കല്ലാർകുട്ടി– നായിക്കുന്ന് റോഡ് പുനർനിർമിക്കാൻ നടപടിയില്ല

Mail This Article
അടിമാലി ∙ കല്ലാർകുട്ടി– നായിക്കുന്ന് റോഡ് തകർന്നിട്ട് 5 വർഷം പിന്നിടുന്നു. പുനർ നിർമാണത്തിന് നടപടി സ്വീകരിക്കാൻ ഭരണാധികാരികൾ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കി. 2018 ലെ പ്രളയത്തിലാണ് റോഡിൽ എസ്എൻ പടി ഭാഗം ഇടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിലച്ചത്. കാൽനട യാത്രയും ദുഷ്കരമായി.
തുടർന്ന് റീ–ബിൽഡ് കേരളയിൽപെടുത്തി റോഡിന്റെ നിർമാണ പ്രവൃത്തികൾക്ക് നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിന്റെ ഭാഗമായി കല്ലാർകുട്ടി– നായിക്കുന്ന്– ഓടക്കാസിറ്റി റോഡിൽ പ്രാരംഭ നടപടികൾ സ്വീകരിച്ചെങ്കിലും അനന്തര നടപടി ഉണ്ടായില്ല.ഇതിനിടെ നാട്ടുകാർ ഇടപെട്ട് ചെറു വാഹനങ്ങൾ കടന്നു പോകും വിധം റോഡിൽ മക്ക് നിരത്തിയും മറ്റും താൽകാലിക സംവിധാനം ഏർപ്പെടുത്തിയതാണ് യാത്രക്കാർക്ക് ആശ്വാസമാകുന്നത്. കല്ലാർകുട്ടിയിൽ നിന്ന് ഒന്നേമുക്കാൽ കിലോമീറ്റർ ദൂരമാണ് നായിക്കുന്നിനുള്ളത്.
മാങ്കടവ്, ഓടക്കാസിറ്റി, കൂമ്പൻപാറ ഭാഗത്തേക്ക് കല്ലാർകുട്ടിയിൽ നിന്നുള്ള ദൂരം കുറഞ്ഞ റോഡാണിത്. ഇതുവഴി ഉണ്ടായിരുന്ന സ്കൂൾ ബസുകളും മറ്റും റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ഓട്ടം നിർത്തിയതോടെ വിദ്യാർഥികളാണ് കൂടുതൽ ദുരിതത്തിലായത്. ഇതോടൊപ്പം നാട്ടുകാരും യാത്രാക്ലേശത്തിന്റെ പിടിയിലാണ്. റോഡ് തകർന്നിട്ട് 5 വർഷം പിന്നിട്ടിട്ടും അനന്തര നടപടികൾക്ക് സർക്കാർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധം ശക്തമാകാൻ കാരണമായിട്ടുണ്ട്.