താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ നീക്കം; കെഎസ്ആർടിസി ബസ് സർവീസുകൾ മുടങ്ങും
Mail This Article
തൊടുപുഴ ∙ താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ നീക്കം ആരംഭിച്ചതോടെ ജില്ലയിലെ കെഎസ്ആർടിസി ബസ് സർവീസുകൾ പലതും മുടങ്ങും. കഴിഞ്ഞ ദിവസമാണ് ബദൽ ഡ്രൈവർമാരെ ഒഴിവാക്കാൻ തീരുമാനമുണ്ടായത്. സ്ഥിരം ഡ്രൈവർമാരുടെ കുറവുമൂലം പിഎസ്‌സിയിൽ റാങ്ക് ലിസ്റ്റിലുള്ളവരെയും മറ്റുമാണ് ബദൽ ഡ്രൈവർ തസ്തികയിൽ നിയമിച്ചിരുന്നത്. ഇവരെ പറഞ്ഞയയ്ക്കുമ്പോൾ പകരം ഡ്രൈവർമാർ എത്താത്തതിനാൽ പല സർവീസുകളും മുടങ്ങും.
നിലവിലെ ബദൽ ഡ്രൈവർമാർ തുടർന്നാലും കോർപ്പറേഷന് നഷ്ടമില്ല. ഇവർ ജോലി നോക്കുന്ന ദിവസം മാത്രമാണ് ശമ്പളം നൽകുന്നത്. പകരം സംവിധാനമാകാതെ നിലവിലെ ഡ്രൈവർമാരെ ഒഴിവാക്കാനുള്ള നീക്കം ജില്ലയിലെ പല സർവീസുകളെയും ബാധിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞയാഴ്ച ഡ്രൈവേഴ്‌സ് ഡേയിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ നേടാൻ കാരണമായതിനാൽ ആദരിച്ച ഡ്രൈവർമാർ വരെ ഇപ്പോൾ പിരിച്ചുവിട്ടവരുടെ കൂടെയുണ്ട്. ഏറ്റവും കൂടുതൽ ഡ്രൈവർമാരെ നീക്കുന്നത് മൂന്നാർ ഡിപ്പോയിൽ നിന്നാണ്.