ADVERTISEMENT

ഉപ്പുതറ∙ മേരികുളം അടക്കമുള്ള മേഖലകളിൽ മോഷണം തുടർക്കഥയായിട്ടും മുഖംമൂടി മോഷ്ടാവിനെക്കുറിച്ച് സൂചനയൊന്നും ലഭിക്കാത്തതിനാൽ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡിനൊപ്പം ഉപ്പുതറ എസ്എച്ച്ഒ പി.കെ.നാസർ, എസ്‌ഐ മിഥുൻ മാത്യു, എസ് സിപിഒമാരായ ജിജോ വിജയൻ, നിഷാദ്, അൽജിൻ രാജ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസന്വേഷിക്കുന്നത്.

മേരികുളത്തെ 6 വ്യാപാര സ്ഥാപനങ്ങളിലും സഹകരണ ബാങ്ക് ശാഖയിലും സ്‌കൂളിന്റെ കഞ്ഞിപ്പുരയിലുമാണ് ജനുവരി 31ന് പുലർച്ചെ മോഷണവും മോഷണശ്രമങ്ങളും നടന്നത്. പണവും വസ്തുക്കളും ഉൾപ്പെടെ ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മുഖം മറച്ചെത്തിയ വ്യക്തിയാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ഡിസംബർ 21ന് രാത്രിയിൽ കാഞ്ചിയാർ പഞ്ചായത്തിലെ ലബ്ബക്കടയിൽ വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രം എന്നിവയടക്കം 11 സ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. 80,000 രൂപയോളമാണ് അന്ന് നഷ്ടപ്പെട്ടത്. അതിന് ഏതാനും ആഴ്ച മുൻപ് മേരികുളത്തെ 4 കച്ചവട സ്ഥാപനങ്ങൾ കുത്തിത്തുറന്നിരുന്നു. കടകളിൽ നിന്ന് കാര്യമായ വസ്തുക്കളൊന്നും നഷ്ടപ്പെട്ടില്ലെന്നതു മാത്രമായിരുന്നു ആശ്വാസം. അതിന് ഏതാനും മാസം മുൻപും മേരികുളത്ത് മോഷണം നടന്നിരുന്നു. നവംബർ 4ന് പുലർച്ചെ ശാന്തിഗ്രാമിലെ 3 വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് 17,700 രൂപ കവർന്നിരുന്നു.

സെപ്റ്റംബർ 23ന് പുലർച്ചെ മാട്ടുക്കട്ടയിലെ സ്‌റ്റേഷനറിക്കട കുത്തിത്തുറന്ന് രണ്ടായിരം രൂപയോളം കവർന്നിരുന്നു. സെപ്റ്റംബർ 19ന് ലോൺട്രി അമ്മേ നാരായണ ദേവീ ക്ഷേത്രത്തിന്റെ പൂട്ട് കുത്തിത്തുറന്ന് 12,000 രൂപ കവർന്നിരുന്നു. ജൂലൈ പകുതിയോടെ വെള്ളിലാംകണ്ടത്തെ വീട് കുത്തിത്തുറന്ന് 8 പവനോളം സ്വർണാഭരണങ്ങളും 16,000 രൂപയും കവർന്നിരുന്നു.

ഈ മോഷണങ്ങൾ നടന്ന ഭൂരിഭാഗം സ്ഥലങ്ങളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ മുഖം മറച്ചെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ലബ്ബക്കടയിലെ ജനസേവാ കേന്ദ്രത്തിൽനിന്നും മേരികുളത്തെ വ്യാപാര സ്ഥാപനത്തിൽനിന്നും സിസിടിവിയുടെ ഡിവിആർ ബോക്‌സും മോഷ്ടാവ് കടത്തിയിട്ടുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും പൂട്ട് കുത്തിത്തുറന്നായിരുന്നു മോഷണം. അതിനാൽ ഈ മോഷണങ്ങൾക്കെല്ലാം പിന്നിൽ ഒരാളാണെന്നാണ് നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com