ADVERTISEMENT

മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ട വിഷയങ്ങളിൽ ഇങ്ങനൊരു കുറിപ്പാണ് സർക്കാർ ഫയലുകളിൽ ഉണ്ടാകുക. നവകേരള സദസ്സിനായി കേരള മന്ത്രിസഭ തന്നെയാണ് ഇന്നു  മുതൽ ഇടുക്കിയിൽ വരുന്നത്. മന്ത്രിസഭയൊന്നാകെ പരിഗണിച്ച് പരിഹാരം കാണേണ്ട ഒട്ടേറെ ആവശ്യങ്ങളും പരാതികളും ഇടുക്കിക്കുണ്ട്. ജില്ലയുടെ പൊതു ആവശ്യങ്ങൾക്കു പുറമേ  ഓരോ മണ്ഡലത്തിലും പരിഹരിക്കപ്പെടേണ്ട ഒട്ടേറെ വിഷയങ്ങളുണ്ട്. സർക്കാർ ഇടപെടേണ്ട അക്കാര്യങ്ങൾ അവതരിപ്പിക്കുകയാണ് മലയാള മനോരമ. ഇന്നുമുതൽ നടക്കുന്ന നവകേരള സദസ്സിൽ പരാതികളായി ഇവ ഓരോന്നും ഫയൽ ചെയ്യുകയും പരാതിയുടെ പുരോഗതി വായനക്കാരെ അറിയിക്കുകയും ചെയ്യും...

മന്ത്രിസഭയുടെ പരിഗണനയ്ക്ക്

ഇടുക്കി: ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടണം

∙ പരിമിതമായ ചികിത്സാ സൗകര്യം മാത്രമുള്ള ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയെ പൂർണ സജ്ജമാക്കാനുള്ള നടപടികൾ അനിവാര്യമാണ്. നിർധന രോഗികൾക്കു മെച്ചപ്പെട്ട സേവനം നൽകുന്നതിനായി വിവിധ ഡിപ്പാർട്മെന്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം. പ്രഖ്യാപനങ്ങൾ ഏറെ നടന്ന സൂപ്പർ സ്പെഷൽറ്റി വിഭാഗങ്ങളും കാത്ത് ലാബും ഉടൻ ആരംഭിക്കണം. ഇതിനായി കൂടുതൽ കെട്ടിടങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കണം. രോഗികൾക്ക് അവശ്യ മരുന്നുകളും ലഭ്യമാക്കണം.

∙ സുരക്ഷാ വീഴ്ചയുടെ പേരിൽ അടച്ചിട്ടിരിക്കുന്ന ഇടുക്കി അണക്കെട്ട് തുറക്കാൻ അടിയന്തര നടപടി വേണം. അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചതിനാൽ അനുബന്ധ മേഖലകളിലെല്ലാം തളർച്ച പ്രകടമാണ്. തീരുമാനം വൈകിയാൽ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും. ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടമാകും.

∙ വിവിധ കാരണങ്ങളുടെ പേരിൽ പട്ടയം നിഷേധിച്ചിരിക്കുന്ന മലയോര കർഷകർക്ക് നീതി ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ വേണം. വാത്തിക്കുടിയിലും വാഴത്തോപ്പിലും കഞ്ഞിക്കുഴിയിലും കൊന്നത്തടിയിലും, കാമാക്ഷിയിലുമെല്ലാം ഒട്ടേറെ കർഷകരാണ് ഇപ്പോഴും പട്ടയത്തിനായി കാത്തിരിക്കുന്നത്.

∙ കൃഷിയിടങ്ങളിൽ നിന്നു കാട്ടുപന്നിയും കുരങ്ങുമടക്കമുള്ള വന്യജീവികളെ തുരത്താനുള്ള അടിയന്തര പദ്ധതികൾ വേണം.

