അരിക്കൊമ്പന് പുതിയ കാട് കിട്ടിയിട്ടും ആനയിറങ്കലിലെ ബോട്ടിങ് പുനരാരംഭിച്ചില്ല; ഹൈഡൽ ടൂറിസത്തിന് ദിനംപ്രതി നഷ്ടം ലക്ഷങ്ങൾ
Mail This Article
രാജകുമാരി ∙ അരിക്കാെമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശമനുസരിച്ച് ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചിട്ട് നാലര മാസം പിന്നിട്ടു. ബോട്ടിങ് പുനരാരംഭിക്കുന്നതിൽ വിദഗ്ധ സമിതിയും കോടതിയും അന്തിമ തീരുമാനമെടുക്കാത്തത് മൂലം ഹൈഡൽ ടൂറിസം വിഭാഗത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ ദിവസവും സംഭവിക്കുന്നത്. കഴിഞ്ഞ ജൂലൈ 14 ന് ആണ് ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിരോധിച്ചത്. മേഖലയിലെ കാട്ടാനകളുടെ സ്വൈരവിഹാരത്തിന് ബോട്ടിങ് വിഘാതം സൃഷ്ടിക്കുന്നുവെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബോട്ടിങ് നിർത്തി വയ്ക്കാൻ ഹൈഡൽ ടൂറിസം വിഭാഗത്തിന് കോടതി നിർദേശം നൽകിയത്. ഏപ്രിൽ 29 ന് അരിക്കാെമ്പനെ മയക്കുവെടി വച്ച് പിടികൂടി കാട് മാറ്റി രണ്ടര മാസം കഴിഞ്ഞാണ് ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് നിരോധിച്ചത്. അതിന് ശേഷം പല തവണ ഹൈക്കോടതിയുടെ പരിഗണനയിൽ ഇൗ കേസ് വന്നെങ്കിലും ബോട്ടിങ് പുനരാരംഭിക്കുന്നതിൽ തീരുമാനമായില്ല.
ശബ്ദരഹിത ബോട്ടുകളുടെ ഉപയോഗം, ബോട്ട് സവാരിയുടെ ദൂരപരിധി കുറയ്ക്കുക, വാഹന പാർക്കിങ് മറ്റാെരിടത്തേക്ക് മാറ്റുക തുടങ്ങിയ നിർദേശങ്ങളിൽ കോടതി ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ നിലപാട് തേടിയിരുന്നു. ബോട്ടുകൾ ശബ്ദരഹിതമാക്കുന്നതിൽ ഹൈഡൽ ടൂറിസം വിഭാഗം അനുകൂല നിലപാടാണ് കോടതിയെ അറിയിച്ചത്. ജലാശയത്തിന്റെ 10% സ്ഥലം മാത്രമാണ് നിലവിൽ ബോട്ടിങ്ങിന് ഉപയോഗിക്കുന്നതെന്നും ഹൈഡൽ വിഭാഗത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആനയിറങ്കൽ സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ മറ്റാെരു സ്ഥലത്ത് പാർക്ക് ചെയ്യുന്നത് അപ്രായോഗികമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം നഷ്ടം ഒരു ലക്ഷം
ബോട്ടിങ് നിർത്തിയതോടെ ആനയിറങ്കൽ ജലാശയം സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചെന്ന് ഹൈഡൽ ടൂറിസം അധികൃതർ വ്യക്തമാക്കുന്നു. പ്രതിദിനം 150 പേരാണ് നിലവിൽ ഇവിടെയെത്തുന്നത്. അവധി ദിവസങ്ങളിൽ 300 പേർ വരെ വരാറുണ്ട്. ബോട്ടിങ് ഉണ്ടായിരുന്നപ്പോൾ ഇതിന്റെ നാലിരട്ടി സന്ദർശകരാണ് ആനയിറങ്കലിലേക്ക് വന്നിരുന്നത്. അവധി ദിവസങ്ങളിൽ ഒരു ദിവസം ഒരു ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ പകുതി പോലും ലഭിക്കുന്നില്ല. 40 രൂപയാണ് ഒരാൾക്ക് പ്രവേശന ഫീസ് ഇൗടാക്കുന്നത്.