ADVERTISEMENT

കുഞ്ചിത്തണ്ണി ∙ ടൗണിൽ വാഹനാപകടങ്ങൾ വർധിക്കുന്നതിൽ വ്യാപാരികൾക്കും നാട്ടുകാർക്കും ആശങ്ക. ഒരാഴ്ച മുൻപ് തുടർച്ചയായി 3 അപകടങ്ങളാണ് ടൗണിലുണ്ടായത്. അപകടങ്ങൾ പതിവായിട്ടും മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. കുഞ്ചിത്തണ്ണി സ്കൂൾ കവലയിലാണ് കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്നത്. സ്കൂൾ റോഡിൽ നിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണം.

പ്രധാന റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ സ്കൂൾ റോഡിൽ നിന്നു വാഹനങ്ങൾ വരുന്നതും അറിയുന്നില്ല. ഇവിടെ കണ്ണാടി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു മുൻപിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായതിനാൽ കണ്ണാടിയുടെ പ്രയോജനം ഡ്രൈവർമാർക്ക് ലഭിക്കുന്നില്ല. 

സ്കൂൾ പരിസരമായതിനാൽ വേഗനിയന്ത്രണത്തിന് സംവിധാനമാെരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഇവിടെ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്കു പരുക്കേറ്റിരുന്നു. ടൗണിൽ നിന്ന് ആഡിറ്റിന് തിരിയുന്ന റോഡും ബൈസൺവാലിക്കു തിരിയുന്ന റോഡും സംഗമിക്കുന്ന ഫെഡറൽ ബാങ്ക് ജംക്‌ഷനിലും അപകട സാധ്യതയേറെയാണ്.

കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ കാറപകടത്തിൽ ഒരാൾക്കു പരുക്കേറ്റു. ഇവിടെയും മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. ആനച്ചാൽ – കുഞ്ചിത്തണ്ണി റോഡിൽ ആഡിറ്റ് കവലയിലും മുന്നറിയിപ്പ് സംവിധാനങ്ങളില്ല. കുത്തനെയുള്ള കയറ്റവും വളവുകളുമുള്ള റോഡ് തുടങ്ങുന്നത് ആഡിറ്റ് ജംക്‌ഷനിൽ നിന്നാണ്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ ഇൗ റോഡിലെ വളവുകളിൽ കുടുങ്ങുന്നത് പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com