∙ കട്ടപ്പനയിലെ സർക്കാർ ആശുപത്രിയെ 2015ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും പരാധീനതകർക്ക് നടുവിലാണ്. ആവശ്യത്തിന് സ്ഥല സൗകര്യമോ കെട്ടിടങ്ങളോ ഇല്ല. പുതിയ സമുച്ചയത്തിന് രൂപരേഖ തയാറാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് സ്ഥലം ഇല്ലാത്തത് പ്രതിസന്ധിയാണ്. ആശുപത്രിയോട് ചേർന്ന് സ്ഥലം ലഭിക്കുമെങ്കിലും അത് വാങ്ങാനുള്ള ഫണ്ട് കണ്ടെത്തണം. ഇപ്പോഴും സാമൂഹികാരോഗ്യ കേന്ദ്രത്തിലുള്ള ജീവനക്കാരുടെ തസ്തിക മാത്രമാണ് ആശുപത്രിയിൽ ഉള്ളത്. ചില തസ്തികകളിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത സ്ഥിതിയുമുണ്ട്.  

∙ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണം. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്കുള്ള 2 റോഡുകളും ആവശ്യത്തിന് വീതിയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമാണ്. മൂലമറ്റം–വാഗമൺ സംസ്ഥാനപാത, കാഞ്ഞാർ പുള്ളിക്കാനം മേജർ ഡിസ്ട്രിക്ട് റോഡ് എന്നിവയാണ് വാഗമണ്ണിനുള്ള പ്രധാന റോഡുകൾ. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനും 2 റോഡുകളും ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നതിനും നടപടി വേണം.

ദേവികുളം: പട്ടയ പ്രശ്നത്തിന് പരിഹാരം വേണം 

∙ മൂന്നാറിലെ തോട്ടം, ഗോത്രവർഗ കോളനികൾ ഉൾപ്പെടുന്ന മേഖലകളിലെ താമസക്കാർക്കു പട്ടയം നൽകുക. ഭൂരഹിതരായ മുഴുവൻ തോട്ടം തൊഴിലാളികൾക്കും ഭൂമിയും വീടും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും 30 ശതമാനത്തിൽ താഴെ മാത്രമാണ് വിതരണം ചെയ്യാൻ കഴിഞ്ഞത്. 

∙ കുറ്റ്യാർവാലിയിലെ ഭൂമിപ്രശ്നം പരിഹരിക്കുക. തോട്ടം തൊഴിലാളികൾക്ക് 2010ൽ അന്നത്തെ വി.എസ് സർക്കാർ കുറ്റ്യാർവാലിയിൽ മൂന്നു ഘട്ടങ്ങളായി ഭൂമിയും പട്ടയവും വിതരണം ചെയ്തിരുന്നു. എന്നാൽ പദ്ധതിയിൽ ഉൾപ്പെട്ട ഭൂരിഭാഗം പേർക്കും പട്ടയം ലഭിച്ചെങ്കിലും ഭൂമി കാണിച്ചു കൊടുത്തില്ല. ഒരു വിഭാഗത്തിന് ഭൂമി ലഭിച്ചെങ്കിലും പട്ടയം നാളിതുവരെയായിട്ടും നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. 

∙ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. 

∙ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെയും ഗോത്രവർഗ മേഖലകളിലെയും യാത്രാദുരിതം പരിഹരിക്കുക.

∙ ഒന്നര പതിറ്റാണ്ടു മുൻപ് ജില്ലയ്ക്ക് അനുവദിച്ച അമ്മയും കുഞ്ഞും ആശുപത്രി യാഥാർഥ്യമാക്കുക. അടിമാലി മച്ചിപ്ലാവിൽ നിർദിഷ്ട ആശുപത്രിക്കു വേണ്ടി ആവശ്യമായ ഒരേക്കർ ഭൂമി അടിമാലി പഞ്ചായത്ത് സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. 7.5 കോടി രൂപയാണ് കെട്ടിട നിർമാണത്തിന് അനുവദിച്ചത്. തുടർന്ന് എസ്റ്റിമേറ്റ്, കെട്ടിടത്തിന്റെ ഡിസൈനിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കി. പിന്നീട് താളപ്പിഴകൾ ആരംഭിച്ചു. ഇപ്പോൾ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഫയൽ പോലും കാണാനില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ കഴിയുന്നത്. 

∙ കേന്ദ്രാവിഷ്കൃത ഫണ്ടി‍ൽ നിർമാണം ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ കഴിയാത്ത ഇരുനൂറേക്കർ–മെഴുകുംചാൽ റോഡിന്റെ പണികൾ പൂർത്തിയാക്കുക.

