വീടിന്റെ ഭിത്തിയിൽ വരച്ച ആദ്യ ചിത്രം തുണയായി; അഖിലയുടെ മ്യൂറൽ ശൈലിയിൽ വരച്ച ചിത്രങ്ങൾ ഹിറ്റ്!

Mail This Article
കുളമാവ് ∙ ചായങ്ങൾ കൊണ്ട് വിസ്മയം തീർത്ത് അഖില രാജേഷ്. അഖില മ്യൂറൽ ശൈലിയിൽ വരച്ച ചിത്രങ്ങൾ കാണുന്നതിന് ഒട്ടേറെ ആളുകളാണ് കുളമാവിൽ എത്തുന്നത്. ചിത്രരചനയിൽ പരിശീലനങ്ങളൊന്നും ലഭിക്കാത്ത അഖില കഴിഞ്ഞ അവധിക്കാലത്താണ് വര തുടങ്ങിയത്. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജിൽ ഒന്നാം വർഷ ബിരുദവിദ്യാർഥിയാണ് കുളമാവ് സ്വദേശിയായ അഖില.
ആദ്യമായി വീടിന്റെ ഭിത്തിയിൽ വരച്ച ചിത്രമാണ് അഖിലയിലെ കലാകാരിയെ കണ്ടെത്താനിടയാക്കിയത്. ചിത്രം കാണാൻ ഒട്ടേറെ ആളുകളെത്തി. ഇവരുടെ പ്രോത്സാഹനത്തിൽ കുളമാവ് ഐഎച്ച്ഇപി എൽപി സ്‌കൂളിൽ മറ്റൊരു ചിത്രം വരച്ചതോടെ അഖിലയെ തേടി ആളുകൾ എത്തിത്തുടങ്ങി. ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ട് ആളുകൾ തന്നെ സമീപിക്കുന്നുണ്ടെന്ന് അഖില പറഞ്ഞു. എന്നാൽ പഠനത്തോടൊപ്പം ഇത് ഒരു തൊഴിലായി നടത്താൻ സമയം കിട്ടുന്നില്ലെന്നാണ് അഖില പറയുന്നത്.
ചിത്രരചനയിൽ ഗുരുക്കൻമാരില്ല. അഖിലക്ക് 5 വയസ്സുള്ളപ്പോൾ വാഹനാപകടത്തിൽ മരിച്ച പിതാവ് നോട്ട്ബുക്കുകളിൽ വരച്ചിട്ടിരുന്ന ചിത്രങ്ങളോടുള്ള സ്നേഹമാണ് അഖിലയെ ചിത്രരചനയുടെ ലോകത്ത് എത്തിച്ചത്. ചിത്രരചന കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടെങ്കിലും ഇതിനാവശ്യമായ സാമ്പത്തികം കണ്ടെത്താൻ സാധിക്കുന്നില്ല.
മാതാവ് ഷൈലയ്ക്ക് കുളമാവ് മൃഗാശുപത്രിയിലെ സ്വീപ്പർ ജോലിയോടൊപ്പം ഹരിതകർമ സേന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുർത്തുന്നത്. ലഭിക്കുന്ന വരുമാനത്തിൽ നിന്നു ചെറിയൊരു തുക അഖിലയുടെ ചിത്രരചനയ്ക്കാവശ്യമായ പെയിന്റുകൾ വാങ്ങാനുപയോഗിക്കും. 10-ാം ക്ലാസ് വിദ്യാർഥിയായ സഹോദരൻ അഖിലേഷ് രാജേഷിന്റെ പിൻതുണയും അഖിലയ്ക്കുണ്ട്.