ആടിവയലിൽ കൃഷിഭൂമിയിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം

Mail This Article
മറയൂർ ∙ കാന്തല്ലൂർ ആടിവയൽ പ്രദേശത്ത് കാട്ടാനകൾ ഏക്കർ കണക്കിനു ബീൻസ്, വെളുത്തുള്ളി കൃഷികൾ നശിപ്പിച്ചു. കൂടാതെ, സമീപത്തെ കർഷകർ വഴിപാട് നടത്തിവന്ന ക്ഷേത്രത്തിലെ കാവൽക്കാരന്റെ വിഗ്രഹവും തകർത്തു. വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂരിലെ ഇരുപത് ഏക്കറോളം കൃഷിഭൂമിയാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിന് താഴ്‌വശത്തുള്ള കൃഷിഭൂമികളാണ് വനാതിർത്തി കടന്നുവന്ന ആനകൾ നശിപ്പിച്ചിരിക്കുന്നത്.
ചിന്നാർ വന്യജീവി സങ്കേതം കടന്ന് ഗ്രാന്റീസ് തോട്ടത്തിലെത്തി തമ്പടിക്കുന്ന കാട്ടാനകളെ എല്ലാ വർഷവും നാട്ടുകാരാണ് തിരികെ വനത്തിലേക്ക് തുരത്തുന്നത്. കഴിഞ്ഞ വർഷം കാട്ടാനകളെ തുരത്തുന്നതിനിടെ കർഷകർക്ക് പരുക്കേറ്റിരുന്നു. ജനവാസ കേന്ദ്രങ്ങളും കടന്നാണ് മാസങ്ങളായി കാട്ടാന ഗ്രാന്റീസ് തോട്ടങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ റാപ്പിഡ് റെസ്പ്പോൺസ് ടീമിനെയും വാച്ചർമാരെയും നിയമിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.

വായ്പയെടുത്തും കുടുംബശ്രീ ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ നിന്നും കടം വാങ്ങിയുമാണ് കർഷകർ വിളവിറക്കിയിരിക്കുന്നത്. മഴ ഇല്ലാത്തതിനാൽ വളരെ പ്രയാസപ്പെട്ടാണ് വിളകൾ നനച്ചു വളർത്തിയതെന്ന് ആടിവയലിലെ കർഷകനായ എം.എസ്.ശശി പറഞ്ഞു. സമീപകാലത്തായി ഇരുപത് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയതായി കർഷകർ പറയുന്നു.