ADVERTISEMENT

ചെറുതോണി ∙ ജില്ലയിൽ വിനോദ സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സന്ദർശകരെ നിരോധിച്ചിട്ടു മൂന്നുമാസം പിന്നിട്ടും തുറക്കാൻ നടപടിയായില്ല. ഇടുക്കിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്ന ക്രിസ്മസ് – പുതുവത്സര സീസൺ പടിവാതിൽക്കൽ എത്തിയിട്ടും സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധം വ്യാപകമാണ്. സന്ദർശനം നിരോധിച്ചതറിയാതെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഇടുക്കിയിൽ എത്തുന്ന സന്ദർശകർ ഇപ്പോൾ നിരാശരായി മടങ്ങുകയാണ്. 

പൂജാ അവധിക്കും ദീപാവലിക്കും ഒട്ടേറെ സന്ദർശകരാണ് ഇത്തരത്തിൽ ഇടുക്കിയിലെത്തി അണക്കെട്ടുകൾ കാണാതെ മടങ്ങിയത്. ഇതോടെ ലോഡ്ജുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ചെറുകിട വ്യാപാര മേഖല എന്നിവ തകർച്ച നേരിടുകയാണ്. കഴിഞ്ഞ മാസം അണക്കെട്ടിന്റെ താഴ്‌വാരത്തു തുറന്ന ഇക്കോ ലോഗുകളിലും കാര്യമായ ബുക്കിങ്ങില്ല. അണക്കെട്ടിലേക്ക് സഞ്ചാരികളെ വിലക്കിയതോടെ തടാകത്തിൽ വനം വകുപ്പ് നടത്തുന്ന ബോട്ടിങ്ങും പ്രതിസന്ധിയിലായി. കഴിഞ്ഞ മൂന്നു മാസമായി സഞ്ചാരികൾ പേരിനു പോലും എത്തുന്നില്ലെന്നു വനം വകുപ്പിന്റെ ഇക്കോ ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.

ആദ്യം സുരക്ഷാ വീഴ്ച;പിന്നാലെ നിരോധനം

കഴിഞ്ഞ സെപ്റ്റംബർ 5നു കടുത്ത സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തിയത്. തുടർന്ന് സെപ്റ്റംബർ 16ന് കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊലീസ്, ഡാം സുരക്ഷ, ഹൈഡൽ ടൂറിസം വിഭാഗങ്ങളോടു കൂടുതൽ പൊലീസ് എയ്ഡ് പോസ്റ്റും സിസിടിവി ക്യാമറകളും സ്ഥാപിക്കുന്നതുൾപ്പടെയുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു. ഇതോടെ വിശദമായ സുരക്ഷാ ഓഡിറ്റിനു ശേഷം മാത്രം സഞ്ചാരികളെ പ്രവേശിപ്പിച്ചാൽ മതിയെന്നു ഡാം സുരക്ഷാ വിഭാഗം തീരുമാനിക്കുകയായിരുന്നു. 

സെപ്റ്റംബർ 16ലെ മീറ്റിങ്ങിന്റെ തീരുമാന പ്രകാരം ടിക്കറ്റ് കൗണ്ടർ വെള്ളാപ്പാറയിലേക്കു മാറ്റുന്നതിനും അണക്കെട്ടിന്റെ കവാടത്തിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കുന്നതിനും തീരുമാനം എടുത്തതായി ഹൈഡൽ ടൂറിസം അധികൃതർ പറഞ്ഞു. ഇതിനു പുറമേ സഞ്ചാരികൾക്കായി കൂടുതൽ ബഗ്ഗി കാറുകൾ വാങ്ങുന്നതിനും നടപടി സ്വീകരിച്ചു.

സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ പ്രവേശന കവാടത്തോടു ചേർന്ന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനായി 2 കോടി രൂപ അനുവദിച്ചതായും ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകുമെന്നും കെഎസ്ഇബി അധികൃതരും വ്യക്തമാക്കി. വർഷത്തിൽ രണ്ടു ലക്ഷത്തോളം സഞ്ചാരികളെത്തുന്ന ഇടുക്കി - ചെറുതോണി ഡാമുകൾ ജില്ലയിലെ പ്രധാന ടൂറിസം ആകർഷണമാണെന്നു പറയുന്ന ഹൈഡൽ ടൂറിസം വിഭാഗം പ്രവേശനം പുനരാരംഭിക്കണമെന്ന നിലപാടിലാണ്. എന്നാൽ നടപടികൾ വേഗത്തിൽ പൂർത്തിയാകാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം.

കഴിഞ്ഞ ജൂലൈ 22നാണ് പാലക്കാട് സ്വദേശിയായ യുവാവ് ഡാമിൽ അതിക്രമിച്ചു കയറി ഹൈമാസ്റ്റ് ലൈറ്റുകളിൽ താഴിട്ടു പൂട്ടുകയും ചെറുതോണി ഡാമിന്റെ ഷട്ടർ ഗേറ്റുകളെ ബന്ധിപ്പിക്കുന്ന ഉരുക്കു വടങ്ങളിൽ ദ്രാവകം ഒഴിക്കുകയും ചെയ്തത്. സംഭവത്തിനു ശേഷം യുവാവ് രാജ്യം വിട്ടിരുന്നു. ലോക്കൽ പൊലീസിൽ നിന്നു ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണു വിവരം. ഡാം സുരക്ഷാ വിഭാഗം പരിശോധനയ്ക്കിടെ കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com