ADVERTISEMENT

കട്ടപ്പന ∙ കാലാവസ്ഥാ വ്യതിയാനം തിരിച്ചടിയായി; ഏലയ്ക്കയുടെ വിളവെടുപ്പ് കാലയളവ് വർധിച്ചതോടെ കർഷകർക്കു ദുരിതം. മുൻപ് 45 – 60 ദിവസത്തിനിടെ വിളവെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നത് ഇത്തവണ 65 – 90 ദിവസമായി വർധിച്ചിരിക്കുകയാണ്. ലഭിക്കുന്ന വിളവ് കുറയുകയും മരുന്നും വളവുമെല്ലാം കൂടുതലായി ഉപയോഗിക്കേണ്ടി വരികയും ചെയ്തതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഒരു കിലോ ഏലയ്ക്കയുടെ ശരാശരി വില 1400 മുതൽ 1700 രൂപ വരെ മാത്രമായി നിൽക്കുന്നതും കർഷകരെ വലയ്ക്കുന്നുണ്ട്.

ഹൈറേഞ്ച് മേഖലയിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിച്ചത് ഏലം മേഖലയെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കാലവർഷം കൃത്യമായി ലഭിക്കാതെ വരികയും ഇടവിട്ട് ശക്തമായ വെയിലും മഴയും ഉണ്ടാകുകയും ചെയ്തതാണ് ഏലം മേഖലയ്ക്കു തിരിച്ചടിയായത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലാവസ്ഥയിൽ ഏറെ മാറ്റം പ്രകടമായി. മഴ ലഭിക്കേണ്ട സമയത്ത് അതു കൃത്യമായി ലഭിക്കാതെ വരികയും അപ്രതീക്ഷിത സമയങ്ങളിൽ കനത്ത മഴ ഉണ്ടാകുകയുമാണ് ചെയ്തത്. 

അനുകൂല കാലാവസ്ഥ പ്രതീക്ഷിച്ച് കൃഷിക്ക് വളപ്രയോഗവും മറ്റും നടത്തിയ കർഷകർക്ക് അതു കനത്ത തിരിച്ചടിയായി. അതിനൊപ്പമാണ് വിളവിന്റെ കാര്യത്തിലും വ്യതിയാനം ഉണ്ടായത്. ഒരുതവണ വിളവെടുത്തു കഴിഞ്ഞാൽ പരമാവധി 60 ദിവസത്തിനുള്ളിൽ അടുത്ത വിളവെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നു.ഇത്തവണ 60 ദിവസം കഴിഞ്ഞിട്ടു പോലും പല തോട്ടങ്ങളിലും ഏലയ്ക്ക പാകമായിട്ടില്ലെന്ന് കർഷകർ പറയുന്നു. ഏലയ്ക്ക പാകമാകാത്തതിനാൽ മുൻവർഷങ്ങളിൽ ഒരു സീസണിൽ 6 മുതൽ 8 തവണ വരെ വിളവെടുക്കാൻ സാധിച്ചിരുന്നത് ഇത്തവണ കുറയും.

ഇതിനിടെ ഏലച്ചെടികളിൽ കീടബാധ രൂക്ഷമായിരിക്കുകയാണ്. മുൻവർഷങ്ങളിൽ നിശ്ചിത ഇടവേളകളിൽ പ്രയോഗിച്ചിരുന്ന മരുന്നുകൾ ഇത്തവണ കാര്യമായി ഫലം നൽകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. അതിനാൽ കീടനാശിനി പ്രയോഗത്തിനിടയിലെ ഇടവേള കുറയ്‌ക്കേണ്ടി വരുന്നു. ഇക്കാരണത്താൽ കീടനാശിനികളും മറ്റും വാങ്ങാൻ കൂടുതൽ പണം ചെലവഴിക്കേണ്ട സാഹചര്യമാണ്.  കീടബാധ ചെറുക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ അധികൃതരിൽനിന്നു ലഭിക്കാത്തതിനാൽ സ്വകാര്യ കമ്പനികളുടെ പ്രതിനിധികളെയും കീടനാശിനി വിൽപന കേന്ദ്രങ്ങളെയുമാണ് കർഷകർ ആശ്രയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com