ADVERTISEMENT

ജില്ലയിൽ മോഷണങ്ങൾ പെരുകുകയാണ്. എന്നാൽ പ്രതികളെ പിടികൂടാൻ പൊലീസിനാകുന്നില്ല. ഏലയ്ക്ക വില കൂടിയതിനാൽ ചില മോഷ്ടാക്കൾക്ക് അതാണ് ലക്ഷ്യം. ചില കള്ളന്മാർ ആളൊഴിഞ്ഞ തക്കത്തിൽ അമ്പലങ്ങളും പള്ളികളും ലക്ഷ്യമിടുന്നു. രണ്ടു മാസത്തിനിടെ ജില്ലയിൽ നടന്ന പ്രധാന മോഷണങ്ങളിലൊന്നും പൊലീസിനു പ്രതിയെ കണ്ടെത്താനായിട്ടില്ല. 

പൊലീസ് സേനയിൽ ആൾക്ഷാമം? 

തൊടുപുഴ ∙ ഓഗസ്റ്റ് 12നു മറയൂരിലെ കോട്ടക്കുളത്ത് നടന്ന മോഷണത്തിലും വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിലും പൊലീസ് പ്രതികളെ പിടികൂടിയെങ്കിലും ഒന്നാം പ്രതി കസ്റ്റഡിയിലിരിക്കെ ചാടിപ്പോയി. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ഇതിലെ ചാടിപ്പോയ പ്രതിയെ 10 ദിവസത്തിനു ശേഷം കണ്ടെത്തിയെങ്കിലും 5 പൊലീസുകാർക്കു സസ്പെൻഷൻ ലഭിച്ചു. പ്രതികളെ കസ്റ്റഡിയിൽ സംരക്ഷിക്കുന്നതിലെ വീഴ്ചയായിരുന്നു സസ്പെൻഷനു കാരണം.

ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതാണ് പ്രതി ചാടിപ്പോകാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ജില്ലയിലെ പല സ്റ്റേഷനുകളിലും ആവശ്യത്തിന് ആൾബലമില്ലെന്നു പരാതിയുണ്ട്. അതിനാൽ അന്വേഷണങ്ങൾ കാര്യമായി നടക്കുന്നില്ലെന്നാണ് ആരോപണം. മോഷണ സംഭവങ്ങളിൽ അന്വേഷണം ഇഴയാൻ പ്രധാന കാരണം ഇതാണെന്നും പറയുന്നു.

ജൂലൈ മുതൽ സെപ്റ്റംബർ വരെ നടന്ന മോഷണങ്ങൾ 

∙ ജൂലൈ 6നു സ്വരാജിലെ ബേക്കറി കുത്തിത്തുറന്ന് 16,000 രൂപ മോഷ്ടിച്ചു. 2000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടു. സമീപത്തെ പലചരക്ക് - പച്ചക്കറി കടയിലും സ്‌റ്റേഷനറിക്കടയിലും മോഷണശ്രമം.

∙ ജൂലൈ 16നു രാത്രി വെള്ളിലാംകണ്ടത്ത് പതിപ്പള്ളിൽ അപ്പച്ചന്റെ വീട് കുത്തിത്തുറന്ന് 8 പവൻ സ്വർണാഭരണങ്ങളും 16,000 രൂപയും കവർന്നു.

  • ജൂലൈ 24നു നെടുങ്കണ്ടം കൂട്ടാറിലും തേഡ് ക്യാംപിലും ട്രാൻസ്ഫോമറിൽ നിന്നുള്ള ലൈനുകൾ ഓഫ് ചെയ്ത് സമീപത്തെ സ്ഥാപനത്തിൽ മോഷണം. പൊടി ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ഇരുമ്പ് പണപ്പെട്ടിയുമായാണ് കള്ളൻ കടന്നത്. മഴയുടെ മറവിൽ മൂടിപ്പുതച്ച് റോഡിലൂടെ നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. മോഷണത്തിനു മുന്നോടിയായി ട്രാൻസ്ഫോമറിൽ നിന്നു ലൈനുകളിലേക്ക് വൈദ്യുതി കടന്നുപോകുന്ന ലിങ്ക് സംവിധാനം ഓഫ് ചെയ്തിരുന്നു. 
  • ജൂലൈ 30നു രാത്രി കട്ടപ്പന ആനകുത്തിയിൽ തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഏലം സ്റ്റോർ കുത്തിത്തുറന്ന് 300 കിലോ ഉണക്ക ഏലയ്ക്ക കവർന്നു. ഇതിന് ഏകദേശം 5 ലക്ഷം രൂപ വിലവരും. 
  • ഓഗസ്റ്റ് 2നു കാഞ്ചിയാർ പഞ്ചായത്തിലെ വെങ്ങാലൂർക്കട മേഖലയിലെ 5 വീടുകളിൽ മോഷണശ്രമം. 
  • ഓഗസ്റ്റ് 23നു നെടുങ്കണ്ടത്ത് നിർമാണത്തിലിരിക്കുന്ന താന്നിമൂട് പാലത്തിനായി എത്തിച്ച ഇരുമ്പുകമ്പികൾ മോഷണം പോയി. പുലർച്ചെയാണ് മോഷണം നടന്നത്. പാലത്തിന്റെ സമീപത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ നേർച്ചപ്പെട്ടി കണ്ടെത്തി. 
  • സെപ്റ്റംബർ 9നു മൂന്നാറിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷണം പോയതായി പരാതി. പോതമേട് കോളനി സ്വദേശി വിജയ രവിരാജിന്റെ പണമാണ് നഷ്ടമായത്. വീട്ടിനുള്ളിലെ മെത്തയ്ക്കടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. 
  • 17നു പെരിയാമ്പ്ര കൈപ്പിള്ളിക്കാവ് ശ്രീദുർഗാ ദേവീ ക്ഷേത്രത്തിൽ പുലർച്ചെ ക്ഷേത്രത്തിന്റെ മുൻവാതിൽ തകർത്ത് 5,000 രൂപയോളം കവർന്നു. ഇരുമ്പു പാര ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് മോഷണം നടത്തിയത്. ഇതിനു മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്.
  • 19നു രാത്രി ഉപ്പുതറ ലോൺട്രി ശ്രീ അമ്മേ നാരായണ ദേവീ ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് ഏകദേശം 12,000 രൂപ കവർന്നു. 
  • 22നു പകൽ മുട്ടം പുളിക്കാട്ട് രാജു മാത്യുവിന്റെ വീട് കുത്തിത്തുറന്ന് 8 പവൻ സ്വർണവും 77 ഗ്രാം വെള്ളിയും 5000 രൂപയും മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല.
  • 23നു പുലർച്ചെ മാട്ടുക്കട്ടയിലെ സ്റ്റേഷനറിക്കട കുത്തിത്തുറന്ന് 2000 രൂപയോളം കവർച്ച. ഈ രണ്ടു കടകളിലും സിസിടിവികൾ ഉണ്ടായിരുന്നെങ്കിലും തല ഉൾപ്പെടെ മറച്ചെത്തിയ മോഷ്ടാവിനെ തിരിച്ചറിയാനായിട്ടില്ല. 

