മുല്ലപ്പെരിയാർ: കേരളത്തിലെ ഉദ്യോഗസ്ഥർക്ക് പോകാൻ വണ്ടിയില്ല; നിരീക്ഷണത്തിന് പോകാൻ തമിഴ്നാട് ഉദ്യോഗസ്ഥർ കനിയണം
Mail This Article
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിരീക്ഷണത്തിന് കേരളത്തിലെ ഉദ്യോഗസ്ഥർക്ക് പോകാൻ വണ്ടിയില്ല. കഴിഞ്ഞ ദിവസം തമിഴ്നാട് ഉദ്യോഗസ്ഥരാണ് കേരളത്തിന്റെ ഉദ്യോഗസ്ഥരെ അണക്കെട്ടിൽ എത്തിച്ചത്. മുല്ലപ്പെരിയാർ ഓഫിസ് കുമളിയിലാണ്. ഇവിടെ നിന്ന് വള്ളക്കടവ് വരെ ബസിൽ എത്തി വേണം തമിഴ്നാടിന്റെ ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് വണ്ടി സംഘടിപ്പിച്ച് മുല്ലപ്പെരിയാറിലേക്ക് ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ.
വള്ളക്കടവിൽ നിന്ന് വനം വകുപ്പിന്റെ ജീപ്പ് അനുവദിച്ചാൽ അണക്കെട്ടിൽ എത്താം. ഇപ്പോൾ ശബരിമല സീസൺ ആയതിനാൽ വള്ളക്കടവ് റേഞ്ചിലെ ഒരു വാഹനം ശബരിമല സ്പെഷൽ ഡ്യൂട്ടിയിൽ ഉള്ളവർക്ക് നൽകിയിരിക്കുകയാണ്. മറ്റൊരു വാഹനം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തേക്കടിയിൽ എത്തുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കാൻ ഓടി നടക്കുന്നവർക്ക് നൽകി.
ഇത്തരത്തിൽ മുല്ലപ്പെരിയാർ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അണക്കെട്ടിൽ പോകണമെങ്കിൽ വനം വകുപ്പോ, തമിഴ്നാടോ കനിയേണ്ട ദുർഗതിയിലാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ ജില്ലയിലാണ് ഈ അവഗണനയെന്നതും സംഭവത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്.
കുമളി സെഷനിലെ ജീപ്പ് കണ്ടം ചെയ്തതോടെയാണ് ഇവിടെയുള്ള ജീവനക്കാരുടെ കാര്യം കഷ്ടത്തിലായത്. കട്ടപ്പന ഡിവിഷനിൽ എക്സിക്യൂട്ടീവ് എൻജിനീയർ ഉപയോഗിക്കുന്ന വാഹനമാണ് വല്ലപ്പോഴും ഇവർക്ക് ഉപയോഗിക്കാൻ കിട്ടുന്നത്. എക്സിക്യൂട്ടീവ് എൻജിനീയർക്ക് മറ്റ് എന്തെങ്കിലും കാര്യത്തിന് പോകേണ്ടി വന്നാൽ ഡിവിഷനിലെ വാഹനം കിട്ടില്ല. പിന്നെ വനം വകുപ്പിന്റെ സഹായം തേടണം. വനം വകുപ്പും വാഹനം നൽകിയില്ലെങ്കിൽ തമിഴ്നാട് ഉദ്യോഗസ്ഥർ അണക്കെട്ടിൽ പോകുന്ന സമയം നോക്കി കാത്തുനിൽക്കണം.
മുല്ലപ്പെരിയാറിനോട് അവഗണന മാത്രം
അണക്കെട്ടിൽ ജോലി നോക്കുന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എങ്ങനെ ജോലി നിർവഹിക്കും എന്ന കാര്യത്തിൽ മേലുദ്യോഗസ്ഥർക്ക് അറിയേണ്ട കാര്യമില്ല. ജലനിരപ്പ് 136 പിന്നിട്ടതിനാൽ നിശ്ചിത ഇടവേളകളിൽ കൃത്യമായ റിപ്പോർട്ട് അണക്കെട്ടിൽ നിന്ന് എത്തണം.
അതാണ് കീഴ്ജീവനക്കാർക്കുള്ള നിർദേശം. ഒരു വാഹനം ആവശ്യപ്പെട്ടപ്പോൾ വേണമെങ്കിൽ കരാർ അടിസ്ഥാനത്തിൽ എടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചത്. എന്നാൽ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിൽ ആശങ്ക ഉള്ളതിനാലാകാം 2 തവണ ടെൻഡർ നൽകിയിട്ടും ആരും വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാൻ മുന്നോട്ടുവന്നില്ല. എത്രയും വേഗം പ്രശ്നത്തിൽ പരിഹാരം വേണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.