∙ മറയൂർ, കാന്തല്ലൂർ മേഖലയിൽ ജനറൽ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ലൈഫ് പദ്ധതിയിൽ അർഹതപ്പെട്ട വീട് ലഭിക്കാതെ മുടങ്ങിക്കിടക്കുന്നത്. 2021 ഓഗസ്റ്റ് മാസം അന്തിമപട്ടിക പ്രസിദ്ധീകരിച്ചതാണ്. പിന്നീട് തുടർ നടപടിയൊന്നും ഉണ്ടായില്ല. 

∙ കാർഷിക മേഖലയുടെ ജലസേചനത്തിന് 2014 ൽ നിർമാണം തുടങ്ങിയ പട്ടിശ്ശേരി അണക്കെട്ട് 2024 ആകുമ്പോഴും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. 60 ശതമാനത്തിൽ താഴെ മാത്രമാണ് നിർമാണപ്രവർത്തനം നടന്നിരിക്കുന്നത്. 

തൊടുപുഴ: പാലം, ബൈപാസ്, സ്റ്റേഡിയം വേണം

മലമ്പുഴ മോഡൽ മലങ്കര ടൂറിസം പദ്ധതി എത്രയും  വേഗം പൂർത്തിയാക്കണം

∙ തൊടുപുഴ മാരിയിൽക്കടവ് പാലം അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണം. പാലം പണി കഴിഞ്ഞിട്ട് ഏഴര വർഷമായിട്ടും അപ്രോച്ച് റോഡ് നിർമാണം ഇഴയുകയാണ്. 

∙ നഗര വികസനത്തിനു മുതൽക്കൂട്ടാകുന്ന തൊടുപുഴ പുഴയോരം ബൈപാസ് നിർമാണം പൂർത്തീകരിച്ചെങ്കിലും പ്രവേശന കവാടത്തിലെ കെട്ടിടം പൊളിച്ചു നീക്കാത്തതിനാൽ റോഡിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. കെട്ടിടം പൊളിച്ച് റോഡ് വീതി കൂട്ടാൻ പൊതുമരാമത്തുവകുപ്പ് നടപടിയെടുക്കണം.  

∙ ഒട്ടേറെ കായിക താരങ്ങളുള്ള മേഖലയാണ് തൊടുപുഴ. എന്നാൽ, പരിശീലനത്തിനായി ഒരു പൊതു മൈതാനം എവിടെയുമില്ല. സ്കൂളുകളുടെയും മറ്റും മൈതാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. തൊടുപുഴ താലൂക്കിൽ ഒരു സിന്തറ്റിക് ട്രാക്കും സ്റ്റേഡിയവും വേണം.

∙ മലമ്പുഴ മോഡൽ മലങ്കര ടൂറിസം പദ്ധതി എത്രയും വേഗം പൂർണതോതിൽ സജ്ജമാക്കണം. 18 വർഷം മുൻപ് കോടിയേരി ബാലകൃഷ്ണൻ നിർമാണോദ്ഘാടനം നടത്തിയ പാർക്കിൽ നിലവിൽ ഒരു ബോട്ട് ജെട്ടി, കുട്ടികളുടെ പാർക്ക്, അടഞ്ഞുകിടക്കുന്ന എൻട്രൻസ് പ്ലാസ എന്നിവ മാത്രമാണ് ഉള്ളത്.

ഉടുമ്പൻചോല: നെടുങ്കണ്ടം സ്റ്റേഡിയം തുറക്കണം

∙ നിർമാണം പൂർത്തിയാക്കി ഏറെനാൾ കഴിഞ്ഞിട്ടും നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം ഉദ്ഘാടനം വൈകുകയാണ്. എത്രയും വേഗം സ്റ്റേഡിയം തുറക്കണം.

∙ ജില്ലാ ആശുപത്രിയായി ഉയർത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കി കൂടുതൽ ഡോക്ടർമാരെ  നിയമിക്കണം. എല്ലാ ദിവസവും ഒപി സേവനം  ലഭ്യമാക്കണം.

∙ നിർദിഷ്ട ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണം.

∙ തേവാരംമെട്ട് - തേവാരം റോഡ് യാഥാർഥ്യമാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാവണം.

