ഈ കാട് കാണുന്നില്ലേ? മാസങ്ങളായെങ്കിലും വെട്ടിനീക്കാൻ ആരുമില്ല

Mail This Article
തൊടുപുഴ∙ മലങ്കര ഡാമിൽനിന്നുള്ള വലതുകര കനാൽ കടന്നുപോകുന്ന തെക്കുംഭാഗത്ത് നിർമിച്ചിരിക്കുന്ന അക്വഡക്ട് (റോഡിനു മുകളിലൂടെ ടണൽ പോലെ നിർമിച്ചിരിക്കുന്ന കനാൽ) കാടുമൂടിയിട്ടു മാസങ്ങളായെങ്കിലും ഇതു വെട്ടിനീക്കാൻ ആരുമില്ല. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കനാൽ ഇത്തരത്തിൽ ഇഞ്ച ഉൾപ്പെടെയുള്ള കാട്ടുചെടികൾ വളർന്ന് കനാലിനു തന്നെ കേടുപാടുണ്ടാകുന്ന സ്ഥിതിയാണ്. മാത്രമല്ല നേരത്തേ കനാലിനായി ജലവിഭവ വകുപ്പ് ഏറ്റെടുത്ത സ്ഥലവും വനം പോലെയായി. തൊടുപുഴ - ആനക്കയം റോഡിനോട് ചേർന്നാണ് കാട്. ഇതിനു സമീപം രണ്ടിടത്തായി യുപി സ്കൂളും ഹയർ സെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്ന നൂറു കണക്കിനു വിദ്യാർഥികളും സമീപമുള്ള ബാങ്കിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കു വരുന്നവരും നൂറു കണക്കിനു നാട്ടുകാരും ഇതിനു സമീപത്തു കൂടിയാണ് നടക്കുന്നത്.
15 സെന്റിലേറെ സ്ഥലം ഇവിടെ കാടുമൂടി കിടക്കുന്നത് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയെന്നും പരാതിയുണ്ട്. ഇതിനു സമീപത്തുകൂടി മലങ്കര ഭാഗത്തേക്ക് കനാൽ റോഡിലൂടെ പോകുന്നവർക്ക് ഇത് കൂടുതൽ അപകട ഭീഷണിയായി. മാത്രമല്ല ഇഞ്ച പോലുള്ള വള്ളിപ്പടർപ്പുകൾ കനാലിന്റെ ചുറ്റിലും വേരുപിടിച്ച നിലയിലാണ്. ഇത് കനാലിന്റെ ബലക്ഷയത്തിനു ഇടയാക്കും. ടണൽ പോലെ കോൺക്രീറ്റ് ചെയ്ത് 300 മീറ്ററോളം ഉയരത്തിൽ നിർമിച്ചിരിക്കുന്ന കനാലിന്റെ മുകളിലൂടെ മുൾച്ചെടികൾ നിറഞ്ഞതോടെ കാൽനടയായി ആളുകൾക്ക് നടക്കാനും സാധിക്കുന്നില്ല.
റോഡിന് എതിർവശത്ത് കനാലിനു താഴെ 10 സെന്റോളം സ്ഥലം ഇടവെട്ടി പഞ്ചായത്തിനു ജൈവ വൈവിധ്യ പാർക്ക് നിർമിക്കാനായി നൽകിയിട്ടുണ്ട്. മലങ്കര ഡാമിൽനിന്ന് ആരംഭിച്ച് ഇടവെട്ടി, കുമാരമംഗലം, കല്ലൂർക്കാട്, ഏനാനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന 27 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് കനാൽ. ഇതിന്റെ ഉപകനാലുകളുമുണ്ട്.