കാളയോട്ടം: വീണ് പരുക്കേറ്റയാൾ മരിച്ചു

Mail This Article
മൂന്നാർ ∙ വട്ടവട കോവിലൂരിൽ കാളയോട്ടത്തിനിടയിൽ (മഞ്ചുവിരട്ട്) കാള പാഞ്ഞുകയറിയതിനെത്തുടർന്നു വീണു പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കോവിലൂർ മന്നാടി വീട്ടിൽ എം.കെ.മുരുകൻ (60) ആണു കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സംസ്കാരം നടത്തി.തമിഴ് വംശജരുടെ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച വൈകിട്ടായിരുന്നു കാളയോട്ടം. കാളയോട്ടം കണ്ടുനിന്നിരുന്ന മുരുകൻ താഴെ വീണു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാത്രിയാണു മരിച്ചത്.
വട്ടവട പഞ്ചായത്ത് മുൻഅംഗമാണ്. മഞ്ചുവിരട്ട് സംഘാടക സമിതിയംഗവുമായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി വട്ടവട യൂണിറ്റ് ട്രഷററാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: വിജയകുമാർ, പുഷ്പരാജ്, രാമർ, ലക്ഷ്മണൻ. മരുമക്കൾ: ഉമ, ശരണ്യ, ദിവ്യ, വിജയലക്ഷ്മി.ജല്ലിക്കെട്ടു പോലെ ഓരോ കാളയെ ക്രമമായി വിടുന്നതിനു പകരം തുറസ്സായ സ്ഥലത്തു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ഒരേസമയം ഒട്ടേറെ കാളകളെ അഴിച്ചുവിടുന്നതാണു മഞ്ചുവിരട്ട്.