ADVERTISEMENT

തൊടുപുഴ ∙ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പലയിടങ്ങളിലും നാശം. ഞായർ രാത്രിയും ഇന്നലെ പുലർച്ചെയും പെയ്ത കനത്ത മഴയിലാണ് ഹൈറേഞ്ചിന്റെ പലഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായത്. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾക്ക് ഉൾപ്പെടെ നാശം നേരിട്ടു. ഞായറാഴ്ച ജില്ലയിൽ പരക്കെ ശക്തമായ മഴ ലഭിച്ചു. അതേസമയം, ഇന്നലെ പകൽ മഴ കുറവായിരുന്നു. ഹൈറേഞ്ച് മേഖലകളിൽ ശക്തമായ കാറ്റും തണുപ്പും അനുഭവപ്പെടുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ ശക്തമായതോടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടു. നിലവിലെ സ്ഥിതി തുടർന്നാൽ ഇന്ന് അണക്കെട്ട് തുറന്നേക്കും. ഇതു സംബന്ധിച്ച് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ, പെരിയാർ തീരദേശവാസികൾ ജാഗ്രത പാലിക്കാൻ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മണ്ണിടിച്ചിൽ; ഗതാഗത തടസ്സം
ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിനും ബോഡിനായ്ക്കന്നൂരിനും ഇടയിൽ 3 ഭാഗത്ത് മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം 3 മുതൽ ഇന്നലെ രാവിലെ 8 വരെ കനത്ത മഴയാണ് ഇൗ ഭാഗത്ത് പെയ്തത്.

 കാെച്ചി–ധനുഷ്കോടി ദേശീയപാതയിൽ പുലികുത്തിന് സമീപം റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കുന്നു.
കാെച്ചി–ധനുഷ്കോടി ദേശീയപാതയിൽ പുലികുത്തിന് സമീപം റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കുന്നു.

ഞായറാഴ്ച രാത്രി 11നാണ് കാെണ്ടൈസൂചി വളവിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. ഇതിന് ശേഷം മറ്റ് 2 സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി. തുടർന്ന് ബോഡിമെട്ട് വഴിയുള്ള ഗതാഗതം അധികൃതർ തടഞ്ഞു. പകരം കമ്പംമെട്ട് വഴി വാഹനങ്ങൾ തിരിച്ചു വിട്ടു. ഇന്നലെ പകൽ 12 ന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

മരംവീണ്  വീടുകൾ തകർന്നു
ശക്തമായ കാറ്റിനെത്തുടർന്നു കൂറ്റൻ മരം വീടിനു മുകളിലേക്കു കടപുഴകി വീണു. കാറും ഇരുചക്രവാഹനങ്ങളും തകർന്നു. കുടുംബാംഗങ്ങൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വാളാടി അരശൻകുഴിയിൽ ശങ്കറിന്റെ വീടിന്റെ മുകളിലേക്ക് തിങ്കളാഴ്ച പുലർച്ചെയാണ് മരം വീണത്. തോരാതെ പെയ്ത മഴയ്ക്കു പിന്നാലെയായിരുന്നു അപകടം. വീട് ഭാഗികമായി തകർന്നു.

കരുണാപുരം വെസ്റ്റ്പാറ ബ്ലോക്ക് നമ്പർ 576ൽ സുമതിയുടെ വീടിനു മുകളിലേക്ക് തെങ്ങ് വീണ നിലയിൽ.
കരുണാപുരം വെസ്റ്റ്പാറ ബ്ലോക്ക് നമ്പർ 576ൽ സുമതിയുടെ വീടിനു മുകളിലേക്ക് തെങ്ങ് വീണ നിലയിൽ.

ഫർണിച്ചർ നശിച്ചു. മരം കടപുഴകിയ ശബ്ദം കേട്ടതോടെ കുടുംബാംഗങ്ങൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് മരം മുറിച്ചു മാറ്റിയത്. ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് തെങ്ങുവീണ് കരുണാപുരം വെസ്റ്റ്പാറ ബ്ലോക്ക് നമ്പർ 576ൽ സുമതിയുടെ വീടു തകർന്നു. ഇന്നലെ പുലർച്ചെ 5.40ന് ആയിരുന്നു സംഭവം. മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന സുമതി ശബ്ദം കേട്ട് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. വിധവയായ സുമതി ഒറ്റയ്ക്കാണ് താമസം.

