ADVERTISEMENT

രാജകുമാരി∙ ആകാശത്ത് പരുന്ത് പറന്നാലും ശക്തമായ കാറ്റു വീശിയാലും കജനാപ്പാറയ്ക്ക് സമീപമുള്ള രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ നാൽപതോളം കുടുംബങ്ങളുടെ നെഞ്ചിൽ തീയാണ്. കോളനിക്ക് സമീപത്തെ മരത്തിലുള്ള കടന്നൽ വിഭാഗത്തിൽ പെട്ട വൻതേനീച്ചകളുടെ മുപ്പതോളം കൂടുകളാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.

പരുന്തും മറ്റു പക്ഷികളുമാെക്കെ കൂട്ടിൽ ഇടിച്ചാൽ ഇൗച്ചകൾ ഇളകും. കാറ്റു വീശിയാലും സമാനമായ സ്ഥിതിയാണ്. 2 വർഷം മുൻപ് കടന്നലുകൾ ആക്രമിച്ച് കോളനിയിലെ ചെല്ലാണ്ടി കറുപ്പൻ എന്നയാൾ മരിക്കുകയും ഒട്ടേറെ ആളുകൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

കടന്നൽ ആക്രമണത്തിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ 15 വർഷത്തോളമായി വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. കടന്നലുകളെ പേടിച്ച് കോളനിയിലുള്ളവർ മൃഗങ്ങളെ പോലും വളർത്തുന്നില്ല. രാത്രിയിൽ വൈദ്യുത വെളിച്ചം കണ്ട് കടന്നലുകൾ വീടിനകത്ത് കയറുന്നതും ഏലത്തോട്ടങ്ങളിൽ ജോലിക്കെത്തുന്ന താെഴിലാളികൾക്ക് കടന്നൽ കുത്തേൽക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.

കടന്നലിനെ നശിപ്പിക്കാൻ നിയമതടസ്സം ഇല്ല
വന്യജീവിയാക്രമണത്തിൽ കാെല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച 1980 ലെ നിയമത്തിൽ സംസ്ഥാന സർക്കാർ കടന്നൽ, തേനീച്ച എന്നിവയെ വന്യജീവികളായി കൂട്ടിച്ചേർത്തു. എന്നാൽ കേന്ദ്ര നിയമത്തിൽ വന്യജീവികളുടെ നിർവചനത്തിൽ തേനീച്ചയും കടന്നലും ഇല്ല. അതിനാൽ തേനീച്ചയെ വളർത്തുന്നതിനും ഉപദ്രവകാരിയായ കടന്നലിനെ നശിപ്പിക്കുന്നതിനും നിയമ തടസ്സങ്ങളില്ല. എന്നാൽ ജനവാസ മേഖലകൾ, ടൗണുകൾ, പാെതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ കടന്നൽ കൂടുകൾ സംബന്ധിച്ച് പരാതി നൽകിയാലും ഒരു സർക്കാർ വകുപ്പുകളും നടപടി സ്വീകരിക്കാറില്ല. നാട്ടുകാർ സ്വന്തം ഉത്തരവാദിത്വത്തിൽ കടന്നൽ കൂടുകൾ നശിപ്പിക്കേണ്ടി വരും.

