ADVERTISEMENT

മൂന്നാർ ∙ 15 വർഷം മുൻപ് ഒരു ഡിസംബർ 28ന് മൂന്നാറിലെത്തിയപ്പോൾ തമിഴ് നടൻ ‘ക്യാപ്റ്റൻ’ വിജയകാന്ത് ചുറ്റും തടിച്ചുകൂടിയ ആരാധകരോട് പറഞ്ഞു–‘ കണ്ടിപ്പാ നാൻ തിരുമ്പി വന്തിടുവേൻ, അവളോ പുടിച്ച്ത് ഇന്ത മൂന്നാർ’. എന്നാൽ വിജയകാന്തിന് ആ വാക്ക് പാലിക്കാനായില്ല. മറ്റൊരു ഡിസംബർ 28ന് തെന്നിന്ത്യൻ സിനിമയുടെ ക്യാപ്റ്റൻ വിടവാങ്ങുമ്പോൾ മൂന്നാറും വിതുമ്പുന്നു. തമിഴ് ജനതയോളം ഈ നാടും ക്യാപ്റ്റനെ സ്നേഹിച്ചിരുന്നു. 

പാർട്ടി രൂപീകരണം, ഫാൻസ് അസോസിയേഷൻ രൂപീകരണം, സിനിമ ഷൂട്ടിങ്, വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടനം തുടങ്ങി പല തവണ വിജയകാന്ത് മൂന്നാറിലെത്തിയിട്ടുണ്ട്. മാട്ടുപ്പെട്ടി റോഡിലെ പാത്രങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി 1980ലും 2007 ൽ തന്റെ പാർട്ടിയായ ഡിഎംഡികെയുടെ ഇടുക്കി ജില്ലാ ഘടകം രൂപീകരിച്ച വേളയിലുമുൾപ്പെടെ പല തവണ മൂന്നാറിലെത്തി. പാർട്ടിയുടെ ജില്ലാ ഘടകത്തിലെ പ്രവർത്തകർ ഭൂരിഭാഗവും തോട്ടം മേഖലയിലെ തൊഴിലാളികളായിരുന്നു.

തോട്ടം മേഖലയിലെ പ്രവർത്തകരുമായി അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. 2018 ഓഗസ്റ്റ് 16 നുണ്ടായ പ്രളയത്തിൽ തോട്ടം മേഖലയിലെ ദുരിതബാധിതരെ സഹായിക്കാനായി 20 ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ പാർട്ടി നേതാക്കൾ വഴി മൂന്നാറിൽ വിതരണം ചെയ്തു. ഡയറക്ടർ വിക്രമൻ സംവിധാനം ചെയ്ത മര്യാദ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി  2008 ഡിസംബർ 28നാണ് അവസാനമായി മൂന്നാറിലെത്തിയത്. മൂന്നാറിൽ വന്നതിന്റെ കൃത്യം 15 വർഷം തികഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ വേർപാട്. 

ഇടുക്കി ഘടകം വന്നതിന് 10 വർഷത്തിനുശേഷം 2017ൽ ആണ് വിജയകാന്തിന്റെ പാർട്ടി കേരള ഘടകം രൂപീകരിച്ചത്. മൂന്നാർ സ്വദേശികളായ സെന്തിൽകുമാർ (പ്രസിഡന്റ്), എൻ.ദേവേന്ദ്രൻ (സെക്രട്ടറി), പാലക്കാട് സ്വദേശി ജയകൃഷ്ണൻ (ട്രഷറർ) എന്നിവരാണ് നിലവിൽ പാർട്ടിയുടെ കേരള ഘടകം ഭാരവാഹികൾ. നേതാവിനോടുള്ള ആദരസൂചകമായി ഇന്ന് രണ്ടിന് പാർട്ടി നേതാക്കളും പ്രവർത്തകരും മൂന്നാർ ടൗണിൽ അനുശോചന സമ്മേളനം നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com