∙ 23നു രാത്രി ഉപ്പുതറ കരിന്തരുവി ശ്രീകൃഷ്ണ - ഭദ്രാദേവി ക്ഷേത്രത്തിന്റെ ഓഫിസിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

∙ 24നു പുലർച്ചെ 2.45നു നരിയമ്പാറ മീൻതത്തിയിൽ സൈജു ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് - പച്ചക്കറി കട കുത്തിത്തുറന്ന് ഒരുലക്ഷത്തോളം രൂപ കവർന്നു. 

∙ 25നു പുല‍ർച്ചെ പൂമാല ഉമാമഹേശ്വര ക്ഷേത്രത്തിലെ ഭണ്ഡാരക്കുറ്റി പൊളിച്ച് മോഷണം നടത്തി. മോഷ്ടാവ് ക്ഷേത്രത്തിനകത്തെ മറ്റൊരു ഭണ്ഡാരക്കുറ്റിയും തുറക്കാൻ ശ്രമം നടത്തി.

മാട്ടുപ്പെട്ടി ജലാശയത്തിലെ ഇ-ബോട്ട് പരീക്ഷണ ഓട്ടം വിജയം 

മൂന്നാർ ∙ മാട്ടുപ്പെട്ടി ജലാശയത്തിൽ നടത്തിയ ഇ-ബോട്ട് പരീക്ഷണ ഓട്ടം വിജയമെന്ന് ഹൈഡൽ ടൂറിസം അധികൃതർ. പദ്ധതി വിജയമായതോടെ ഒരു മാസത്തിനുള്ളിൽ 20 പേർക്ക് സഞ്ചരിക്കാവുന്ന ഫാമിലി ഇലക്ട്രിക് ബോട്ട് ഓടിത്തുടങ്ങും. ഇ-ബോട്ടിലുപയോഗിക്കുന്ന ബാറ്ററി സോളർ വഴി ചാർജ് ചെയ്യാൻ കഴിയുമോ എന്ന പരീക്ഷണമാണ് നിലവിൽ നടത്തുന്നത്. പദ്ധതി വിജയിച്ചാൽ പൂർണ സമയവും സൗരോർജം ഉപയോഗിച്ച് ബോട്ട് ഓടിക്കാൻ കഴിയും. 

ജർമനിയിൽ നിന്നെത്തിച്ച ബാറ്ററിയും ഓസ്ട്രിയയിൽ നിന്നെത്തിച്ച എൻജിനും ഘടിപ്പിച്ച ഇ-ബോട്ട് (വൈദ്യുത ബോട്ട്) കഴിഞ്ഞ ജൂലൈ 25നാണ് മാട്ടുപ്പെട്ടി ജലാശയത്തിൽ പരീക്ഷണ ഓട്ടം നടത്തിയത്. വന്യമൃഗങ്ങൾക്ക് ശല്യമാകുന്ന ശബ്ദമലിനീകരണം, ഡീസൽ ഉപയോഗം മൂലമുള്ള അന്തരീക്ഷ മലിനീകരണം എന്നിവ ഇല്ലാതാക്കി മാട്ടുപ്പെട്ടി ജലാശയത്തിലെ ബോട്ടിങ് പൂർണമായി പരിസ്ഥിതി സൗഹാർദപരമാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി വിജയമായതോടെ മാട്ടുപ്പെട്ടിയിലെ മുഴുവൻ ബോട്ടുകളും ഭാവിയിൽ ഇ-ബോട്ടുകളാക്കാനാണ് ഹൈഡൽ ടൂറിസം അധികൃതരുടെ തീരുമാനം. ബോട്ടുകളുടെ അമിത ശബ്ദം ആനകളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നുവെന്ന കാരണം പറഞ്ഞ് ഹൈക്കോടതി ആനയിറങ്കലിലെ ബോട്ട് സവാരി നിരോധിച്ചിരുന്നു. ആനകളുടെ വിഹാരകേന്ദ്രമായ മാട്ടുപ്പെട്ടിയിലും സമാന സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഇ-ബോട്ട് സംവിധാനത്തിലേക്ക് മാറാൻ അധികൃതർ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com