ADVERTISEMENT

ഉടുമ്പന്നൂർ ∙മൂലമറ്റം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 220  ലീറ്റർ കോടയും 9 ലീറ്റർ നാടൻ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. രണ്ടു പേർ അറസ്റ്റിലായി.മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.അഭിലാഷും സംഘവും പെരിങ്ങാശ്ശേരി, മൂലേക്കാട്  ഭാഗത്തു നടത്തിയ  പരിശോധനയിലാണ് പെരിങ്ങാശ്ശേരി  മണത്തോട്ടത്തിൽ ബൈജു കുമാർ, കൂട്ടാളി പാലയ്ക്കപ്ലാക്കൽ വീട്ടിൽ ആനന്ദ് എന്നിവർ അറസ്റ്റിലായത്. ഇവരുടെ പാർട്നർഷിപ് വാറ്റു കേന്ദ്രവും കണ്ടെത്തി. ഉപ്പുകുന്ന് , പെരിങ്ങാശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച്  വാറ്റു ചാരായ വിൽപന നടക്കുന്നുണ്ടെന്ന എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ  റെയ്ഡിലാണ് താന്നിയ്ക്കപ്പടി - താഴെ മൂലേക്കാട് റോഡിനരികെ പഞ്ചായത്തു  കുളത്തിനടുത്തു വെള്ളചാട്ടത്തിന് സമീപത്തെ വാറ്റുകേന്ദ്രം കണ്ടെത്തിയത്. 

ലോട്ടറി കച്ചവടത്തിന്റെ മറവിലായിരുന്നു നാട്ടുകാരനായ ബൈജു കുമാറിന്റെ ചാരായ വിൽപനയെന്ന് എക്സൈസ്‌ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കുപ്പി കുറഞ്ഞ മദ്യത്തിന് 640 രൂപ കൊടുക്കേണ്ടി വരുമ്പോൾ ഒരു ലീറ്റർ വാറ്റ് 600 രൂപയ്ക്കാണ് വിറ്റിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേരളത്തിൽ നിരോധിച്ച ചാരായം ഉണ്ടാക്കുന്നതും വാറ്റാൻ  കോട സൂക്ഷിക്കുന്നതും 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന  കുറ്റമാണ്.  

റെയ്ഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ജി. കിഷോർ ,പ്രിവന്റീവ് ഓഫിസർമാരായ കുഞ്ഞുമുഹമ്മദ്, സാവിച്ചൻ മാത്യു, കെ.കെ. സജീവ്, എൻ. ര​ഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർ ചാൾസ് എഡ്വിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ടി. സുമീന, എക്സൈസ് ഡ്രൈവർ സിനിൽ കുമാർ എന്നിവർ പങ്കെടുത്തു. മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപന്നങ്ങൾ സംബന്ധിച്ച പരാതികൾ 04862276566 ,9400069543 എന്നീ നമ്പറുകളിൽ അറിയിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com