ADVERTISEMENT

സംസ്ഥാന ബജറ്റിൽ ഇടുക്കിയുടെ വിനോദ സഞ്ചാര മേഖലയ്ക്കു ലഭിച്ച അംഗീകാരമായി എടുത്തു കാട്ടുന്ന ഇടുക്കി അണക്കെട്ടിലെ ലേസർ ഷോ പൊടി തട്ടിയെടുത്ത് അവതരിപ്പിച്ചിരിക്കുന്ന പദ്ധതി. ഒന്നാം പിണറായി സർക്കാരിന്റെ ആരംഭ കാലത്ത് വൈദ്യുതി വകുപ്പിന്റെ ഹൈഡൽ ടൂറിസം വിഭാഗമാണ് ഇടുക്കി ആർച്ച് ഡാമിൽ രാജ്യാന്തര നിലവാരത്തിലുള്ള ലേസർ ഷോ നടത്തുന്നതിനും അക്വേറിയവും സ്ഥാപിക്കുന്നതിനും പദ്ധതിയിട്ടത്. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പച്ചക്കൊടി കാട്ടിയതോടെ പദ്ധതി യാഥാർഥ്യമാകുമെന്ന സൂചനയും ഉണ്ടായിരുന്നു. എന്നാൽ പദ്ധതി നടത്തിപ്പിനു അണക്കെട്ടിന്റെ താഴ്‌വാരത്ത് 15 ഏക്കറോളം സ്ഥലം വേണ്ടിയിരുന്നു. നാൽപതോളം കുടുംബങ്ങൾ അധിവസിച്ചിരുന്നതാണ് ഈ ഭൂമി. 

സ്ഥലം ഏറ്റെടുക്കൽ നടപടികൾ മുന്നോട്ടു പോകാതായതോടെ പദ്ധതി ഫയലിൽ ഒതുങ്ങി. പിന്നീട് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് മന്ത്രി എം.എം.മണിയും അന്നത്തെ എംപി ജോയ്സ് ജോർജും പദ്ധതി നടത്തിപ്പിനായി രൂപരേഖ തയാറാക്കിയതോടെ ഇടുക്കി അണക്കെട്ടിന്റെ താഴ്‌വാരത്ത് രാജ്യാന്തര നിലവാരത്തിലുള്ള അക്വേറിയത്തിനും ലേസർ ഷോ പദ്ധതിക്കും ജീവൻ വച്ചു. 20 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഹൈദരാബാദിൽനിന്നുള്ള ഏജൻസി രൂപരേഖയും തയാറാക്കി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചർച്ചകളും പുരോഗമിച്ചു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം പ്രവർത്തനങ്ങൾ നിലച്ചു. 

പിന്നീട് 2021 സെപ്റ്റംബർ ആദ്യവാരം മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയും റോഷി അഗസ്റ്റിനും ഇടുക്കിയിലെ ജലവൈദ്യുത പദ്ധതികൾ കേന്ദ്രീകരിച്ചു ഹൈഡൽ ടൂറിസം നടപ്പാക്കുന്നതു സംബന്ധിച്ചു നടത്തിയ ചർച്ചയിലാണ് പദ്ധതി വീണ്ടും ഉയർന്നു വന്നത്. പദ്ധതി ഇടുക്കിയുടെ മുഖഛായ മാറ്റുമെന്നും നടപ്പാക്കാൻ പരമാവധി പരിശ്രമിക്കുമെന്നും അന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു.

ലയങ്ങൾ ദുരവസ്ഥയിൽ പറഞ്ഞാൽ പോരാ, പണിയണം
ലയങ്ങളുടെ പുനരുദ്ധാരണം 10 കോടി രൂപ വകയിരുത്തൽ കഴിഞ്ഞ ബജറ്റിൽ പറഞ്ഞതിന്റെ തനിയാവർത്തനം എന്ന് ആക്ഷേപം. കഴിഞ്ഞ ബജറ്റിലും 10 കോടി പറഞ്ഞിരുന്നെങ്കിലും പ്രാഥമിക നടപടികൾ പോലും ഒരു വർഷത്തിനിടെ ഉണ്ടായിട്ടില്ല. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടം മുതൽ ലയങ്ങൾ പുനർ നിർമിക്കുന്ന പ്രഖ്യാപനം ഉയർന്നെങ്കിലും കാലപ്പഴക്കം മൂലം ലയങ്ങളിൽ തൊഴിലാളികൾക്ക് താമസിക്കുന്നതിനു കഴിയാത്ത സാഹചര്യം ആണ് നിലവിൽ. 

എസ്റ്റേറ്റ് ലയം
എസ്റ്റേറ്റ് ലയം

പൂട്ടിക്കിടക്കുന്ന ചീന്തലാർ, ലോൺട്രി, ബോണാമി, കോട്ടമല എസ്റ്റേറ്റുകളിലെ ലയങ്ങളുടെ അവസ്ഥ ആണ് ഏറ്റവും മോശം. ജീർണിച്ച കെട്ടിടങ്ങൾ ചിലത് നിലംപൊത്തി. വൻ അപകടത്തിൽ നിന്നു തൊഴിലാളികൾ കഷ്ടിച്ച് ആണ് രക്ഷപ്പെട്ടിരിക്കുന്നത്. തോട്ട വ്യവസായ പ്രതിസന്ധിക്ക് ശേഷം ഒരു വിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. ഈ  പ്രഖ്യാപനമെങ്കിലും നടപ്പിലാകണേ എന്നാണ്  പ്രാർഥന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com