ADVERTISEMENT

പീരുമേട്∙ വൻ തുക ചുമത്തിയ വൈദ്യുതി ബിൽ ലഭിച്ച പാമ്പനാർ എൽഎംഎസ് കോളനിയിലെ കുടുംബങ്ങൾ തുക അടയ്ക്കുന്നതിനു കഴിവില്ലാത്തതിനാൽ നീതി തേടി ഉപഭോക്തൃ കോടതിയിലേക്ക്. ബില്ലിൽ പറയുന്ന വൻ തുക അടയ്ക്കാത്ത 5 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഇവരടക്കമുള്ളവരാണ് തർക്ക പരിഹാര ഫോറത്തെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കേസ് അവസാനിക്കുന്ന സമയം വരെ ഇരുട്ടത്ത് കഴിയേണ്ടി വരുമെന്നത് ഇവരെ ആശങ്കയിലാഴ്ത്തുന്നു. 

ഇവർ സാധാരണ ഉപയോഗിക്കുന്നതിലും നാലിരട്ടിയിലധികം യൂണിറ്റ് വൈദ്യുതിയുടെ ബില്ലാണ് കിട്ടിയിരിക്കുന്നത്. ഇതിനിടെ വലിയ തുകയുടെ ബിൽ ലഭിച്ചവർക്ക് തുക തവണ വ്യവസ്ഥയിൽ അടയ്ക്കുന്നതിനു വേണ്ട ക്രമീകരണം ചെയ്യാൻ തയാറാണെന്നും ഇതിനുള്ള നടപടികൾ ആരംഭിച്ചതായും വൈദ്യുതി ബോർഡ് അറിയിച്ചു. 

2002 ജനുവരിയിൽ കോളനിയിൽ ലഭിച്ച ബില്ലുകളിൽ പരാതിയുള്ളവർക്കു തുകയിൽ ഇളവ് നൽകിയിരുന്നു. എന്നാൽ ഇളവ് നൽകിയ തുകയും അടയ്ക്കാത്തതാണ് ഇപ്പോൾ പ്രതിസന്ധിക്കു ഇടയാക്കിയിരിക്കുന്നതെന്ന് ബോർഡ് വിശദീകരിക്കുന്നു. ഇളവ് നൽകിയ തുക, ഇതിന്റെ പലിശ, അധിക ഡിപ്പോസിറ്റ് എന്നിവ ചേർത്ത തുക അടങ്ങിയ ബില്ലാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 6 തവണയായി തുക അടയ്ക്കുന്നതിനു സാവകാശം നൽകുന്നതിന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ്   എൻജിനീയർക്ക് കഴിയും. 

വൻ തുക ബിൽ കിട്ടിയവരിൽ ഭൂരിപക്ഷവും കൂലിപ്പണി ചെയ്തു കഴിയുന്നവരാണ്. 86,000 രൂപ വരെ വരുന്ന വൈദ്യുതി ബില്ലുകൾ ലഭിച്ചിട്ടുണ്ട്. ഏതാനും ബൾബുകൾ മാത്രം വീടുകളിൽ തെളിക്കുന്നവർക്കു പോലും വൻ തുകയുടെ ബില്ലുകൾ ലഭിച്ചത് മീറ്റർ റീഡിങ്ങിലെ പിഴവാണെന്ന് ബോർഡ് സമ്മതിക്കുന്നുണ്ട്. എന്നാൽ പ്രദേശത്ത് ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരനായ മീറ്റർ റീഡർ മരിച്ച സാഹചര്യത്തിൽ മറ്റു നടപടികൾ സാധ്യമല്ല. കൂടാതെ പീരുമേട് ഡിവിഷന്റെ കീഴിലെ മീറ്റർ റീഡിങ്ങിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തു. കുടിശിക തുക അടച്ചു തീർക്കാതെ പ്രതിമാസ വൈദ്യുതി ചാർജ് ഒടുക്കാൻ കഴിയില്ലെന്നതു തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഓരോ മാസവും കഴിയുംതോറും ഇവർ അടയ്ക്കേണ്ട തുക വർധിച്ചു കൊണ്ടിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com