ശക്തമായ കാറ്റിൽ വ്യാപകമായി മരം വീണ് മേഖലയിൽ വൈദ്യുത ബന്ധം താറുമാറായി. മിക്ക സ്ഥലങ്ങളിലും മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനായത്. വിവിധ മേഖലകളിൽ മണ്ണിടിച്ചിലും ഉണ്ടായി. ഇന്നലെ പകൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ശക്തമായ കാറ്റ് തുടർന്നു.

വാളാടി അരശൻകുഴിയിൽ ശങ്കറിന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ.
വാളാടി അരശൻകുഴിയിൽ ശങ്കറിന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ.

കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് സമീപത്തെ വീടിന്റെ ഭിത്തി തകർന്നു. വീട്ടിൽ ഒറ്റയ്ക്കുണ്ടായിരുന്ന വീട്ടമ്മയെ മറ്റൊരു വീട്ടിലേക്ക് മാറ്റി. ഞായർ രാത്രി 10 മണിയോടെ കാന്തല്ലൂർ കീഴാന്തൂർ സ്വദേശി ധർമന്റെ വീടിന്റെ മുറ്റം ഉൾപ്പെടെ ഇടിഞ്ഞുവീണ്, താഴ്‌വശത്തായി താമസിക്കുന്ന മഹേശ്വരി (66)യുടെ വീടിന്റെ ഭിത്തി തകരുകയായിരുന്നു.

കുമളി മേഖലയിൽ വ്യാപകനാശം
കുമളി മേഖലയിൽ പലയിടത്തും മരം ഒടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി. 66–ാം മൈലിൽ‍ ദേശീയപാതയോരത്ത് 33 കെവി ലൈനിലേക്ക് മരം വീണ് കുമളി മേഖല ഇരുട്ടിലായി. ഇന്നലെ വെളുപ്പിന് 2 മണിയോടെയായിരുന്നു സംഭവം. ഗതാഗതവും തടസ്സപ്പെട്ടു. തീർഥാടകർ ഉൾപ്പെടെ വഴിയിൽ കുടുങ്ങി. വൈദ്യുതി വകുപ്പ് ജീവനക്കാരും അഗ്നിശമന സേനയും ചേർന്നാണ് മരം മുറിച്ചുനീക്കിയത്. പൊട്ടിയ വൈദ്യുതി ലൈൻ ശരിയാക്കുന്ന ജോലികൾ തുടരുന്നതിനിടെ രാവിലെ 11 മണിയോടെ സമീപത്തുള്ള മറ്റൊരു മരം കൂടി കടപുഴകി വീണു. ഈ സമയം വൈദ്യുതി ലൈനിൽ പണിതുകൊണ്ടിരുന്ന ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

33 കെവി ലൈൻ ശരിയാക്കിയാലും എല്ലാ സ്ഥലങ്ങളിലും വൈദ്യുതി എത്തിക്കാൻ കഴിയില്ലെന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒട്ടേറെ സ്ഥലങ്ങളിൽ പോസ്റ്റുകൾ ഒടിഞ്ഞും കമ്പികൾ പൊട്ടിയും കിടക്കുകയാണ്. ഇവയെല്ലാം കണ്ടെത്തി പരിഹരിക്കുന്ന ജോലികൾ തുടരുകയാണ്. ദേശീയപാതയിലേക്ക് മരം വീണതിനാൽ അയ്യപ്പഭക്തർ ഉൾപ്പെടെ വഴിയിൽ കുടുങ്ങി. കുമളി, മുരിക്കടി, ആനവിലാസം തുടങ്ങി വിവിധ സ്ഥലങ്ങളിൽ‍ വൈദ്യുതി ലൈനുകളിലേക്ക് മരം ഒടിഞ്ഞുവീണു. ഞായറാഴ്ച രാത്രി നിലച്ച വൈദ്യുതി ബന്ധം ഇന്നലെ വൈകുന്നേരമായിട്ടും പുനഃസ്ഥാപിക്കാൻ‍ കഴിഞ്ഞിട്ടില്ല.

അമരാവതി അണക്കെട്ട് നിറഞ്ഞു
കനത്ത മഴയിൽ പാമ്പാറിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ തമിഴ്നാട്ടിലെ ഉടുമൽപേട്ട് ഒൻപതാറിൽ അമരാവതി അണക്കെട്ട് നിറഞ്ഞു. ഇതോടെ ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

മഴക്കണക്ക് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലിമീറ്ററിൽ):
ദേവികുളം–43.0
ഇടുക്കി– 33.0
പീരുമേട്–46.0
തൊടുപുഴ–17.4
ഉടുമ്പൻചോല–70.2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com