മൂന്നാറിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 12 പവൻ മോഷണംപോയി
Mail This Article
മൂന്നാർ ∙ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നു 12 പവൻ സ്വർണാഭരണങ്ങളും 2000 രൂപയും മോഷണം പോയി. കണ്ണൻദേവൻ കമ്പനിയുടെ റീജനൽ ഓഫിസിലെ ജീവനക്കാരൻ സുബിൻ രാജിന്റെ പഴയ മൂന്നാർ വർക്സ് ഷോപ്പ് ക്ലബ്ബിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്. ചൊവ്വ വൈകിട്ടാണ് സംഭവം നടന്നത്. അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് അറുത്തുമാറ്റി അകത്തു കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു.
ഗവ. ബൊട്ടാണിക്കൽ ഗാർഡനിലെ ജോലിക്കാരിയാണ് സുബിന്റെ ഭാര്യ. ഇരുവരും ജോലി കഴിഞ്ഞ്, സ്കൂൾ വിട്ടുവന്ന മകളുമായി ടൗണിലെത്തി സാധനങ്ങൾ വാങ്ങിയ ശേഷം ഏഴു മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായയും എത്തിയിരുന്നു.