ADVERTISEMENT

രാജകുമാരി∙ കർഷകരുടെ കൈവശ ഭൂമി ഏറ്റെടുത്ത് വന വിസ്തൃതി വർധിപ്പിക്കാൻ വനം വകുപ്പ് ശ്രമിക്കുന്നുവെന്ന പരാതികളേറെയുള്ള ഉടുമ്പൻചോല താലൂക്കിൽ ആകെ എത്ര ഹെക്ടർ വനഭൂമി ഉണ്ടെന്നതിൽ വ്യക്തതയില്ലാതെ വനം വകുപ്പ്. വിവരാവകാശ നിയമ പ്രകാരം ഉടുമ്പൻചോല താലൂക്കിലെ വന വിസ്തൃതി സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യങ്ങളിൽ തങ്ങളുടെ ഓഫിസിൽ യാതാെരു വിവരങ്ങളുമില്ലെന്ന് കോട്ടയം ഡിഎഫ്ഒ മറുപടി നൽകിയത്. കോട്ടയം സിസിഎഫിന് നൽകിയ അപേക്ഷയിലാണ് ഡിഎഫ്ഒയുടെ വിചിത്ര മറുപടി. 

ഉടുമ്പൻചോല താലൂക്കിലെ വനവിസ്തൃതി, വില്ലേജ് തിരിച്ചുള്ള വനവിസ്തീർണം, ബ്ലോക്ക്, സർവേ നമ്പറുകൾ, വനത്തിന്റെ അതിരുകൾ എന്നീ വിവരങ്ങളാെന്നും വനം വകുപ്പിന്റെ പക്കലില്ല. വന ഭൂമിയെ സംബന്ധിച്ച വ്യക്തമായ വിവരങ്ങളില്ലാത്ത വനം വകുപ്പ് എങ്ങനെ വനഭൂമി സംരക്ഷിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

ആനയിറങ്കലിൽ ഉൾപ്പെടെ വനവിസ്തൃതി വർധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് വനം വകുപ്പ് വിവരങ്ങൾ മറച്ചു വയ്ക്കുന്നതെന്നും ആരോപണമുണ്ട്. കോട്ടയം ഡിഎഫ്ഒ പരിധിയിലാണ് ഉടുമ്പൻചോല വനമേഖല. ഇടുക്കി , കോട്ടയം ജില്ലകളിലെ സിസിഎഫും കോട്ടയം ഓഫീസിലാണ്.

വനംവകുപ്പിന്റെ കയ്യേറ്റം, നടപടി വൈകുന്നു

ചിന്നക്കനാൽ വില്ലേജിൽ എച്ച്എൻഎല്ലിന്റെ പാട്ടക്കാലാവധി അവസാനിച്ച ഭൂമിയിൽ വനം വകുപ്പ് നിയമവിരുദ്ധമായി ജണ്ട സ്ഥാപിച്ചെന്നും ഇത് റവന്യു ഭൂമിയായതിനാൽ തുടർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ചിന്നക്കനാൽ വില്ലേജ് ഓഫിസർ മേലുദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിൽ നടപടി വൈകുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ജൂലൈ 20 നാണ് ചിന്നക്കനാൽ വില്ലേജ് ഓഫിസർ ഉടുമ്പൻചോല എൽആർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയത്.  റിപ്പോർട്ട്  കലക്ടർക്ക് നൽകിയിട്ടുണ്ടെന്നാണ് ഉടുമ്പൻചോല എൽആർ തഹസിൽദാർ പറയുന്നത്.

 വനം, റവന്യു അധികൃതരെ പങ്കെടുപ്പിച്ച് ഹിയറിങ് നടത്തുമെന്ന് റവന്യു അധികൃതർ വ്യക്തമാക്കുമ്പോഴും നടപടികൾ വൈകുന്നുവെന്ന് ആക്ഷേപമുണ്ട്. എച്ച്എൻഎല്ലിന് യൂക്കാലിപ്റ്റസ് മരങ്ങൾ നടുന്നതിന് 20 വർഷത്തേക്ക് സർക്കാർ പാട്ടത്തിന് നൽകിയ 296.28 ഹെക്ടർ ഭൂമിയുടെ പാട്ടക്കാലാവധി 2020 ൽ അവസാനിച്ചിരുന്നു. ഇൗ ഭൂമിയിൽ വനം വകുപ്പ് അനധികൃതമായി ജണ്ട സ്ഥാപിച്ചതായി റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പാട്ടക്കാലാവധി അവസാനിച്ച സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനാണ്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com