ADVERTISEMENT

ചെറുതോണി ∙ പുത്രസഹജമായ സ്നേഹ വാത്സല്യങ്ങളോടെ ചാണ്ടി ഉമ്മനു മഴുവടി ഉമ്മൻചാണ്ടി കോളനിയിൽ വരവേൽപ്. വൈകുന്നേരം 7 ന് കോളനിയിൽ എത്തുമെന്നറിയിച്ച ചാണ്ടി ഉമ്മൻ രണ്ട് മണിക്കൂറോളം വൈകി രാത്രി 8.45 നു എത്തിയപ്പോൾ കോളനിയിൽ കാത്തു നിന്നത് വൻ പുരുഷാരം. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ മകനെ അടുത്തു കണ്ടപ്പോൾ കോളനിയിലെ സ്ത്രീകൾ അടക്കമുള്ളവർക്കു നിയന്ത്രിക്കാനായില്ല. നിലവിളിച്ചു കരഞ്ഞു കൊണ്ടാണ് അവർ ചാണ്ടി ഉമ്മനെ കോളനിയിലെ കമ്യൂണിറ്റി ഹാളിലേക്ക് ആനയിച്ചത്.

കോളനിക്കാർക്ക് പുറമേ ഒട്ടേറെ നാട്ടുകാരും ചാണ്ടി ഉമ്മനെ കാണാൻ എത്തിയിരുന്നു. തന്റെ പിതാവിനോടു മഴുവടിയിലെ ഗോത്ര സമൂഹം കാട്ടിയ സ്നേഹത്തിനു വാക്കുകൾക്ക് അതീതമായ നന്ദിയാണുള്ളതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. കോളനി നിവാസികളുടെ സ്നേഹത്തിനു ജീവിതം കൊണ്ടു മാത്രമേ നന്ദി പറയാൻ കഴിയുകയുള്ളൂ എന്നും ജീവിതാവസാനം വരെ നിങ്ങളുടെ സുഖ ദുഃഖങ്ങളിൽ കൂടെയുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കോളനി നിവാസികൾക്ക് ഉറപ്പ് നൽകി.

പിതാവിന്റെ ഓർമയ്ക്കായി കോളനിയിൽ പ്രതിമ സ്ഥാപിക്കണമെന്ന കോളനി നിവാസികളുടെ ആവശ്യത്തിനു അർഥമില്ലെന്നു പറഞ്ഞ ചാണ്ടി ഉമ്മൻ പകരം ഇവിടത്തെ വിദ്യാർഥികൾക്ക് പഠിക്കുന്നതിനുള്ള ഒരു സ്ഥാപനം ആരംഭിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നു കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, മുതിർന്ന കോൺഗ്രസ് നേതാക്കന്മാരായ എ.പി.ഉസ്മാൻ, ജോസ് ഊരക്കാട്ട്, പി.ഡി.ശോശാമ്മ, അനീഷ് ജോർജ്, അനിൽ ആനയ്ക്കനാട്ട്, ഊരുമൂപ്പൻ സുകുമാരൻ കുന്നുംപുറത്ത്, കാണി കെ.കെ. രാജപ്പൻ തുടങ്ങിയവർ ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

വർഗീസിന്റെ വീട്ടിൽ പ്രിയനേതാവിന്റെ മകനെത്തി

കുമളി ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ദർശിച്ച് അന്ത്യാജ്ഞലി അർപ്പിച്ച് മടങ്ങുമ്പോൾ വാഹനാപകടത്തിൽ മരണപ്പെട്ട കെ.വൈ.വർഗീസിന്റെ ശവകുടീരവും ഭവനവും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സന്ദർശിച്ചു. ഭാര്യ കൽപ്പനനെയും മക്കളായ ബിനീഷിനെയും അനീഷിനെയും ആശ്വസിപ്പിച്ചു. മിടുക്കരായി പഠിച്ചു വളരണമെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.എ.ജോസഫിന്റെ ഭവനത്തിൽ എത്തി ജോസഫിന്റെ മകൻ അച്ചുദ് ജോസഫിനെ സന്ദർശിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ കുമളി അട്ടപ്പള്ളത്ത് വർഗീസിന്റെ വീട്ടിൽ എത്തിയത്. 

English Summary: Welcome to Chandy Oommenu Mazhavadi Oommenchandy Colony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com