റവന്യു ജില്ലാ സ്കൂൾ കലോത്സവ വിശേഷങ്ങൾ; ആദ്യം കണ്ണുനീർ, പിന്നെ പുഞ്ചിരി
Mail This Article
കട്ടപ്പന ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് പേരുകൾ ഒഴിവായതിനാൽ ജയിച്ചാലും മൂലമറ്റം സേക്രഡ് ഹാർട്‌സ് എച്ച്എസ്എസിൽ നിന്നെത്തിയ നാടക ടീമിലെ 9 പേർക്ക് സർട്ടിഫിക്കറ്റ് കിട്ടില്ലെന്ന് അധികൃതർ വിശദീകരിച്ചതോടെ ആശങ്കയും അനിശ്ചിതത്വവും. ഒടുവിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഇടപെടലിനെ തുടർന്ന് പ്രശ്‌നം പരിഹരിച്ചതോടെയാണ് കുട്ടികൾക്ക് ആശ്വാസമായത്. അറക്കുളം ഉപജില്ലാതലത്തിൽ മത്സരിച്ച് ജയിച്ച 10 അംഗ ടീമാണ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിവരങ്ങൾ സൈറ്റിൽ രേഖപ്പെടുത്തിയപ്പോൾ രണ്ടുപേരെ ക്യാപ്റ്റനായി നിശ്ചയിച്ചതാണ് പ്രശ്‌നമായത്. ഉപജില്ലാതലത്തിൽ വിജയിച്ചെങ്കിലും ടീമിലെ ഒരാൾക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഉപജില്ലാതലത്തിലും സ്‌കൂൾതലത്തിലും ഇതു ശ്രദ്ധിക്കാതെ പോയി. ജില്ലാതല മത്സരത്തിന് ഇവരുടെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് വിജയിച്ചാലും ഒരാൾക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് ലഭിക്കുകയെന്ന് വ്യക്തമായത്. അതോടെ സങ്കടം സഹിക്കാനാവാതെ കുട്ടികൾ കരഞ്ഞുകൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടറെ സമീപിച്ചു. തിരുവനന്തപുരം കൈറ്റ്‌സുമായി ബന്ധപ്പെട്ടപ്പോഴാണ് സാങ്കേതിക തകരാർ തിരിച്ചറിഞ്ഞത്. തുടർന്ന് ഒരാളെ ക്യാപ്റ്റനായി നിശ്ചയിച്ച് വിവരങ്ങൾ പുനഃക്രമീകരിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കാനായത്.
നൃത്താധ്യാപകന് എതിരെ പരാതി
കട്ടപ്പന∙ നൃത്ത ഇനങ്ങളിൽ വിധികർത്താക്കളെ സ്വാധീനിച്ച് നൃത്താധ്യാപകൻ അനർഹരായവരെ ജയിപ്പിക്കുകയും അർഹരായവരെ തോൽപ്പിക്കുകയും ചെയ്‌തെന്ന് പരാതി. ഭരതനാട്യം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ മത്സരിച്ച വിദ്യാർഥികളാണ് വിദ്യാഭ്യാസ ഉപഡയറക്ടർ, മന്ത്രി റോഷി അഗസ്റ്റിൻ, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവർക്ക് പരാതി നൽകിയത്. എച്ച്എസ് വിഭാഗം ഭരതനാട്യ മത്സരത്തിനുശേഷം തൊടുപുഴ സ്വദേശിയായ മത്സരാർഥിയും രക്ഷിതാക്കളും വെള്ളയാംകുടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ അവിടെയുണ്ടായിരുന്ന 2 വിധികർത്താക്കളിൽ ഒരാൾ ഫോണിൽ ഇതുസംബന്ധിച്ച് സംസാരിക്കുന്നതു കേട്ടെന്ന് വ്യക്തമാക്കിയാണ് പരാതി. അർഹതപ്പെട്ട കുട്ടിയെ ഒഴിവാക്കിക്കൊണ്ട് മറ്റൊരു കുട്ടിയെ കയറ്റിവിട്ടിട്ടുണ്ടെന്നും നൃത്താധ്യാപകനോട് ചെലവ് ചെയ്യണമെന്നും പറയുന്നതു കേട്ടെന്നാണ് ഇവരുടെ ആരോപണം. ഈ നൃത്താധ്യാപകൻ വിധികർത്താക്കളെ സ്വാധീനിക്കുന്നതായി മുൻവർഷങ്ങളിലും ആരോപണം ഉണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇനിയുള്ള മത്സരങ്ങളിലെങ്കിലും ക്രമക്കേട് ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.