ADVERTISEMENT

തൊടുപുഴ ∙ ജില്ലയിലെ പനിക്കണക്കുകളിൽ കുറവില്ല. വൈറൽ പനിക്കു പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വൈറൽ പനിയെത്തുടർന്ന് 332 പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇന്നലെ ചികിത്സ തേടിയത്. ഒരാഴ്ചയ്ക്കിടെ 2,166 പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തി. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ കൂടിയാകുമ്പോൾ പനിബാധിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെ വരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 23 പേർക്ക് ഡെങ്കിപ്പനിയും 3 പേർക്ക് എലിപ്പനിയും സംശയിക്കുന്നുണ്ട്. രണ്ടുപേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 

ഇടവിട്ടുള്ള മഴയും കൊതുകു നശീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതും ഡെങ്കിപ്പനി വ്യാപനത്തിനു കാരണമായേക്കാമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. കാലാവസ്ഥയിലെ മാറ്റമാണ് വൈറൽപനി ബാധിതരുടെ എണ്ണം ഉയരാൻ കാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. പനി മാറിയാലും ചുമ, തലവേദന, ശരീരവേദന, തൊണ്ടവേദന, മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സ്ഥിതിയുമുണ്ട്. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു. കുട്ടികൾക്കിടയിലും പനി വ്യാപനമുണ്ട്. ജില്ലയിൽ കോവിഡ് കേസുകളിലും നേരിയ വർധനയുള്ളതായി അധികൃതർ പറയുന്നു. നിലവിൽ 3 പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com