∙ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുമെന്ന് ജനപ്രതിനിധികൾ 4 വർഷം മുൻപ് വാഗ്ദാനം ചെയ്തതാണ്. എന്നാൽ ഇതുവരെ തുടർ നടപടികളുണ്ടായിട്ടില്ല. രാജാക്കാട് ഉൾപ്പെടെയുള്ള മേഖലകളിലെ സാധാരണക്കാർ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ജില്ലകളിലെ ആശുപത്രികളെയും തമിഴ്നാട് തേനി മെഡിക്കൽ കോളജിനെയുമാണ് ആശ്രയിക്കുന്നത്.

∙ രാജാക്കാട് സ്ഥലം ലഭ്യമാക്കുകയാണെങ്കിൽ ഗവൺമെന്റ് തലത്തിലുള്ള ഒരു ലോ കോളജ് ആരംഭിക്കുമെന്ന് ജനപ്രതിനിധികൾ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. സർക്കാരിന് ഭൂമിയുണ്ടെങ്കിലും സ്ഥലം കണ്ടെത്തി കോളജ് ആരംഭിക്കുന്നതിന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

നവകേരള സദസ്സിന് ഇന്നു തുടക്കം: തേക്കടിയിൽ 12 ന് മന്ത്രിസഭായോഗം 

തൊടുപുഴ ∙ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു ഇന്ന് ജില്ലയിൽ തുടക്കം. ജനങ്ങളുടെ പരാതി സ്വീകരിക്കാനും മറുപടി നൽകാനും കൗണ്ടറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി. പരാതികളിലെ നടപടിയുടെ പുരോഗതി അപേക്ഷകനെ അറിയിക്കുകയും ചെയ്യും. തൊടുപുഴ മണ്ഡലത്തിലാണ് ജില്ലയിലെ ആദ്യ പരിപാടി. ഇന്ന് വൈകിട്ട് 6.30ന് ഗാന്ധി സ്‌ക്വയർ മൈതാനത്ത് നവകേരള സദസ്സ് നടക്കും. പിന്നീട് നാളെ രാവിലെ ഇടുക്കി മണ്ഡലത്തിലെ ചെറുതോണി, ഉച്ചയ്ക്ക് ദേവികുളം മണ്ഡലത്തിലെ അടിമാലി, വൈകിട്ട് ഉടുമ്പൻചോല മണ്ഡലത്തിലെ നെടുങ്കണ്ടത്തും നവകേരള സദസ്സ് നടക്കും. നാളെ രാവിലെ ചെറുതോണിയിൽ പ്രഭാത യോഗവും പത്രസമ്മേളനവും 12ന് രാവിലെ തേക്കടിയിൽ‌ മന്ത്രി സഭായോഗവും നടക്കും. പീരുമേട് മണ്ഡലത്തിലെ  നവകേരള സദസ്സ്  12ന് രാവിലെ 11 ന് വണ്ടിപ്പെരിയാറിൽ നടന്ന ശേഷം മന്ത്രിസംഘം കോട്ടയം ജില്ലയിലേക്ക് പോകും. 

നിവേദനം നൽകുന്നതെങ്ങനെ?

∙ വിവിധ വകുപ്പുകളുടെ ഇടപെടൽ വേണ്ടതോ ഒരു വകുപ്പുമായി മാത്രമായി ബന്ധപ്പെട്ടതോ ആയ നിവേദനം/ അപേക്ഷ നവകേരള സദസ്സിന്റെ കൗണ്ടറുകളിൽ നൽകാം. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ രേഖകളുടെ പകർപ്പു സഹിതം സമർപ്പിക്കാം. പൂർണമായ വിലാസവും മൊബൈൽ നമ്പറും നിർബന്ധമായും നൽകണം.

∙ നാല് ഉദ്യോഗസ്ഥർ വീതമുള്ള 20 കൗണ്ടറുകളാണ് ഉണ്ടാവുക. അതിൽ 5 എണ്ണം സ്ത്രീകൾക്കും നാലെണ്ണം മുതിർന്ന പൗരന്മാർക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കും മാത്രമായുള്ളതാണ്. സദസ്സ് ആരംഭിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപ് കൗണ്ടർ പ്രവർത്തനം ആരംഭിക്കും. പരിപാടി കഴിഞ്ഞ ശേഷവും മുഴുവൻ അപേക്ഷകളും വാങ്ങിച്ച ശേഷമേ കൗണ്ടർ‌ പ്രവർത്തനം അവസാനിപ്പിക്കും. 

