത്. ദേശീയ പാതയിൽ പെട്ട മൂന്നാർ - ബോഡിമെട്ട് (42 കിലോ മീറ്റർ) പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് ടോൾ പ്ലാസ നിർമിച്ചത്. ഇരുവശങ്ങളിലേക്കുമായി വാഹനങ്ങൾ കടന്നു പോകുന്നതിനായി 6 കവാടങ്ങളും 7 ടിക്കറ്റ് കൗണ്ടറുകളുമാണ് നിർമിച്ചിട്ടുളളത്.
വലുതും ചെറുതുമായ വാഹനങ്ങളുടെ നിരക്കും സ്ഥിരം യാത്രികരായ പ്രദേശവാസികളുടെ വാഹനങ്ങൾക്കുള്ള നിരക്കുകളും സംബന്ധിച്ച് ദേശീയപാതാ അധികൃതർ തീരുമാനിക്കും. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ദേശീയപാതയുടെ ഉദ്ഘാടനത്തോടൊപ്പം ടോൾ പ്ലാസയും പ്രവർത്തനമാരംഭിക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ സന്ദർശന തീയതി ലഭിക്കുന്നതിലെ താമസമാണ് ഉദ്ഘാടനം നീണ്ടു പോകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
2017 സെപ്റ്റംബറിലാണ് 381.76 കോടി രൂപ ചെലവിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്തെ പാതയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മഴക്കാലത്ത് തുടർച്ചയായി ദേവികുളം ഗ്യാപ് റോഡിൽ മണ്ണിടിച്ചിലുണ്ടായതാണ് നിർമാണം പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടിവന്നത്.
English Summary: Idukki district's first toll plaza awaiting inauguration; 6 gates and 7 ticket counters