തൊടുപുഴ ന്യൂമാൻ കോളജ് വജ്ര ജൂബിലി നിറവിൽ
Mail This Article
തൊടുപുഴ ∙ മലയോര ജില്ലയായ ഇടുക്കിയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സംഭാവനകൾ നൽകിയ ന്യൂമാൻ കോളജ് അറുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വജ്രജൂബിലി ഉദ്ഘാടനം ഇന്ന് 10.30നു ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് നിർവഹിക്കും.
മികവിന്റെ കേന്ദ്രം
കോതമംഗലം രൂപതയുടെ അധീനതയിൽ 1964ൽ 400 വിദ്യാർഥികളുമായി ഒരു ജൂനിയർ കോളജ് ആയി തുടക്കം കുറിച്ച ന്യൂമാൻ ഇന്ന് രണ്ടായിരത്തിൽ പരം വിദ്യാർഥികൾ പഠനം നടത്തുന്ന ജില്ലയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. 15 ബിരുദ കോഴ്‌സുകളും 8 ബിരുദാനന്തര ബിരുദ കോഴ്‌സുകളും മൂന്ന് ഗവേഷണ കേന്ദ്രങ്ങളുമായി നാക്ക് റീ അക്രഡിറ്റേഷനിൽ എ ഗ്രേഡോടെ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജ് വിശുദ്ധ ഹെൻഡ്രി കാർഡിനൽ ന്യൂമാന്റെ നാമധേയത്തിലുള്ള ഇന്ത്യയിലെ ഏക എയ്ഡഡ് കോളജ് ആണ്.
കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ ആളുകൾ ഈ കലാലയത്തിന്റെ സംഭാവനയാണ്. തുടർച്ചയായി സർവകലാശാല തലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള കോളജിന്റെ നാഷനൽ സർവീസ് സ്കീം യൂണിറ്റ് ജൂബിലി വർഷത്തിന്റെ ഭാഗമായി 11 വീടുകൾ കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർമിക്കുന്നു. തൊടുപുഴ നഗര മധ്യത്തിൽ 26 ഏക്കറിലാണു സ്ഥിതിചെയ്യുന്നത്. ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പഠന കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു. കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ മാത്യു പോത്തനാമൂഴിയാണ് കോളജിന്റെ സ്ഥാപക രക്ഷാധികാരി. പിന്നീട് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് പുന്നാക്കോട്ടിലായിരുന്നു രക്ഷാധികാരി. ഇപ്പോൾ രൂപത അധ്യക്ഷനായ മാർ ജോർജ് മഠത്തിക്കത്തിലാണ് രക്ഷാധികാരി.