ADVERTISEMENT

രാജകുമാരി ∙ ജില്ലയിലെ വ്യാജ പട്ടയങ്ങൾ പരിശോധിക്കുന്നതിനു റവന്യു വിഭാഗം മൂന്നാർ സ്പെഷൽ റവന്യു ഓഫിസിൽ കൂടുതൽ ജീവനക്കാരെ നിയമിച്ചു. ഒരു ഡപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ 7 ജീവനക്കാരെയാണ് മൂന്നാർ എസ്ആർ ഓഫിസിൽ കൂടുതലായി നിയമിച്ചത്. തഹസിൽദാർ റാങ്കിലുള്ള സ്പെഷൽ റവന്യു ഓഫിസർ, റവന്യു ഇൻസ്പെക്ടർ, 2 ക്ലാർക്കുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവരാണ് എസ്ആർഒ ഓഫിസിൽ ഉണ്ടായിരുന്നത്. 4 റവന്യു ഇൻസ്പെക്ടർമാരുടെയും 2 വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെയും തസ്തിക ഉണ്ടെങ്കിലും മറ്റുള്ളവർ ഡപ്യുട്ടേഷനിൽ മറ്റ് ഓഫിസുകളിലാണ് ജോലി ചെയ്യുന്നത്. 

വ്യാജ പട്ടയങ്ങൾ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയമിക്കുന്നതിൽ ഹൈക്കോടതി കഴിഞ്ഞ നവംബറിൽ സർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. പ്രത്യേക സംഘത്തിന്റെ ആവശ്യമില്ലെന്നും മൂന്നാർ സ്പെഷൽ റവന്യു ഓഫിസിന് ചുമതല നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം സർക്കാരിനു റിപ്പോർട്ട് നൽകി. മൂന്നാർ മേഖലയിലെ സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ, അനധികൃത നിർമാണങ്ങൾ, വ്യാജ പട്ടയങ്ങൾ എന്നിവ കണ്ടെത്തുക, പുഴ, തോട്, മല എന്നിവയുടെ സംരക്ഷണം, ഏറ്റെടുത്ത സർക്കാർ ഭൂമിയിലെ മേലാദായം സമാഹരിക്കുക, പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള മുൻകരുതൽ സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയാണ് 2010ൽ മൂന്നാർ സ്പെഷൽ റവന്യു ഓഫിസ് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയത്. 

ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കാനുള്ള അധികാരം സ്പെഷൽ റവന്യു ഓഫിസർക്ക് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ കയ്യേറ്റങ്ങളിലും അനധികൃത നിർമാണങ്ങളിലും റിപ്പോർട്ട് നൽകുക മാത്രമായിരുന്നു സ്പെഷൽ റവന്യു ഓഫിസിന്റെ ചുമതല. ഭൂസംരക്ഷണ നിയമ പ്രകാരം നടപടികളെടുക്കാൻ സ്പെഷൽ റവന്യു ഓഫിസർക്ക് അധികാരം നൽകി ഉടൻ ഉത്തരവിറങ്ങുമെന്നാണ് വിവരം. 

ഹർജി കയ്യേറ്റത്തിന് എതിരെ
2010ൽ പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ തുടർനടപടികളുടെ ഭാഗമായാണ് വ്യാജ പട്ടയങ്ങളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുന്നതിൽ സർക്കാരിന്റെ നിലപാട് കോടതി തേടിയത്. മൂന്നാർ മേഖലയിലെ 64 അനധികൃത കയ്യേറ്റങ്ങൾക്കും ഇതിന് കൂട്ടുനിന്ന നാൽപതോളം ഉദ്യോഗസ്ഥർ, ഇടനിലക്കാർ എന്നിവർക്കുമെതിരെ നടപടിയാവശ്യപ്പെട്ടായിരുന്നു ഹർജി.

ഹർജിയിലെ ആവശ്യങ്ങൾ പരിഗണിക്കാതെ ഭൂപതിവ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുയർത്തി സർക്കാരും കോടതിയും ജില്ലയിലെ ഭൂപ്രശ്നങ്ങൾ രൂക്ഷമാക്കിയെന്നാണ് ഹർജിക്കാരുടെ ആരോപണം. വീണ്ടും കോടതിയെ സമീപിച്ച ഹർജിക്കാർ, സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നു വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com