ADVERTISEMENT

എല്ലാ ബജറ്റിലും ഇടുക്കിക്ക് വാരിക്കോരി  പദ്ധതികളുണ്ടായിരുന്നു. പക്ഷേ ഒന്നും നടന്നില്ല. അന്നത്തെ  പദ്ധതികൾക്ക് ബജറ്റിൽ വീണ്ടും തുക അനുവദിക്കുമ്പോൾ  ഇടുക്കിക്കാർ ചോദിക്കുന്നു:  ഈ ബജറ്റെങ്കിലും സത്യമെന്നു വിശ്വസിക്കട്ടെ?

ലേസർ ഷോ, വെറും ഷോ
ഇടുക്കി ഡാമിന്റെ പ്രതലത്തിൽ ലേസർ ഷോയ്ക്കായി 5 കോടി അനുവദിച്ചതാണ് ബജറ്റിലെ പ്രധാന ആകർഷണം. എന്നാൽ ഇത് പണ്ട് എം.എം.മണി വൈദ്യുതി മന്ത്രിയായിരിക്കുമ്പോൾ അവതരിപ്പിച്ച പദ്ധതിയാണ്. അന്ന് 20 കോടിയായിരുന്നു ചെലവ് പ്രതീക്ഷിച്ചത്. എന്നാൽ ഇപ്പോൾ അതിന്റെ പൊടിപോലുമില്ല. 

വിമാനം പോയിട്ടൊരു തുമ്പി പോലും പറന്നില്ല
ഇടുക്കി എയർ സ്ട്രിപ്പാണ് മറ്റൊരു പ്രഖ്യാപനം. എന്നാൽ കഴിഞ്ഞ 5 വർഷമായി ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ എയർ സ്ട്രിപ് പദ്ധതി ബജറ്റിൽ ഇടം പിടിക്കുന്നുണ്ട്. വണ്ടിപ്പെരിയാർ സത്രത്തിൽ എൻസിസിയുടെ എയർ സ്ട്രിപ് വന്നതല്ലാതെ മലയോരത്തെവിടെയും വിമാനം പോയിട്ടൊരു തുമ്പി പോലും പറന്നില്ല. കട്ടപ്പനയിൽ പിഎസ്‌സി ജില്ലാ ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് ബജറ്റിൽ നിർദേശമുണ്ട്. ഈ കെട്ടിടത്തിന് ഏഴരക്കോടി രൂപ വകയിരുത്തി 2023ൽ ഭരണാനുമതി നൽകിയതാണ്. നടപടികൾ വൈകിയതിനാൽ പൊടിതട്ടിയെടുത്ത് ബജറ്റിൽ തിരികിക്കയറ്റിയതാവാനെ വകയുള്ളു. 

ഇതിലും ഭേദം  വന്യജീവികൾ 
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് 48.85 കോടി രൂപയാണ് ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. എന്നാൽ 2022 ൽ 25 കോടി രൂപയും , 2023ൽ 80 കോടിയിൽ അധികം രൂപയുമാണ് വന്യമൃഗ ശല്യം പരിഹരിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും ആർആർടികളെ ശക്തിപ്പെടുത്തുന്നതിനും ബജറ്റിൽ വകയിരുത്തിയത്. പക്ഷേ, ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ പകുതിപോലും ഇതു വരെ ചെലവഴിച്ചില്ല എന്നതാണ് യാഥാർഥ്യം. 

പിന്നെയും പ്രഖ്യാപിച്ച്  നഴ്സിങ് കോളജ് 
ഏറെ വികസനം അവശ്യമുള്ള ഇടുക്കി മെഡിക്കൽ കോളജിന് ഒരു രൂപ പോലും അനുവദിക്കാതിരുന്നപ്പോൾ കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച നഴ്സിങ് കോളജ് പുതിയ പ്രഖ്യാപനമായി ബജറ്റിൽ ഇടം പിടിച്ചു. (തെറ്റിപ്പോയതാവും അല്ലേ!!)

