ഫോറസ്റ്റ് റേഞ്ച് ഓഫിസറെ തടഞ്ഞുവച്ച് പ്രതിഷേധം
Mail This Article
മുട്ടം ∙ ശുദ്ധജലവിതരണ പദ്ധതിക്കായുള്ള പൈപ് ഇടൽ തടഞ്ഞ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കോൺഗ്രസ് ജനപ്രതിനിധികൾ തടഞ്ഞുവച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് പഞ്ചായത്ത് ജനപ്രതിനിധികൾ ശങ്കരപ്പിള്ളിയിലുള്ള റേഞ്ച് ഓഫിസിലെത്തി പ്രതിഷേധിച്ചത്. പരിവേഷ് പോർട്ടലിൽ അനുമതി ആവശ്യപ്പെട്ട് ജലവകുപ്പ് അപേക്ഷ നൽകിയിരുന്നില്ലെന്നും അതു നൽകിയാൽ പരമാവധി വേഗത്തിൽ നടപടി പൂർത്തിയാക്കാമെന്നും റേഞ്ച് ഓഫിസർ സിജോ സാമുവൽ അറിയിച്ചതിനെത്തുടർന്നാണ് ജനപ്രതിനിധികൾ പിരിഞ്ഞുപോയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് കടത്തലക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ.ബിജു, പഞ്ചായത്ത് അംഗങ്ങളായ ഷൈജ ജോമോൻ, ബിജോയ് ജോൺ, അരുൺ ചെറിയാൻ പൂച്ചക്കുഴി, കോൺഗ്രസ് നേതാക്കളായ ബേബി വണ്ടനാനി, ടെന്നീഷ് ജോർജ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. മുട്ടത്ത് നിന്നാരംഭിക്കുന്ന സമ്പൂർണ ശുദ്ധജല പദ്ധതികളുടെ പൈപ് ഇടൽ കഴിഞ്ഞയാഴ്ചയാണ് ആരംഭിച്ചത്. ശങ്കരപ്പിള്ളി വില്ലേജ് ഓഫിസിനു സമീപത്തു നിന്ന് എംവിഐപിയുടെ പ്രദേശത്തു കൂടിയാണ് പൈപ് ഇടൽ ആരംഭിച്ചത്. തുടർന്ന് നിർദിഷ്ട വനഭൂമിയിലേക്കു കടന്നതോടെ വനം വകുപ്പ് തടയുകയായിരുന്നു.