ഓണത്തിന് വില കിലോയ്ക്ക് 160 രൂപ; ഇപ്പോൾ 5 !!! റോഡിൽ ഉപേക്ഷിച്ച് കർഷകർ
Mail This Article
മറയൂർ ∙ തക്കാളിക്ക് വില കുറഞ്ഞു; തമിഴ്നാട്ടിൽ വിളവ് റോഡിൽ കളഞ്ഞ് കർഷകർ. ഒരു കിലോ തക്കാളിക്ക് 160 രൂപ വരെ വില എത്തിയപ്പോൾ കർഷകർക്ക് ആശ്വാസം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആർക്കും വേണ്ടാത്ത വസ്തുവായി തക്കാളി. ചന്തയിൽ വിൽപനയ്ക്ക് കൊണ്ടുപോയ തക്കാളി വില കിട്ടാത്തതിനാൽ റോഡിൽ കളഞ്ഞു മടങ്ങുകയാണ് പല കർഷകരും. കിലോയ്ക്ക് 100 – 160 രൂപ വരെ എത്തിയ തക്കാളിക്ക് ഇപ്പോൾ 5 രൂപയിൽ താഴെയാണ് വില ലഭിക്കുന്നത്.
കർഷകർക്ക് വിളവെടുത്ത് ചന്തയിൽ എത്തിക്കുന്ന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് തക്കാളി ഉപേക്ഷിച്ചു മടങ്ങുന്നത്. എന്നാൽ കർഷകരിൽ നിന്നു വാങ്ങുന്ന ഇടനിലക്കാർ മിനിറ്റുകൾക്കുള്ളിൽ ചെറുകിട കച്ചവടക്കാർക്ക് നൽകുന്നത് നൂറു രൂപയ്ക്കാണെന്നും ആക്ഷേപമുണ്ട്. ഇടനിലക്കാരാണ് തക്കാളി വില ഇടിക്കുന്നതെന്നും തക്കാളിക്കൃഷി നിലനിൽക്കണമെങ്കിൽ സർക്കാർ താങ്ങുവില നിശ്ചയിക്കണമെന്നും കർഷകർ പറയുന്നു. മറയൂർ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിലെ കുറിച്ചികോട്ട, കുമരലിംഗം, കൊളുമം, പെതപ്പംപട്ടി, തലി, നെയ്ക്കാരപട്ടി, പഴനി, ഒട്ടൻഛത്രം തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലും തക്കാളി കൃഷി ചെയ്യുന്നത്. മറ്റു വിളകൾക്കും തമിഴ്നാട്ടിൽ ഇപ്പോൾ വിലക്കുറവാണ്. എന്നാൽ അതിർത്തി കടന്ന് കേരളത്തിലെത്തുമ്പോൾ പച്ചക്കറി വിലയിൽ കാര്യമായ മാറ്റം ഉണ്ടാകാറില്ല.