ADVERTISEMENT

മറയൂർ ∙ കഴിഞ്ഞ ദിവസം രാത്രി മറയൂർ – ചിന്നാർ റോഡിൽ ജെല്ലിമല ഭാഗത്ത് ഗതാഗതം തടസ്സപ്പെടുത്തി ‘ഒന്നരക്കൊമ്പൻ’ കാട്ടാന. 8 മാസം മുൻപ് പുതുക്കോട്ട സ്വദേശി അക്ബർ അലിയെ (54) ഈ ഭാഗത്തു വച്ചു കുത്തിക്കൊന്നതിനു ശേഷം അപ്രത്യക്ഷനായ കൊമ്പൻ വീണ്ടും ഇപ്പോഴാണ് റോഡിൽ എത്തിത്തുടങ്ങിയത്. മറയൂർ – ചിന്നാർ റോഡ് ഒരുവശം കൊക്കയിലേക്കുള്ള ചെരിവും മറുവശം ചെങ്കുത്തായ മലയുമാണ്. കൂടാതെ സംസ്ഥാനാന്തര പാത എന്ന പേരാണെങ്കിലും വീതി കുറഞ്ഞ റോഡാണ്. റോഡിലിറങ്ങുന്ന ഒന്നരക്കൊമ്പൻ വാഹനങ്ങൾക്കു സൈഡ് കൊടുക്കാതെ നടുറോഡിലൂടെ നടന്നു പോകുന്നതാണ് ഗതാഗത തടസ്സത്തിനു കാരണം. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ റോഡിലിറങ്ങിയ ഒന്നരക്കൊമ്പൻ ഒന്നര മണിക്കൂറിനു ശേഷമാണ് ഒരു വശത്തു കൂടി കയറിപ്പോയത്. ഈ സമയത്ത് ഇതുവഴി വന്ന വാഹനങ്ങളെല്ലാം തടഞ്ഞു. ചിന്നാർ വന്യജീവി സങ്കേതത്തിലെ അധികൃതരെത്തിയാണ് വനത്തിനുള്ളിലേക്ക് കടത്തിവിട്ടത്.

വള്ളക്കടവിൽ വീണ്ടും കാട്ടാനശല്യം
വണ്ടിപ്പെരിയാർ ∙ ഇടവേളയ്ക്കു ശേഷം വള്ളക്കടവിൽ വീണ്ടും കാട്ടാനശല്യം. ബുധൻ രാത്രി കനത്ത മഴയ്ക്കിടെയാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ എത്തിയത്. ഏക്കറുകണക്കിനു സ്ഥലത്തെ വാഴക്കൃഷി നശിപ്പിച്ചു. മുള്ളുപറമ്പിൽ ബാബുവിന്റെ പുരയിടത്തിലാണ് കാട്ടാനക്കൂട്ടം കൂടുതൽ നാശം വിതച്ചത്. കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ ഇറങ്ങിയ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി വെടിശബ്ദം കേൾപ്പിച്ചു. പിന്നാലെ ഇവ തിരികെ മടങ്ങി. മടങ്ങിപ്പോകുന്നതിനിടെ വനപാലകരുടെ വാഹനത്തിനു നഷ്ടം വരുത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com