ക്ഷേത്രത്തിൽ മോഷണം; 12,000 രൂപ നഷ്ടപ്പെട്ടു

Mail This Article
ഉപ്പുതറ∙ ലോൺട്രി ശ്രീ അമ്മേ നാരായണ ദേവീ ക്ഷേത്രത്തിന്റെ പൂട്ടു തകർത്ത് പണം കവർന്നു. ഏകദേശം 12,000 രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച ദിവസങ്ങളിൽ മാത്രമാണ് ക്ഷേത്രത്തിൽ പൂജ നടക്കുന്നത്. ഇന്നലെ ക്ഷേത്ര പരിസരത്ത് എത്തിയ മുൻ ശാന്തി പ്രധാന ഗേറ്റ് തുറന്നു കിടക്കുന്നതുകണ്ട് ഭാരവാഹികളെ വിവരം അറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി വ്യക്തമായത്.
ചൊവ്വാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഗേറ്റിന്റെ പൂട്ടും ക്ഷേത്ര ഓഫിസിന്റെ പൂട്ടും തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ ലോക്കർ തകർത്താണ് പണം കവർന്നത്. നോട്ടുകളും നാണയത്തുട്ടുകളും ക്ഷേത്ര പരിസരത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന തോർത്തു ലഭിച്ചു.
ഇടുക്കിയിൽനിന്ന് നിത്യ മോഹനന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ക്ഷേത്രാപകരണങ്ങൾക്കുണ്ടായ കേടുപാടുകൾ ഉൾപ്പെടെ 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.