ADVERTISEMENT

മൂന്നാർ ∙ ചൊക്കനാട് എസ്റ്റേറ്റിൽ രണ്ടു ദിവസമായി കാട്ടാനകളുടെ ശല്യം രൂക്ഷമായി. ഒട്ടേറെ തൊഴിലാളികളുടെ പച്ചക്കറി കൃഷികൾ കാട്ടാനകൾ നശിപ്പിച്ചു. ചൊക്കനാട് എസ്റ്റേറ്റിലെ പുതുക്കാട്, ആശുപത്രി ഡിവിഷനുകളിലാണ് കാട്ടാനശല്യം രൂക്ഷമായത്. പടയപ്പയടക്കം 14 ആനകളാണ് ഇവിടെ രണ്ടു ദിവസമായി തമ്പടിച്ചിരിക്കുന്നത്. ആറും ഏഴും അടങ്ങുന്ന രണ്ട് സംഘവും പടയപ്പ തനിച്ചുമാണ് കറങ്ങുന്നത്. പകൽ സമയങ്ങളിൽ പ്രധാന റോഡിലടക്കം കാട്ടാനകൾ നടക്കുന്നത് പതിവാണ്. കൂട്ടത്തിൽ കുഞ്ഞുങ്ങൾ ഉള്ളതു കാരണം പിടിയാനകൾ വാഹനങ്ങൾ കടന്നു പോകുമ്പോൾ അക്രമാസക്തരാകുന്നത് പതിവാണ്.

ആനകളെ കണ്ട് റോഡിൽ നിർത്തിയ കാറിനും ബൈക്കിനും ചുറ്റും രണ്ട് പിടിയാനകൾ അര മണിക്കൂർ കറങ്ങി നടന്നത് ഏറെ ആശങ്ക പരത്തിയിരുന്നു. ആനകൾ വരുന്നതു കണ്ട് ഇരു വാഹനങ്ങളിലെയും യാത്രക്കാർ വാഹനങ്ങളിൽ നിന്നുമിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് മാറിയിരുന്നു. അരമണിക്കൂറിനു ശേഷം ആനകൾ മടങ്ങിയതോടെയാണ് ഉടമകൾക്ക് വാഹനത്തിലെത്തി മടങ്ങാൻ കഴിഞ്ഞത്. രണ്ടു ഡിവിഷനിലെയും തൊഴിലാളികൾ നട്ടുവളർത്തിയ വിളവെടുപ്പിന് പാകമായി നിന്നിരുന്ന പച്ചക്കറികളാണ് കാട്ടാനകൾ തിന്നു നശിപ്പിച്ചത്. ദേവികുളം, ലാക്കാട് മേഖലകളിൽ നിന്നു മടങ്ങിയ പടയപ്പ 10 ദിവസങ്ങൾക്ക് ശേഷമാണ് ചൊക്കനാട് പ്രത്യക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com