മൂന്നാറിൽ ഇനി ‘നാടൻ തണുപ്പ്’ മാത്രമല്ല, രാജ്യാന്തര വിഭവങ്ങളും കിട്ടും; സ്ട്രീറ്റ് ഫുഡ് ഹബ് നിർമാണം തുടങ്ങുന്നു
Mail This Article
മൂന്നാർ ∙ മൂന്നാറിന് അനുവദിച്ച സ്ട്രീറ്റ് ഫുഡ് ഹബിന്റെ നിർമാണം ഉടൻ ആരംഭിക്കും.കൊച്ചി-ധനുഷ് കോടി ദേശീയപാതയോരത്ത് പഴയ മൂന്നാർ മൂലക്കടയിലുള്ള ബസ് സ്റ്റാൻഡിലാണ് 5.15 കോടി രൂപ ചെലവിൽ പുതിയ ഫുഡ് ഹബ് നിർമിക്കുന്നത്. സർക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി പൈലിങ് ജോലികൾ ആരംഭിക്കും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ മൂന്നാർ പഞ്ചായത്താണ് ഫുഡ് ഹബ് സ്ഥാപിക്കുന്നത്.
വിനോദ സഞ്ചാര മേഖലയായ മൂന്നാറിലെത്തുന്നവർക്ക് രാജ്യാന്തര വിഭവങ്ങളും പ്രാദേശിക ഭക്ഷണവും ഉൾപ്പെടെയുള്ള ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് ഹബ് നിർമിക്കുന്നത്. ബസ് സ്റ്റാൻഡിൽ പുതുതായി നിർമിക്കുന്ന ഫുഡ് ഹബിന്റെ താഴത്തെ നില ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനും മുകൾനിലയിൽ 20ഫുഡ് സ്റ്റാളുകളുമാണ് നിർമിക്കുന്നത്.
നാഷനൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) - 1 കോടി, മൂന്നാർ പഞ്ചായത്ത് -1.15 കോടി, വായ്പ - 3 കോടി എന്നിങ്ങനെ ചെലവിട്ടാണ് ഹബ് നിർമിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ഭക്ഷണശാലകൾ യാഥാർഥ്യമാകുന്നതോടെ സന്ദർശനത്തിനെത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികൾക്ക് വിവിധ നാടുകളിലെ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങൾ രുചിക്കാനാകും.സംസ്ഥാനത്ത് പുതുതായി നിർമിക്കുന്ന 4 സ്ട്രീറ്റ് ഫുഡ് ഹബുകളുടെ നിർമാണത്തിനായി എൻഎച്ച്എം വഴി നൽകുന്ന 4 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചിരുന്നു.