റോഡിൽ 3 മീറ്റർ അകലെ ഒറ്റയാൻ; ബൈക്കിലെത്തിയ ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
മറയൂർ∙ കാന്തല്ലൂരിലേക്കുള്ള വിനോദസഞ്ചാര യാത്രയ്ക്കിടെ ദമ്പതികളെ ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചു. ബൈക്ക് യാത്രക്കാരായ തമിഴ്നാട് കോയമ്പത്തൂർ കിനത്തകടവ് സ്വദേശികളായ പ്രേംകുമാർ– രഞ്ജിത ദമ്പതികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. മറയൂർ കാന്തല്ലൂർ റോഡിൽ വെട്ടുകാട്ടിലാണ് ഒറ്റയാൻ നടുറോഡിൽ നിലയുറപ്പിച്ചത്. ദമ്പതികളായ ബൈക്ക് യാത്രക്കാർ കയറ്റം കയറി വരുന്നതിനിടയിൽ ഒരു വശത്തുനിന്ന് ഒറ്റയാനും കയറി വന്നു.
ഉടൻതന്നെ ബൈക്ക് വെട്ടിച്ച് തിരിക്കുമ്പോഴേക്കും ഇവരുടെ 3 മീറ്റർ അകലെ വരെ ഒറ്റയാൻ എത്തി. ഇതിനിടയിൽ വണ്ടി തിരിച്ച് ദമ്പതികൾ രക്ഷപ്പെട്ടതോടെ ആന അരമണിക്കൂറോളം റോഡിൽ തന്നെ നിലയുറപ്പിച്ചു. ഇതോടെ ഇരുവശങ്ങളിലും വാഹനങ്ങൾ കുടുങ്ങി. അവധി ദിവസമായതിനാൽ കൂടുതലും വഴി പരിചയമില്ലാത്ത വിനോദസഞ്ചാരികളുടെ വാഹനമായിരുന്നു റോഡുകളിൽ. ഇത് വാഹനഗതാഗതം സ്തംഭിച്ചതും ഒറ്റയാൻ നിലയുറപ്പിച്ചതും ഭീതിയിലാഴ്ത്തി. പിന്നീട് ഒരു ജീപ്പ് മുന്നിലെത്തിയപ്പോൾ ഒറ്റയാൻ കാട്ടിലേക്കു കയറുകയായിരുന്നു.