ADVERTISEMENT

ചെറുതോണി∙ ഇടുക്കി താലൂക്ക് സഭയിൽ പൊലീസ്, എക്സൈസ്, ആർടി വകുപ്പുകൾക്കെതിരെ ശക്തമായ പ്രതിഷേധം. ജില്ലാ ആസ്ഥാന മേഖലകളിൽ മദ്യം, മയക്കുമരുന്ന്, പരസ്യമായ പുകവലി എന്നിവ വ്യാപകമായിട്ടും ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കുന്നില്ലെന്നു അംഗങ്ങൾ തുറന്നടിച്ചു. മണിയാറൻകുടി, മരിയാപുരം, അശോക കവല തുടങ്ങിയ മേഖലകളിൽ ചില കടകൾ കേന്ദ്രീകരിച്ച് മദ്യം ചില്ലറ വിൽപന തകൃതിയായിട്ടും യാതൊരു നടപടിയുമില്ല. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരം കേന്ദ്രങ്ങളിലെ വിൽപനയെന്നും അംഗങ്ങൾ പറഞ്ഞു. 

സ്കൂളുകൾക്കു സമീപം ലഹരി വസ്തുക്കൾ പരസ്യമായി വിൽപന നടത്തുന്നുണ്ടെന്നും കുട്ടികൾ ഇതു വാങ്ങി പരസ്യമായി ഉപയോഗിക്കുന്നുണ്ടെന്നും പരാതി ഉയർന്നു. പൊതു സ്ഥാപനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പരസ്യ പുകവലിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു വനിതാ അംഗങ്ങളുടെ ആവശ്യം. തുടർന്ന് ഇത്തരം കേന്ദ്രങ്ങളിൽ പതിവായി പരിശോധന നടത്തി കേസ് എടുക്കണമെന്നും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സ്കൂളുകളിലും കോളജുകളിലും ബോധവൽക്കരണ ക്ലാസുകൾ നടത്തണമെന്നും തഹസിൽദാർ നിർദേശിച്ചു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷയായിരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, തഹസിൽദാർ ഡിക്സി ഫ്രാൻസിസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മറ്റു തീരുമാനങ്ങൾ
∙ ചെറുതോണി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആർടിഒ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കാത്തതിൽ അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തി. ടൗണിൽ മൂന്നിടത്ത് ബോർഡുകൾ സ്ഥാപിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. ഇതിനെതിരെ വീണ്ടും ആർടിഒക്ക് കത്തു നൽകാൻ യോഗം തീരുമാനിച്ചു. 
∙ വാഴത്തോപ്പ് പഞ്ചായത്തിലെ കെഎസ്ഇബി കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാട്ടുപന്നി ശല്യം തടയുന്നതിനു ലൈസൻസുള്ള കർഷകർ അപേക്ഷ നൽകിയാൽ ഉടൻ തന്നെ അനുവാദം       നൽകുമെന്ന് പ്രസിഡന്റ് ജോർജ് പോൾ അറിയിച്ചു. 
∙ ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിൽ നൽകിയ പട്ടയങ്ങൾ സംബന്ധിച്ച് നടത്തിയ പുനരന്വേഷണം ഇടുക്കി വില്ലേജിൽ പൂർത്തിയായതായും കഞ്ഞിക്കുഴിയിലെ പട്ടയങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും തഹസിൽദാർ പറഞ്ഞു. പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയിട്ടുണ്ട്. നോട്ടിസ് നൽകിയതിലും തീയതികളിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂർത്തിയായ ഫയലുകൾ കലക്ടർക്കു നൽകി. കലക്ടറുടെ നിർദേശ പ്രകാരം തുടർനടപടികൾ ഉണ്ടാകുമെന്നും തഹസിൽദാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com