ADVERTISEMENT

രാജകുമാരി∙ ചിന്നക്കനാലിലെ റിസർവ് വനം വിജ്ഞാപനത്തിലെ തുടർ നടപടികൾ മരവിപ്പിച്ചതായി വനംവകുപ്പ് വ്യക്തമാക്കുമ്പോഴും തീരാതെ ആശയക്കുഴപ്പം. ചിന്നക്കനാൽ വില്ലേജിലെ പാപ്പാത്തിച്ചോല, സൂര്യനെല്ലി മേഖലകളിലുൾപ്പെടുന്ന 364.89 ഹെക്ടർ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തുകാെണ്ട് കഴിഞ്ഞ സെപ്റ്റംബർ 20ന് ആണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 28ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ കത്ത്      കലക്ടർ, ഹൈറേഞ്ച് സർക്കിൾ സിസിഎഫ് എന്നിവർക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്ന് സിപിഎം        ഉൾപ്പെടെയുള്ള രാഷ്ട്രീയ       പാർട്ടികളും കർഷക സംഘടനകളും നാട്ടുകാരും പ്രതിഷേധമുയർത്തി രംഗത്തുവന്നു.നവകേരള സദസ്സിന്റെ പര്യടനം ജില്ലയിൽ നടത്താനിരിക്കെ പുതിയ റിസർവ് വനം പ്രഖ്യാപിച്ചുകാെണ്ടുള്ള വിജ്ഞാപനം വ്യാപക എതിർപ്പിന് കാരണമാകുമെന്ന തിരച്ചറിവിൽ വിജ്ഞാപനത്തിലെ തുടർ നടപടികൾ മരവിപ്പിക്കാൻ വനംവകുപ്പിന് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.

ഇതേ തുടർന്ന് നടപടികൾ      മരവിപ്പിച്ചതായി കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കി. എന്നാൽ സെക്‌ഷൻ 4 പ്രകാരം റിസർവ് വനമായി വിജ്ഞാപനം ചെയ്തത് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് നിയമ വിദഗ്ധർ പറയുന്നു. വിജ്ഞാപനത്തിന്മേലുള്ള തുടർ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിക്കാൻ കഴിയുമെങ്കിലും വിജ്ഞാപനം പിൻവലിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും അനുമതി വേണമെന്നാണ് ഇവരുടെ വാദം. ഇത് സംബന്ധിച്ച് 2015 ഡിസംബർ 15ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കർ ലോക്സഭയിൽ എംപിമാരുടെ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ടെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. എന്നാൽ    ഇത് സംബന്ധിച്ച് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കിടയിലും   ഭിന്നാഭിപ്രായമാണുള്ളത്. വിജ്ഞാപനം പിൻവലിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ഇല്ലെന്നും വാദമുണ്ട്. സെക്‌ഷൻ 4 പ്രകാരം വിജ്ഞാപനം ചെയ്ത വന ഭൂമിയുടെ അതിർത്തി നേരത്തെ നിശ്ചയിച്ചതാണെങ്കിലും റിസർവ് വനത്തിന്റെ ചുറ്റളവ് കുറയ്ക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.

‘വിജ്ഞാപനം പിൻവലിക്കണം’
ചെറുതോണി ∙ ചിന്നക്കനാലിലെ വനഭൂമി വിജ്ഞാപനം പിൻവലിച്ച് മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നു കേരള കർഷക യൂണിയൻ ജില്ലാ നേതൃയോഗം. 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ്‌ പദ്ധതികളും വന്യമൃഗ ശല്യം തടയുന്നതിനുള്ള പദ്ധതികളും നവകേരള സദസ്സിൽ പ്രഖ്യാപിക്കണം. കാർഷിക - കാർഷികേതര വായ്പകളെടുത്തു കടക്കെണിയിലായി ജപ്തി ഭീഷണി നേരിടുന്നവരെ സഹായിക്കാൻ 2025 മാർച്ച് 31 വരെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും മൊറട്ടോറിയം കാലയളവിലെ പലിശ ഇളവ് ചെയ്യുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബിനു ജോൺ ഇലവുംമൂട്ടിൽ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, നേതാക്കളായ സണ്ണി തെങ്ങുംപള്ളി, ബാബു കീച്ചേരി, ജോബിൾ മാത്യു, സോജി ജോൺ, പി.ജി.പ്രകാശൻ, ജോസുകുട്ടി തുടിയംപ്ലാക്കൽ, സ്റ്റീഫൻ കണ്ടത്തിൽ, ജോർജ് അരീപ്ലാക്കൽ, മാത്യു കൈച്ചിറ, ടോമി കാവാലം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com