സംസ്കാര ശുശ്രൂഷയ്ക്കിടെ പെരുന്തേനീച്ചകൾ ഇളകി; പരിഭ്രാന്തരായി ജനം ഓടി, ഒട്ടേറെ പേർക്ക് കുത്തേറ്റു

Mail This Article
വെള്ളാരംകുന്ന് ∙ സംസ്കാര ശുശ്രൂഷയ്ക്കിടെ, പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയിരുന്ന പെരുന്തേനീച്ചകൾ ഇളകി. നിരവധി പേർക്ക് ഈച്ചയുടെ കുത്തേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സംഭവം. കലവനാൽ കെ.എം.ജോസഫിന്റെ (88) സംസ്കാരച്ചടങ്ങാണ് പള്ളിയിൽ നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പറന്നെത്തിയ പക്ഷി പള്ളിയുടെ മുഖവാരത്തിലെ പെരുന്തേനീച്ച കൂട്ടിൽ ഇടിച്ചതാണ് ഈച്ച ഇളകാൻ കാരണം.
പരിഭ്രാന്തരായി ഓടിയ ജനം പള്ളിക്കകത്തും വാഹനങ്ങളിലും അഭയം പ്രാപിച്ചു. പള്ളി അടച്ചിട്ട് പള്ളിക്കകത്തു വച്ചു തന്നെ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം കല്ലറയിലേക്കു കൊണ്ടുപോയി. മരിച്ച ആളുടെ ബന്ധുക്കൾക്ക് ഉൾപ്പെടെ ഈച്ചയുടെ കുത്തേറ്റു. ഇവരെല്ലാം വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. പള്ളിയോട് ചേർന്നുള്ള നഴ്സറി സ്കൂളിൽ അൻപതോളം കുട്ടികൾ ഈ സമയത്ത് ഉണ്ടായിരുന്നു. അധ്യാപകരുടെ അവസരോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്. പള്ളി വികാരി ഫാ. തോമസ് തെക്കേമുറിയിൽ, പഞ്ചായത്തംഗം റോബിൻ കാരയ്ക്കാട്ട്, മുൻ പഞ്ചായത്തംഗം ബിനോയി കുര്യൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.