ADVERTISEMENT

കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ നിരീക്ഷണത്തിനു പോകാൻ മാർഗമില്ലാതെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ. ജീപ്പ് കാലപ്പഴക്കം മൂലം കേടായതാണു പ്രശ്നം. ഇത് ഇപ്പോൾ കുമളിയിൽ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിന്റെ പാർക്കിങ് സ്ഥലത്ത് തുരുമ്പെടുക്കുന്നു. കട്ടപ്പന ഡിവിഷനിൽ എക്സിക്യൂട്ടീവ് എൻജിനീയർക്ക് അനുവദിച്ചിരിക്കുന്ന വാഹനമാണ് ഇപ്പോൾ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുന്നത്. ജനുവരിയിൽ ഈ വാഹനത്തിന് 15 വർഷം പഴക്കമാകും. അതോടെ അതും ഉപയോഗിക്കാൻ പറ്റാതാകും. വനംവകുപ്പിന്റെ ബോട്ടാണ് മറ്റൊരു ആശ്രയം. പക്ഷേ സ്ഥിരമായി ബോട്ട് വിട്ടുകൊടുക്കാൻ വനംവകുപ്പിനു സാങ്കേതിക തടസ്സങ്ങളുണ്ട്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുമ്പോൾ 24 മണിക്കൂറും അണക്കെട്ടിൽ നിരീക്ഷണത്തിന് ഉദ്യോഗസ്ഥർ ഉണ്ടാകണമെന്നാണു ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം. എന്നാൽ ഇവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ആരും ശ്രദ്ധിക്കാറില്ല. ഇപ്പോൾ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ അണക്കെട്ടിൽ 2 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂർ ഡ്യൂട്ടി കഴിയുമ്പോൾ ഇവരെ തിരികെ കൊണ്ടുവരാനും പുതിയ 2 പേരെ ഡ്യൂട്ടിക്കു നിയോഗിക്കാനും വാഹനം മുല്ലപ്പെരിയാർ എത്തിയേ മതിയാകൂ. മൈനർ ഇറിഗേഷൻ വിഭാഗത്തിന് ഇടുക്കിയിൽ 3 വാഹനങ്ങളാണ് ആകെയുള്ളത്. ഇതിൽ 2 വാഹനങ്ങളും ഉപേക്ഷിച്ചു. ബാക്കിയുള്ള ഒന്നിന്റെ കാലാവധി ജനുവരിയിൽ തീരും.

കത്ത് എഴുതിയിട്ടും നടപടിയില്ല
മുല്ലപ്പെരിയാർ സെക്‌ഷന് വാഹനം അനുവദിക്കണം എന്നാവശ്യപ്പെട്ട് പല തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥർക്ക് കത്തയച്ചിട്ടും അനുകൂല നിലപാട് ഉണ്ടായില്ല. വാഹനം കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാനാണ് നിർദേശം ലഭിച്ചത്. 2 തവണ ടെൻഡർ ചെയ്തിട്ടും കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ നൽകാൻ ആരും തയാറായില്ല. ഇനി എന്തു ചെയ്യും എന്നറിയാതെ ഉദ്യോഗസ്ഥരും വിഷമത്തിലാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്താൻ 2 മാർഗങ്ങളാണുള്ളത്. തേക്കടിയിൽ നിന്നു ബോട്ട് മാർഗമാണ് ആദ്യത്തേത്. ജലവിഭവ വകുപ്പിനു ബോട്ട് സ്വന്തമായി ഇല്ലാത്തതിനാൽ വനംവകുപ്പ് കനിഞ്ഞാൽ മാത്രമാണ് ഈ മാർഗം സാധ്യമാകുക. വണ്ടിപ്പെരിയാർ, വള്ളക്കടവ് വഴി വനത്തിലൂടെ ജീപ്പിൽ എത്തുക എന്നതാണു രണ്ടാമത്തെ മാർഗം.

ഭക്ഷണം പൊലീസ് വക
അണക്കെട്ടിൽജലവിഭവ ഉദ്യോഗസ്ഥർക്കു ഭക്ഷണം കേരള പൊലീസ് വക. പൊലീസ് മെസിൽ നിന്ന് ഒരാൾക്കു ദിവസം 110 രൂപ നൽകിയാണ് ഉദ്യോഗസ്ഥർ ഈ സൗകര്യം ഉപയോഗിക്കുന്നത്. ജലവിഭവ വകുപ്പിന് 2 കിടക്കകളുള്ള ഒരു മുറി മാത്രമാണ് മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം തമിഴ്നാട് നൽകിയിരിക്കുന്നത്. ഇവിടെ ഭക്ഷണം പാകം ചെയ്യാൻ സൗകര്യമില്ല. അതിനാലാണ് പൊലീസിനെ ആശ്രയിക്കേണ്ടി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com