ലയങ്ങളെക്കാൾ പഴക്കം ഈ പ്രഖ്യാപനത്തിന് 
ലയങ്ങളുടെ പുനരുദ്ധാരണത്തിനനുവദിച്ച 10 കോടി രൂപ പണ്ട് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടം മുതൽ  പ്രഖ്യാപിക്കുന്നതാണ്. എന്നാൽ കാലപ്പഴക്കം മൂലം ലയങ്ങളിൽ തൊഴിലാളികൾക്ക് താമസിക്കുന്നതിനു കഴിയാത്ത സാഹചര്യം ആണ് നിലവിൽ. ബജറ്റിൽ ഉൾപ്പെട്ട മാങ്കുളം ജലവൈദ്യുത പദ്ധതിയും പട്ടിശേരി അണക്കെട്ടും വർഷങ്ങളായി പണി പൂർത്തിയാകാതെ കിടക്കുകയാണ്. മൂന്നാർ ഉൾപ്പെട്ട ടൂറിസം പദ്ധതിയായി കൺ‌വൻഷൻ സെന്റർ നിർമാണത്തിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ബജറ്റിൽ പ്രഖ്യപിച്ച മൂന്നാർ ബജറ്റ് ഹോട്ടലും ടൂറിസം ഇടനാഴിയുമെല്ലാം  കാണാമറയത്താണ്. 

ബജറ്റ്: പണം വരുന്ന വഴി
∙ നിയമ സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു പാസാക്കുക ആദ്യ ഘട്ടം.
∙ തുടർന്നു സർക്കാർ ഗസറ്റിൽ ധനവിനിയോഗ നിയമം പ്രസിദ്ധീകരിക്കും. (സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്നു തുക പിൻവലിക്കാനുള്ള അധികാരമാണു ധനവിനിയോഗ നിയമം)
∙ ശേഷം ധനകാര്യ വകുപ്പിലെ ബജറ്റ് വിഭാഗം എല്ലാ വകുപ്പു തലവന്മാരെയും ബന്ധപ്പെട്ടവരെയും സർക്കുലർ വഴി അറിയിക്കും.
∙ തുടർന്നു മുഖ്യ നിയന്ത്രണ ഉദ്യോഗസ്ഥന്മാർ ഫണ്ട് വിതരണ ജോലി ഏറ്റെടുക്കുന്നു.
∙ ഇവർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു പദ്ധതികളുടെ അടിസ്ഥാനത്തിൽ ഫണ്ട് ഭാഗിച്ചു നൽകുന്നു.

പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങൾ
∙ മൂന്നാറിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള വലിയ ഇവന്റുകൾക്ക് വേദിയാകാൻ കഴിയുംവിധം വിപുലമായ കൺവൻഷൻ സെന്ററുകൾ വികസിപ്പിക്കാൻ പ്രോത്സാഹനം നൽകും. 50 കോടി രൂപ ഇതിനായി വകയിരുത്തി
∙ സംസ്ഥാനത്ത് സുഗന്ധവ്യഞ്ജന കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിന് 4.60 കോടി രൂപ വകയിരുത്തുന്നു. ഇടുക്കിക്കും നേട്ടമുണ്ടാകും
∙ ഇക്കോ ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും.

∙ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിക്ക് 12 കോടി. 
∙ പാമ്പാർ തടത്തിലെ ചെങ്കളാർ പദ്ധതിയുടെ ഭാഗമായ പട്ടിശേരി ഡാമിന്റെയും കനാൽ സംവിധാനത്തിന്റെയും പുനർനിർമാണത്തിനായി 14 കോടി രൂപ 
∙ തലച്ചൂർ കടവിൽ തടയണയും ഫോർബേ ടാങ്കും നിർമിക്കുന്നതിനും, തലച്ചൂർ കടവിൽ നിന്ന് പട്ടിശേരി ഡാമിലേക്ക് ചെങ്കളാർ പദ്ധതിയുടെ ഡൈവേർഷനും, പട്ടിശേരി ഡാമിൽ സുരക്ഷാവേലി ഉൾപ്പെടെ റിങ് റോഡ് നിർമിക്കുന്നതിനുമായി പുതിയ പദ്ധതി 

