പാമ്പാടുംപാറ- മാന്നാക്കുടി റോഡ്; ഗൂഗിൾ മാപ്പ് നോക്കിയെത്തുന്ന സഞ്ചാരികൾ അപകടത്തിൽപ്പെടുന്നു
Mail This Article
നെടുങ്കണ്ടം ∙ തകർന്ന പാമ്പാടുംപാറ- മാന്നാക്കുടി റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു. എറണാകുളത്തു നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പം എത്താവുന്ന വഴിയാണിത്. എന്നാൽ ഗൂഗിൾ മാപ്പിൽ നോക്കി ഇതിലെ എത്തുന്ന സഞ്ചാരികൾ തകർന്ന റോഡിലെ കുത്തിറക്കങ്ങളിൽ അപകടത്തിൽപ്പെടുകയാണ്.
ഒട്ടേറെയാളുകൾ ആശ്രയിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതികൾ നൽകിയിട്ടും പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും വഴി നന്നാക്കാൻ അധികൃതർ തയാറാവുന്നില്ലെന്നു നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് പ്രദേശവാസികൾ വഴിയിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു.
സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളിലൂടെയും നാട്ടുകാർ പ്രതിഷേധം അറിയിക്കുന്നുണ്ട്. അതേസമയം അറ്റകുറ്റ പണികൾക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടന്നാണ് മാസങ്ങളായി പഞ്ചായത്ത് അധികൃതർ പറയുന്നതെങ്കിലും നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല.