ADVERTISEMENT

രാജകുമാരി∙ കട്ടപ്പനയിൽ നിന്നു രാജകുമാരിയിലേക്കു സർവീസ് നടത്തുന്ന സെന്റ് ജോസഫ് ബസ് ഞായറാഴ്ച വൈകുന്നേരം യാത്രക്കാരെയാെന്നും കയറ്റാതെ വേഗത്തിൽ രാജകുമാരിയിലെത്തിയത് ഒരു കുഞ്ഞിന് വേണ്ടി. മധ്യപ്രദേശ് സ്വദേശികളായ ധ്യാൻസിങ്, അമരാവതി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ ക്രിസ്റ്റിക്ക് വേണ്ടി മാത്രം. നെടുങ്കണ്ടത്തു നിന്ന് രാജകുമാരിക്കാണ് ഇവർ ടിക്കറ്റെടുത്തത്. മാങ്ങാത്താെട്ടിക്ക് സമീപം വച്ച് കുഞ്ഞിന് വിറയൽ അനുഭവപ്പെട്ടു.

കുട്ടിയുടെ മാതാപിതാക്കളും ബസിലെ മറ്റ് യാത്രക്കാരുമാെക്കെ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. പക്ഷേ ഇനി ബസ് ആശുപത്രിയിലെത്തിയ ശേഷം മാത്രം നിർത്തിയാൽ മതിയെന്ന് ബസ് ഡ്രൈവർ ടോബിൻ തോമസും കണ്ടക്ടർ കെ.ആർ.പ്രവീണും തീരുമാനിച്ചു. വഴിയിൽ കൈ കാണിച്ചവരെയാെന്നും കയറ്റാതെ ബസ് വേഗത്തിൽ ഓടിയെത്തിയത് രാജകുമാരി ദേവമാതാ ആശുപത്രിയിലേക്ക്. 

5 കിലോമീറ്ററിനിടയിൽ ഇറങ്ങേണ്ട ചില യാത്രക്കാരും ബസിലുണ്ടായിരുന്നു. തങ്ങളുടെ സമയത്തെക്കാൾ വിലപ്പെട്ടത് ഒരു കുഞ്ഞിന്റെ ജീവനാണെന്നു ബോധ്യമുണ്ടായിരുന്ന അവരാെക്കെ രാജകുമാരിയിലെ ആശുപത്രിയിലെത്തിയ ശേഷമാണ് ബസിൽ നിന്ന് ഇറങ്ങിയത്. പനി കൂടി ഫിറ്റ്സ് ആയതാണ് കുഞ്ഞിനെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടിയുടെ നിലമെച്ചപ്പെട്ട ശേഷം ഇവർ ആശുപത്രിയിൽനിന്ന് മടങ്ങി. 

മധ്യപ്രദേശിൽ നിന്ന് ഏതാനും ദിവസം മുൻപാണ് താെഴിൽ തേടി ധ്യാൻസിംങും കുടുംബവും നെടുങ്കണ്ടത്ത് എത്തിയത്. കയ്യിൽ പണമില്ലാത്തതിനാൽ ആശുപത്രി ജീവനക്കാരാണ് ഇവർക്കു ഭക്ഷണം വാങ്ങി നൽകിയത്. ഭാഷയ്ക്കും ദേശത്തിനുമപ്പുറമുള്ള മനുഷ്യത്വത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് ഇൗ കുടുംബം. ഒന്നര വർഷത്തോളമായി സ്വകാര്യ ബസിലെ ജീവനക്കാരായ ടോബിനും പ്രവീണും ഏതാനും ആഴ്ച മുൻപാണ് കട്ടപ്പന, നെടുങ്കണ്ടം, രാജകുമാരി റൂട്ടിലോടുന്ന സെന്റ് ജോസഫ് ബസിൽ ജീവനക്കാരായി എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com