ഒരു ‘ബ്രേക്’ എടുക്കാം ‘കുണ്ടളവാലി ട്രെയിനിൽ’
Mail This Article
മൂന്നാർ ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട കരടിപ്പാറയിൽ മൂന്നാറിലെ പഴയകാല കുണ്ടളവാലി ട്രെയിൻ മാതൃകയിൽ നിർമിച്ച ടേക് എ ബ്രേക് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. ഒക്ടോബർ 15ന് കെട്ടിടം വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
1924 ലെ മഹാപ്രളയത്തിൽ തകർന്ന മൂന്നാറിലെ ബ്രിട്ടിഷുകാർ നിർമിച്ച കുണ്ടള വാലി ട്രെയിനിന്റെ ആവി എൻജിൻ മാതൃകയിലാണ് ടേക് എ ബ്രേക് സംവിധാനം നിർമിച്ചിരിക്കുന്നത്. പള്ളിവാസൽ പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് 26 ലക്ഷം രൂപ ചെലവിട്ടാണ് കരടിപ്പാറ വ്യൂ പോയിന്റിൽ കെട്ടിടം നിർമിച്ചത്. ട്രെയിനിന്റെ ആകൃതിയിലുള്ള കെട്ടിടത്തിൽ ഭക്ഷണശാല, ശുചിമുറികൾ, വാച്ച് ടവർ എന്നീ സൗകര്യങ്ങളാണുള്ളത്.
മൂന്നാർ സന്ദർശനത്തിന് എത്തുന്നവർക്ക് പണ്ട് കാലത്ത് മൂന്നാറിലുണ്ടായിരുന്ന ട്രെയിനിന്റെ ഓർമകൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത രീതിയിൽ ടേക് എ ബ്രേക് കെട്ടിടം നിർമിച്ചതെന്ന് പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി.ജി.പ്രതീഷ് കുമാർ പറഞ്ഞു.