കരുതലോടെ കാക്കണം ആ കുരുന്നുകളെ
Mail This Article
രാജകുമാരി ∙ ഇന്ന് ലോക ഭിന്നശേഷി ദിനം. കലവറയില്ലാതെ കരുതലാെരുക്കേണ്ട അനേകം ഭിന്നശേഷിക്കാരാണ് ജില്ലയിലുള്ളത്. കാൽ ലക്ഷത്തോളം ഭിന്നശേഷിക്കാർ ജില്ലയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ജില്ലയിൽ 10 സ്പെഷൽ സ്കൂളുകളിലായി, ഭിന്നശേഷിക്കാരായ അറുനൂറിലധികം കുട്ടികളാണ് പരിശീലനം നേടുന്നത്. 3 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. പന്നിമറ്റം, പൈനാവ്, നെടുങ്കണ്ടം, ഇടുക്കി, അടിമാലി, മൂന്നാർ, തൊടുപുഴ, അണക്കര, വള്ളക്കടവ്, ഉപ്പുതറ എന്നിവിടങ്ങളിലാണ് ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള സ്പെഷൽ സ്കൂളുകളുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികളിൽ സ്വാശ്രയശീലം വളർത്തുന്നതിൽ സ്പെഷൽ സ്കൂളുകളിലെ പരിശീലനം പ്രധാന പങ്ക് വഹിക്കുന്നു. വളർച്ചാപരവും വൈകാരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ വീടുകളിൽ തന്നെയാണ് കഴിയുന്നത്.
സേവനം നൽകാൻ പ്രാരംഭ ഇടപെടൽ കേന്ദ്രം
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡിഇഐസി (പ്രാരംഭ ഇടപെടൽ കേന്ദ്രം) ഒട്ടേറെ സേവനങ്ങൾ നൽകുന്നുണ്ട്. ഫിസിയോതെറപ്പി, ഓഡിയോളജി, ഒപ്റ്റോമെട്രി, സ്പെഷൽ എജ്യുക്കേഷൻ, ഡെന്റൽ വിഭാഗങ്ങളിലാണ് സേവനം നൽകുന്നത്. സൈക്കോളജിസ്റ്റിന്റെ തസ്തിക നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. ജനുവരി മുതൽ സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാകും. ഇതു കൂടാതെ ഭിന്നശേഷിക്കാർക്കു വേണ്ടി എല്ലാ താലൂക്ക് ആശുപത്രികളിലും മൊബൈൽ യൂണിറ്റുകളുടെ സേവനവും ലഭ്യമാണ്. ചികിത്സ സംബന്ധമായ സംശയ നിവാരണത്തിന് ഡോക്ടറോട് സംസാരിക്കുന്നതിനും ഡിഇഐസി സൗകര്യമൊരുക്കുന്നു. ഫോൺ: 04862 293105.
വീടുകളിലെത്തും സ്പെഷൽഎജ്യുക്കേറ്റർമാർ
സ്കൂളിൽ പോയി പഠിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഓരോ ബിആർസികളിലുമുള്ള സ്പെഷൽ എജ്യുക്കേറ്റർമാർ ആഴ്ചയിൽ 4 ദിവസം സ്കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാനെത്തുന്നു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വീടുകളിലെത്തിയും പരിശീലനം നൽകുന്നുണ്ട്.
വൈറ്റ് ബോർഡ് പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് എല്ലാ വിഷയങ്ങളിലും പഠന പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നു. കാഴ്ചവൈകല്യമുള്ളവർക്ക് ശബ്ദസന്ദേശം വഴി പഠനത്തിന് അവസരമൊരുക്കും.