ഹൈറേഞ്ചിൽ ഇഞ്ചികൃഷി നാമമാത്രമായി; അനാഥമായി ഇഞ്ചിപ്പാറകൾ

Mail This Article
രാജകുമാരി∙ ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമങ്ങളിലെ ഭൂരിഭാഗം കർഷകരും മലഞ്ചരക്ക് വ്യാപാരികളും ഒരു കാലത്ത് പുതുവത്സരം ആഘോഷിച്ചത് എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തിയായ തലക്കോട് മേഖലയിലെ ഇഞ്ചിപ്പാറകളിൽ വച്ചായിരുന്നു. ഏലവും കുരുമുളകും മലനാട്ടിലെ കൃഷിയിടങ്ങൾക്ക് അന്യമായിരുന്ന കാലത്ത് ഇവിടെ വിളയിച്ചെടുക്കുന്ന ഇഞ്ചി ഉണങ്ങി.
ചുക്കാക്കി മാറ്റാൻ ഹൈറേഞ്ചിലുള്ളവർ കൂട്ടമായി പോയിരുന്നത് തലക്കോട് ഭാഗത്തെ മലകളിലേക്കായിരുന്നു. ഇൗ മലനിരകളാെക്കെ ഇഞ്ചിപ്പാറകളെന്നാണ് അറിയപ്പെട്ടത്.ജില്ലയിൽ ഇഞ്ചി കൃഷി ആരംഭിച്ചത് മുതൽ 2010 വരെ ഇത് തുടർന്നു. ഡിസംബർ മുതൽ മേയ് വരെയാണ് തലക്കോട് മേഖലയിലെ മലകളിൽ താമസിച്ച് ഇഞ്ചി ഉണങ്ങിയിരുന്നത്. ക്രിസ്മസും പുതുവത്സരവുമെല്ലാം ഇവിടെ ഒരുമയോടെ ആഘോഷിച്ചു.
എന്തുകൊണ്ട് ഇഞ്ചിപ്പാറ?
പ്രധാന റോഡിൽ നിന്ന് അധികം ദൂരെയല്ലാതെയുള്ള നിരപ്പാർന്ന പാറകളാണ് കച്ചവടക്കാരെയും കർഷകരെയും ഇവിടേക്ക് ആകർഷിച്ചത്. 500 ഹെക്ടറിലധികം വരുന്ന ഇവിടത്തെ പാറകളിലാണ് ഇഞ്ചി നിരത്തി ഉണങ്ങിയെടുത്തിരുന്നത്. പച്ച ഇഞ്ചി ചുരണ്ടുന്നതായിരുന്നു ഇവിടത്തുകാരുടെ പ്രധാന ജോലി. ചുറ്റും വനമേഖലയായതിനാൽ പുറംനാട്ടുകാർ ഇഞ്ചി ഉണങ്ങാനെത്തുന്ന 6 മാസം മാത്രമാണ് ഇവിടെയുള്ള ആയിരത്തിലധികം കുടുംബങ്ങളിലുള്ളവർക്ക് ജോലിയുണ്ടായിരുന്നത്. ചേറ്റുകുഴിപ്പാറ, ഞൂഞ്ഞപ്പൻപാറ, മണലുപാറ അങ്ങനെ ഇഞ്ചി ഉണങ്ങുന്ന പാറകളാെക്കെയും പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
ഒക്ടോബറിൽ കോതമംഗലത്തെ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാൾ കഴിഞ്ഞാലുടൻ പാറകളിൽ കുടിൽ കെട്ടി ബുക്കിങ് തുടങ്ങും. ഒരാൾ കുടിൽ കെട്ടിയ പാറയിൽ മറ്റാരും അവകാശം സ്ഥാപിക്കാൻ വരില്ല. ഡിസംബർ ആദ്യവാരം മുതൽ ഇൗ പാറകളിലേക്കുള്ള കുടിയേറ്റം തുടങ്ങും. 6 മാസം താമസിക്കാനുള്ള സജ്ജീകരണങ്ങളുമായാണ് കച്ചവടക്കാരും കർഷകരും ഇവിടെയെത്തുന്നത്. ഓരോ ദിവസവും ടൺ കണക്കിന് ഇഞ്ചി ഇവിടേക്ക് എത്തിക്കാെണ്ടിരിക്കും. ഹൈറേഞ്ചിൽ ഇഞ്ചി കൃഷി നാമമാത്രമായതോടെ തലക്കോടിലെ പാറകളാെക്കെ അനാഥമായി. എങ്കിലും ഇപ്പോൾ വയനാട്ടിൽ നിന്നും കുറച്ച് വ്യാപാരികൾ ഇഞ്ചിയും മഞ്ഞളുമായി തലക്കോട് വരാറുണ്ടെന്ന് ഇവിടത്തുകാർ പറയുന്നു. കഴിഞ്ഞ വർഷം ഇവിടത്തെ പാറകളിൽ ഇഞ്ചിയും മഞ്ഞളും ഉണങ്ങുന്നതിന് വനം വകുപ്പ് വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.