സബ് കലക്ടർ ഇടപെട്ടു; ഇടമലക്കുടിയിലെ കുട്ടികൾക്ക് യൂണിഫോം തയ്ച്ച് കിട്ടി
Mail This Article
മൂന്നാർ ∙ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ യൂണിഫോം വസ്ത്രങ്ങൾ ലഭിച്ചു. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമ ഇടപെട്ടാണ് ഇത്തവണ യൂണിഫോം തയ്പിച്ചു കുട്ടികൾക്ക് വിതരണം ചെയ്തത്. എല്ലാവർഷവും സർക്കാർ രണ്ടു ജോടി വീതം യൂണിഫോം തുണികൾ സ്കൂളിലേക്ക് നൽകിയിരുന്നു. എന്നാൽ തയ്യൽക്കൂലി അനുവദിക്കാത്തതിനാൽ ഏതാനും വർഷമായി ഇവ വിദ്യാഭ്യാസ വകുപ്പിന്റെ മൂന്നാർ ഓഫിസിൽ സൂക്ഷിക്കുകയായിരുന്നു പതിവ്. പുതിയ പ്രധാനാധ്യാപകൻ ചുമതലയേറ്റതിനെ തുടർന്നാണ് യൂണിഫോം തയ്ച്ചു നൽകാത്തതു സംബന്ധിച്ച വിവരം സബ് കലക്ടറെ അറിയിച്ചത്. ഇതോടെയാണ് സബ് കലക്ടർ ഇടപെട്ട് സ്വകാര്യ പങ്കാളിത്തത്തോടെ യൂണിഫോം തയ്ച്ച് വിതരണം ചെയ്തത്.
സ്കൂളിലെത്തുന്ന 58 കുട്ടികൾക്കും രണ്ടു ജോടി വീതം യൂണിഫോം വിതരണം ചെയ്തു. ആൺകുട്ടികൾക്ക് ഷർട്ടും നിക്കറും പെൺകുട്ടികൾക്ക് ഫ്രോക്കുമാണ് യൂണിഫോം. സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മോഹൻദാസ് യൂണിഫോമുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ജോസഫ് ഷാജി, മറ്റ് അധ്യാപകർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.