ADVERTISEMENT

നെടുങ്കണ്ടം ∙ ഇതൊരു അപൂർവ ചങ്ങാത്തത്തിന്റെ കഥയാണ്. മുണ്ടിയെരുമയിലെ തൻസീറും ഒരു കൊറ്റിയും തമ്മിൽ കൂട്ടായ കഥ. മീൻപിടിത്തക്കാരായ കൊറ്റിയും മീൻ വിൽപനക്കാരനായ തൻസീറും തമ്മിലുള്ള ചങ്ങാത്തം  തുടങ്ങിയിട്ട് വർഷം 5 കഴിഞ്ഞു. 30 വർഷത്തോളമായി മുണ്ടിയെരുമയിൽ മത്സ്യ വ്യാപാരിയാണ് തൻസീർ. 

അതിരാവിലെ മീൻ എത്തിയാൽ ഓട്ടോറിക്ഷയിൽ സമീപപ്രദേശങ്ങളിൽ എല്ലാം മീൻ വിൽപന നടത്തുന്ന തൻസീർ അവശേഷിക്കുന്ന മീനുമായി എത്തുന്നത് മുണ്ടിയെരുമയിലുള്ള കടയിലേക്കാണ്. അവിടെ രാവിലെ മുതൽ തന്നെ തൻസീറിനെ കാത്ത് കൊറ്റിയും ഇരിപ്പുണ്ടാവും. പ്രാദേശികമായി കൊക്ക് എന്നറിയപ്പെടുന്ന ജല പക്ഷിയാണ് കൊറ്റികൾ. 

പൊതുവേ മനുഷ്യനുമായി ഇണങ്ങാൻ ഇഷ്ടപ്പെടാത്തവരാണെങ്കിലും മുണ്ടിയെരുമയിലെ ഈ കൊറ്റി എല്ലാവരോടും നല്ല ഇണക്കമുള്ള പറവയാണ്. മീൻ പെട്ടികളുടെ മുകളിൽ കയറിയും മീൻ വിൽക്കുന്ന തട്ടിൽ കയറിയുമൊക്കെ നടക്കുന്ന ഇവൻ മീനുകളെ മോഷ്ടിച്ച് തിന്നാൻ ശ്രമിക്കാറേയില്ല. പകരം മീനുകൾക്ക് അടുത്തെത്തുന്ന ഈച്ചകളെയാണ് പ്രധാനമായും അകത്താക്കുന്നത്. എങ്കിലും നത്തോലി കണ്ടാൽ മാത്രം ചിലപ്പോഴൊക്കെ കൊറ്റിയുടെ കൺട്രോ‍ൾ പോകും. 

രാവിലെ എത്തിയാൽ തൻസീർ മീൻ വിൽപന നിർത്തുന്നതുവരെ ഇവൻ അവിടെത്തന്നെയുണ്ടാവും. ചിലപ്പോഴൊക്കെ ഒന്നിലധികം കൊറ്റികൾ  കടയിൽ എത്താറുണ്ടെങ്കിലും ഇവൻ മാത്രമാണ് ഇത്ര    ഇണക്കത്തോടെ  അടുത്തെത്തുന്നത്. എല്ലാവർഷവും പ്രജനന കാലത്ത് ഏതാനും മാസങ്ങൾ ഇവൻ അപ്രത്യക്ഷമാവാറുണ്ടെങ്കിലും വൈകാതെ തിരിച്ചെത്തും. നാട്ടുകാർക്കെല്ലാം പരിചിതനായ കൊറ്റിക്ക്‌ ഒരു പേര് കണ്ടെത്തി  നൽകാനുള്ള ഒരുക്കത്തിലാണ് തൻസീർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com