ADVERTISEMENT

മൂന്നാർ ∙ 2018ലെ നീലക്കുറിഞ്ഞി സീസൺ ഉൾപ്പെടെ മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലയെ തകർത്ത പ്രളയ ദുരന്തത്തിന് ഇന്ന് അഞ്ച് വയസ്സ്. 2018 ഓഗസ്റ്റ് 16നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലുകളുമായി പത്തിലധികം പേരാണ് മൂന്നാറിലും ദേവികുളത്തുമായി മരിച്ചത്. 25 കോടി രൂപ ചെലവിട്ട് നിർമിച്ച ഗവ. കോളജ് ഉൾപ്പെടെ നിരവധി വീടുകളും സ്ഥാപനങ്ങളും മഹാപ്രളയത്തിലും ഉരുൾപൊട്ടലിലും നശിച്ചു. നല്ലതണ്ണി റോഡിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു ലൈൻസ് കെട്ടിടം പൂർണമായി തകരുകയും ഒരു കുടുംബത്തിലെ നാലു പേർ മരിക്കുകയും ചെയ്തു.

മൂന്നാർ ന്യൂ കോളനി, ദേവികുളം കോളനി, ഇരച്ചിൽപാറ എന്നിവിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായാണ് ബാക്കിയുള്ള മരണങ്ങൾ സംഭവിച്ചത്. 25ലധികം വീടുകളാണ് അന്ന് തകർന്നത്. 2018 ഓഗസ്റ്റ് 14 മുതലാണ് മൂന്നാറിൽ കനത്ത മഴ തുടങ്ങിയത്. ഇതോടെ മുതിരപ്പുഴയിൽ വൻതോതിൽ ജലനിരപ്പ് ഉയർന്നു. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നതോടെ മുതിരപ്പുഴയിൽ നിയന്ത്രണാതീതമായി ജലനിരപ്പ് ഉയർന്നു. ഹെഡ് വർക്സ് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാതെ വന്നതോടെ മുതിരപ്പുഴയിൽ ജലനിരപ്പ് ഉയർന്ന് പഴയ മൂന്നാർ ഉൾപ്പെടെ വെള്ളത്തിനടിയിലായി.

ഓഗസ്റ്റ് 16നുണ്ടായ രൂക്ഷമായ മഴയിൽ പഴയ മൂന്നാറിലുണ്ടായിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് ആട്ടുപാലങ്ങൾ, പെരിയവര പാലം എന്നിവ തകർന്നു വീണു. ഹെഡ് വർക്സ് ഡാമിനു തൊട്ടു താഴെ മലയിടിച്ചിലുണ്ടായതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. തമിഴ്നാട്ടിൽ നിന്നുള്ള പ്രധാന പാതയിലെ പെരിയവര പാലം തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും പൂർണമായി നിലച്ചതോടെ മൂന്നാർ ദിവസങ്ങളോളം ഒറ്റപ്പെട്ടു.

12 വർഷങ്ങൾക്കു ശേഷം 2018 ഓഗസ്റ്റ് മാസത്തിൽ പൂക്കാനിരുന്ന നീലക്കുറിഞ്ഞി പൂക്കളും അന്ന് ആഴ്ചകളോളം നീണ്ടു നിന്ന കനത്ത മഴയിൽ നശിച്ചുപോയതോടെ വിനോദ സഞ്ചാര മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുറിഞ്ഞി സീസണും ഇല്ലാതായി. പ്രളയത്തിനു ശേഷം വർഷങ്ങൾ വേണ്ടിവന്നു മൂന്നാറിലെ വിനോദസഞ്ചാര മേഖല സാധാരണ നിലയിലെത്താൻ.

പരിധിയില്ലാത്ത ജലപ്രവാഹം നടുക്കുന്ന ഓർമ 

ചെറുതോണി ∙ മഹാപ്രളയത്തിൽ എന്നെന്നും ഓർമിക്കുന്ന ചരിത്രമായി ചെറുതോണി അണക്കെട്ടിലൂടെ പരിധിയില്ലാതെ വെള്ളം ഒഴുക്കിയിട്ട് 5 വർഷം പൂർത്തിയായി. കനത്ത മഴയും നീരൊഴുക്കും മൂലം തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ ജലാശയത്തിൽ ജലനിരപ്പ് 2398.98 അടിയായി ഉയർന്നതോടെ 2018 ഓഗസ്റ്റ് 9ന് ഉച്ചയ്ക്ക് 12.30നാണ് ഇടുക്കി ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ അരലക്ഷം ലീറ്റർ വെള്ളമാണ് ആദ്യം പുറത്തേക്ക് ഒഴുക്കി വിട്ടത്. 26 വർഷങ്ങൾക്കു ശേഷം പരീക്ഷണ തുറക്കലാണ് ഇതെന്നാണ് അധികൃതർ വിശദീകരിച്ചത്. തുടർന്ന് മഴ കടുത്തതോടെ പിന്നീട് കാര്യങ്ങൾ കൈവിട്ടു തുടങ്ങിയിരുന്നു.

10നു 11.30നു എല്ലാ ഷട്ടറുകളും ഒരു മീറ്റർ വീതമായി ഉയർത്തി 600 ക്യുമെക്‌സ് ജലം തുറന്നു വിട്ടു തുടങ്ങി. പതിനാലാം തീയതി മഴ വീണ്ടും കരുത്തറിയിച്ചു. അന്നേ ദിവസം 23 സെന്റി മീറ്റർ മഴയാണ് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്തിറങ്ങിയത്. ഇത് സമീപകാല റെക്കോർഡ് ആയിരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് പ്രവചനാതീതമായി ഉയർന്നതിനാൽ രാവിലെ 7ന് അണക്കെട്ടിലെ 5 ഷട്ടറുകളിൽ നിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് പടിപടിയായി വർധിപ്പിച്ചു. സെക്കൻഡിൽ 600, 750, 850 ക്യൂമെക്സായും രാത്രി എട്ടിന് ആയിരം ക്യുമെക്‌സായി കുത്തനെ വർധിപ്പിച്ചു.

മഴ അതിശക്തമായി തുടർന്നതോടെ 15ന് രാവിലെ 1100, ഉച്ച കഴിഞ്ഞ് മൂന്നിന് 1200, നാലിന് 1300, അഞ്ചിന് 1400, ആറിന് 1500 ക്യുമെക്‌സ് ആയും പുറത്തേക്ക് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും വർധിപ്പിച്ചു. ഇതോടെ വെള്ളം എത്തുന്ന മേഖലയിൽ എല്ലാം മണ്ണിടിച്ചിലും താഴ്ന്നപ്രദേശങ്ങളിൽ വെള്ളപ്പൊക്കവുമായി. ഈ സമയം അണക്കെട്ടിലേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നത് സെക്കൻഡിൽ 2535 ക്യുമെക്‌സ് വെള്ളമായിരുന്നു. പിന്നീട് കൂടിയും കുറച്ചും മഴയുടെ അളവനുസരിച്ച് വെള്ളം തുറന്നു വിട്ടുകൊണ്ടേയിരുന്നു. 18നാണ് പിന്നീട് വെള്ളത്തിന്റെ അളവ് കുറച്ചത്. ജല നിരപ്പ് നിയന്ത്രണ വിധേയമായതോടെ സെപ്റ്റംബർ ഏഴിന് എല്ലാ ഷട്ടറുകളും അടച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com