∙ നേരത്തെ നൽകിയ അപേക്ഷകൾ സംബന്ധിച്ച അന്വേഷണം ആണെങ്കിൽ പഴയ ഫയൽ നമ്പറോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും രേഖകളോ സമർപ്പിക്കണം.

∙ ചികിത്സാ സഹായത്തിനുള്ള അപേക്ഷകളുടെ ഒപ്പം ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളും സമർപ്പിക്കണം.

∙ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവർ അപേക്ഷ നൽകാൻ നേരിട്ട് പോകേണ്ടതില്ല. ബന്ധപ്പെട്ട ആരെങ്കിലും കൗണ്ടറിൽ എത്തിച്ചാൽ മതി.

∙ അപേക്ഷകന് രസീത് നൽകും

∙ 50 എണ്ണമായാൽ അപേക്ഷകൾ ഓരോ കെട്ടാക്കി കൗണ്ടർ സൂപ്പർവൈസർക്ക് കൈമാറും. അദ്ദേഹം നവകേരള സദസ്സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് കൈമാറും. അവിടെ നിന്നു കലക്ടറേറ്റിൽ എത്തിക്കും. ഇവിടെ നിന്ന് https://navakeralasadas.kerala.gov.in/ എന്ന പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

∙ അപേക്ഷ സമർപ്പിച്ച് 45 ദിവസത്തിനകം തീർപ്പാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്. അപേക്ഷയുടെ തൽസ്ഥിതി https://navakeralasadas.kerala.gov.in/ എന്ന വെബ്സൈറ്റിൽ രസീത് നമ്പറോ മൊബൈൽ നമ്പറോ നൽകിയോ അറിയാം.

നവകേരള സദസ്സ്

∙ ഇന്ന് വൈകിട്ട് 5.30: ജില്ലാ അതിർത്തിയായ മടക്കത്താനത്ത് സ്വീകരണം

∙ 6.30: ഗാന്ധി സ്‌ക്വയർ മൈതാനത്ത് നവകേരള സദസ് 

∙ രാത്രി 9.30: തൊടുപുഴ – മുട്ടം– കുളമാവ്– ചെറുതോണി വഴി മുഖ്യമന്ത്രിയും മന്ത്രിമാരും ഇടുക്കി മണ്ഡലത്തിലേക്ക് തിരിക്കും. മുഖ്യമന്ത്രി ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരത്തിലും മന്ത്രിമാർ ഇടുക്കിയിലെ ഇക്കോലോഗ് കോട്ടേജുകളിലും താമസിക്കും

∙ നാളെ രാവിലെ 9.00: ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രഭാത യോഗം. തുടർന്ന് പത്രസമ്മേളനം

∙ രാവിലെ 11.00: ഇടുക്കി നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടക്കും

∙ ഉച്ചയ്ക്ക് 2.00: ഉച്ചഭക്ഷണത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും  

∙ ഉച്ചയ്ക്ക് 2.45: അടിമാലി ടൗണിൽ മന്ത്രിമാർക്ക് സ്വീകരണം 

∙ ഉച്ചകഴിഞ്ഞ് 3.00: അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ നവകേരള സദസ്സ്

∙ 5.00: ഉടുമ്പൻചോല മണ്ഡലത്തിലേക്ക് 

∙ വൈകുന്നേരം 6.00: നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ട്– ഉടുമ്പൻചോല മണ്ഡലത്തിന്റെ നവകേരളസദസ് 

∙ രാത്രി 9.30: മുഖ്യമന്ത്രിയും സംഘവും പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും. തേക്കടിയിൽ താമസം

∙ ഡിസംബർ 12 രാവിലെ 9: തേക്കടി ബാംബു ഗ്രോവിൽ മന്ത്രിസഭായോഗം

∙ രാവിലെ 11.00: വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനി സ്റ്റേഡിയം– പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ്

∙ ഉച്ചയ്ക്ക് 2.00: ഉച്ചഭക്ഷണത്തിന് ശേഷം കോട്ടയം ജില്ലയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര തിരിക്കും. 

∙ മൂന്നിന് പൂഞ്ഞാർ മണ്ഡലത്തിലെ നവകേരള സദസ്സ് മുണ്ടക്കയത്ത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com