മൂന്നാറിൽ വിലസുന്നു, തെരുവുനായ്ക്കൾ
Mail This Article
മൂന്നാർ ∙ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാതെ അധികൃതർ. സ്കൂൾ കുട്ടികൾ യാത്ര ചെയ്യുന്ന നല്ലതണ്ണി റോഡ്, വിനോദ സഞ്ചാരികൾ ഏറ്റവുമധികം യാത്ര ചെയ്യുന്ന ടൗൺ, ഇക്കാ നഗർ, പഴയ മൂന്നാർ, ജനവാസ മേഖലകളായ വിവിധ കോളനികൾ, സൈലന്റ് വാലി റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം തെരുവുനായ ശല്യമുള്ളത്. കാൽനടയാത്രക്കാർക്കു നേരെയുള്ള ആക്രമണം പതിവായിട്ടും ഇവയെ നിയന്ത്രിക്കാൻ അധികൃതർ നടപടികളൊന്നും സ്വീകരിക്കാത്തതിനാൽ ദിനംപ്രതി ഇവയുടെ ശല്യം വർധിക്കുകയാണ്.
ഞായറാഴ്ച രാത്രി മൂന്നാർ ടൗണിൽ 6 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ടൗണിലെ തിരക്കിനിടയിൽ പാഞ്ഞെത്തിയ തെരുവുനായ മുൻപിൽ കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു. വിനോദസഞ്ചാരികളായ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭാഗ്യത്തിനാണ് നായയുടെ കടിയേൽക്കാതെ ഓടി രക്ഷപ്പെട്ടത്. കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന ഭീതിയിലാണ് കടിയേറ്റവർ.ഇവർ വിവിധ ആശുപത്രികളിൽ രാത്രി തന്നെ ചികിത്സ തേടിയിരുന്നു.
മൂന്നാറിൽ വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ സന്ദർശനത്തിനെത്തുന്നവർ പാതയോരങ്ങളിലും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് പതിവായതാണ് തെരുവുനായ്ക്കളുടെ ശല്യം വർധിക്കാൻ കാരണം. വിദേശികളടക്കമുള്ളവർ കാൽനടയായി യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.