നഷ്ടപരിഹാരം: മാനദണ്ഡങ്ങൾ മാറ്റണം
1980 ലെ റൂൾസ് ഫോർ പേയ്മെന്റ് ഓഫ് കോംപൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് അനിമൽസ് എന്ന ചട്ടത്തിലെ ചട്ടം 2(എ) പ്രകാരമുള്ള വന്യ ജീവികളുടെ നിർവചനത്തിൽ കടന്നൽ, തേനീച്ച എന്നിവയെ കൂടി ഉൾപ്പെടുത്തിയാണ് 2022 മുതൽ തേനീച്ച–കടന്നൽ എന്നിവയുടെ കുത്തേറ്റ് മരിക്കുന്നവർക്കും നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. ഇൗ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തു  സർക്കാർ കഴിഞ്ഞ 18 ന് നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തി. വനത്തിനകത്ത് വച്ച് തേനീച്ച അല്ലെങ്കിൽ കടന്നൽ കുത്തേറ്റ് ജീവഹാനി സംഭവിച്ചാൽ 10 ലക്ഷം രൂപയും വനത്തിന് പുറത്താണെങ്കിൽ 2 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി അനുവദിക്കുക. എന്നാൽ വനത്തിനകത്തല്ല, ജനവാസ മേഖലയിലാണ് പലപ്പോഴും കടന്നലുകളും തേനീച്ചകളും മനുഷ്യരെ ആക്രമിക്കാറുള്ളത്. അതിനാൽ കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് തകർത്ത് കാട്ടാന
മൂന്നാർ ∙ രണ്ടാഴ്ചയ്ക്കിടെ ഇടമലക്കുടി പഞ്ചായത്ത് ഓഫിസിനു നേരെ വീണ്ടും കാട്ടാനയാക്രമണം. വാതിലുകൾ തകർത്ത് അകത്തു കടന്ന ആനകൾ മേശകളും കസേരകളുമടക്കമുള്ള ഉപകരണങ്ങൾ അടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ 4 നാണ് കൊമ്പനടക്കമുള്ള 9 കാട്ടാനകൾ പഞ്ചായത്ത് ഓഫിസിൽ കയറി ആക്രമണം നടത്തിയത്. ഓഫിസിന്റെ രണ്ട് വാതിലുകളും ജനാലകളും തകർത്തു. ആദ്യമായിട്ടാണ് കാട്ടാനകൾ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനുള്ളിൽ കയറി ആക്രമണം നടത്തുന്നത്. 3 വർഷത്തിനിടയിൽ ഇത് 5-ാം തവണയാണ് കാട്ടാനകൾ പഞ്ചായത്ത് ഓഫിസ് ആക്രമിക്കുന്നത്. ജനുവരി 15ന് രാത്രിയിലും കാട്ടാനകൾ പഞ്ചായത്ത് ഓഫിസ് കെട്ടിടവും സമീപത്തുള്ള ട്രൈബൽ ഹോസ്റ്റലും തകർത്തിരുന്നു. വർഷങ്ങളായി ദേവികുളത്ത് പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫിസ് ഇടമലക്കുടിയിലേക്ക് പൂർണമായി പ്രവർത്തനം മാറ്റി ആരംഭിക്കാനിരിക്കെയാണ് കാട്ടാനകൾ ഓഫിസ് കെട്ടിടം തകർത്തത്. കാട്ടാന ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് ഓഫിസ് കെട്ടിടം സംരക്ഷിക്കുന്നതിനായി ചുറ്റും ട്രഞ്ച് നിർമിക്കുന്നതിനായി വനം വകുപ്പ് അനുമതി നൽകാത്തതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

വട്ടവടയിൽ പുലിയിറങ്ങി
മൂന്നാർ ∙ വട്ടവടയിൽ ജനവാസ മേഖലയിൽ പട്ടാപ്പകൽ പുലിയിറങ്ങി. വട്ടവട - പഴത്തോട്ടം പാതയിൽ നെടിയങ്കാട് (ചോല മാട്ടുകല്ല്) ആണ് ഇന്നലെ ഉച്ചകഴിഞ്ഞ് നാലുമണിക്ക് പുലി ഇറങ്ങിയത്. ഒട്ടേറെയാളുകൾ താമസിക്കുന്ന മേഖലയാണിത്. ഒട്ടേറെ റിസോർട്ടുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ ഇതുവഴി ബൈക്കിൽ യാത്ര ചെയ്ത പഴത്തോട്ടം സ്വദേശി ദിനേശാണ് മലയിൽനിന്നിറങ്ങി വന്ന പുലി ജനവാസ മേഖലയിലേക്ക് പോകുന്നതു കണ്ടതും വിഡിയോ പകർത്തിയതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com