∙ മാങ്കുളം പഞ്ചായത്തിലെ 40 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പുതിയ ജലവൈദ്യുത പദ്ധതിക്കായി 8 കോടി രൂപ 
∙ 76.45 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദന ശേഷിയുള്ള ചിന്നാർ (വാത്തികുടി–കൊന്നത്തടി പഞ്ചായത്തുകളിലെ അതിർത്തി പങ്കിടുന്ന സ്ഥലം) ചെറുകിട ജലവൈദ്യുത പദ്ധതിക്കായി 10 കോടി രൂപ 
∙ പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളുടെ ലയങ്ങൾ നവീകരിക്കുന്ന പദ്ധതികൾക്കായി 10 കോടി രൂപ 
∙ എയർസ്ട്രിപ്പുകൾ സ്ഥാപിക്കുവാൻ ഇടുക്കി ജില്ലയ്ക്ക് 1.96 കോടി രൂപ

∙ എല്ലാ ജില്ലകളിലും പൈതൃക/പുരാവസ്തു മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിന് 5 കോടി രൂപ വകയിരുത്തി
∙  ഇ-വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകളുടെ നോഡൽ ഏജൻസിയായ കെഎസ്ഇബി ലിമിറ്റഡിന് കേരളത്തിലെ എല്ലാ ജില്ലകളിലും പുതിയ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനായി 7.40 കോടി രൂപ വകയിരുത്തി. ഇടുക്കിക്കും ഗുണം ചെയ്യും.

∙ ഗ്രാമീണ കളിസ്ഥലങ്ങൾ വികസിപ്പിക്കുന്നതിന് 8 കോടി രൂപ. “ഓരോ പഞ്ചായത്തിലും ഒരു കായിക സൗകര്യം/ കളിസ്ഥലം” എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന തുക ചെലവഴിക്കും. 
∙ ആദിവാസി മേഖലകളിലെയും തീരപ്രദേശങ്ങളിലെയും  അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലഹരി വിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുമായി 10 കോടി രൂപ 

∙ തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധിയിലേക്കായി 1.10 കോടി രൂപ വകയിരുത്തുന്നു. 
∙ നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന മൂന്നാറിലെ തൊഴിൽ/തോട്ടം മേഖലകളിലെ ഓഫിസുകൾ, തൊഴിലാളികളുടെ ക്ഷേമവും പരാതി പരിഹാരവും മുൻ നി‍ർത്തി ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനായി തൊഴിൽ സമുച്ചയം പണികഴിപ്പിക്കാൻ 60 ലക്ഷം രൂപ 
∙ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഇടുക്കി ജില്ലാ ഓഫിസിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി തുക അനുവദിച്ചു

മണ്ഡലങ്ങൾക്ക് എന്ത് കിട്ടി

ഉടുമ്പൻചോല 
ആശാരിക്കവല - തോവാള - മന്നാക്കുടി റോഡ് ബിഎം & ബിസി നിലവാരത്തിലാക്കാൻ– 5 കോടി,  നെടുങ്കണ്ടം സ്പോർട്സ് ഹോസ്റ്റൽ കെട്ടിടത്തിന് 5 കോടി എന്നിവയ്ക്കാണ് ഉടുമ്പൻചോല മണ്ഡലത്തിൽ അനുമതിയായത്. നെടുങ്കണ്ടം അഗ്നിരക്ഷാ സേന കെട്ടിടം, ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളജ് കെട്ടിടം, ശാന്തൻപാറ , കരുണാപുരം കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കെട്ടിടം തുടങ്ങി ഇരുപതോളം ടോക്കൺ പദ്ധതികളും മണ്ഡലത്തിലേതായി ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 

പീരുമേട് 
വണ്ടിപ്പെരിയാർ–പശുമല–മ്ലാമല–തേങ്ങാക്കൽ–കിഴക്കെപുതുവൽ–ഏലപ്പാറ റോഡ് നിർമാണം–8 കോടി, വട്ടപ്പതാൽ–മലയപുതുവൽ –വെളളപ്പതാൽ ചിന്തലാർ റോഡിന് 2 കോടി എന്നിവയ്ക്കാണ് പീരുമേട് മണ്ഡലത്തിൽ ഫണ്ട് അനുവദിച്ചത്. മൂഴിക്കൽ–തോപ്പിൽകടവ് പാലം–7.65 കോടി, വണ്ടിപ്പെരിയാർ എക്സൈസ് ഓഫിസ്, പീരുമേട് ആയുർവേദ ആശുപത്രി കെട്ടിട നിർമാണം, വാഗമൺ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണം, വാഗമൺ വിനോദസ‍ഞ്ചാരകേന്ദ്രത്തിന്റെ സമഗ്ര വികസനം തുടങ്ങി ഇരുപതോളം ടോക്കൺ പദ്ധതികളും മണ്ഡലത്തിലേതായി ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 

 ഇടുക്കി
ചെറുതോണി കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് കെട്ടിടം നിർമിക്കാൻ– 5 കോടി, കട്ടപ്പന അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം നിർമിക്കുന്നതിനു 4 കോടി എന്നിവയാണ് അനുമതിയായിരിക്കുന്നത്. റോഡ്, കെട്ടിട നിർമാണം തുടങ്ങി ഒട്ടേറെ പദ്ധതികൾക്ക് ടോക്കൺ‍ അനുമതി നൽകിയിട്ടുണ്ട്. 

ദേവികുളം
മൂന്നാർ എംജി കോളനിക്ക് സമീപം നിർമാണം നടന്നു വരുന്ന ലേബർ ഓഫിസ് കോംപ്ലക്സ് നിർമാണ പൂർത്തീകരണത്തിന് 60 ലക്ഷം, അടിമാലിയിൽ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട നിർമാണത്തിനായി 5 കോടി, പഴയ മൂന്നാർ കെഎസ്ആർടിസി ഡിപ്പോ നവീകരണത്തിന് 5 കോടി,  വെള്ളത്തൂവൽ–ശല്യംപാറ റോഡ് നവീകരണം 3 കോടി എന്നിങ്ങനെയാണ് അനുമതിയായ പ്രധാന പദ്ധതികൾ. 20 പദ്ധതികൾക്ക് ടോക്കൺ തുകയും അനുവദിച്ചിട്ടുണ്ട്. 

തൊടുപുഴ 
തൊടുപുഴ നിയോജക മണ്ഡലത്തിൽ 6 പ്രധാന പദ്ധതികളിൽ ഒരു പദ്ധതിക്ക് മാത്രമാണ് ബജറ്റിൽ തുക അനുവദിച്ചത്. കോലാനി– മാറിക റോഡ് ആധുനിക നിലവാരത്തിൽ നിർമിക്കുന്നതിന് 8 കോടി രൂപ ബജറ്റിൽ വകയിരുത്തി. തൊടുപുഴ സ്റ്റേഡിയം, മുട്ടം ബൈപാസ്, മുതലക്കോടം ബൈപാസ്, ചുങ്കം– കാരിക്കോട് ബൈപാസ്, പെരുമാങ്കണ്ടം– പാറമട കോട്ട റോഡ് ഉൾപ്പെടെയുള്ള 19 പദ്ധതികൾക്ക് ബജറ്റിൽ 100 രൂപയുടെ ടോക്കൺ പ്രൊവിഷൻ മാത്രമാണ് വകയിരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com