ADVERTISEMENT

നഗരങ്ങളിൽ പലയിടത്തായി ഒളിപ്പിച്ചു വയ്ക്കുന്ന പണം പൊതുജനങ്ങൾ‌ക്ക് കണ്ടെത്തി സ്വന്തമാക്കാവുന്ന ‘ക്യാഷ് ഹണ്ട്’ ചാലഞ്ചാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ തരംഗം. 100 രൂപയുടെയും 500 രൂപയുടെയുമൊക്കെ നോട്ടുകൾ ഏതെങ്കിലും പ്രദേശത്ത് ഒളിപ്പിച്ചുവയ്ക്കുന്നതും സ്ഥലത്തെക്കുറിച്ച് സൂചന നൽകുന്ന ക്ലൂവും അടങ്ങുന്ന വിഡിയോ പോസ്റ്റ് ചെയ്യും. സൂചനയിലൂടെ സ്ഥലം മനസ്സിലാക്കി ആദ്യം എത്തുന്നവർക്ക് ക്യാഷ് സ്വന്തമാക്കാം. പണം കിട്ടിയവർ ‘ക്യാഷ്ഡ്’ എന്ന് കമന്റ് ചെയ്യുന്നതോടെ കളി അവസാനിക്കും. കൊച്ചി നഗരത്തിൽ ആരംഭിച്ച ഈ ഓൺലൈൻ ഗെയിം ഇപ്പോൾ തൊടുപുഴയിലും കട്ടപ്പനയിലും വരെ സജീവമാണ്.

വർഷങ്ങളായി പല ബജറ്റുകളിലൂടെ കോടിക്കണക്കിന് രൂപയാണ് ഇടുക്കി ജില്ലയിലെ വിവിധ പദ്ധതികൾക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ‘ക്യാഷ് ഹണ്ട്’ പോലെ ബജറ്റുകളിൽ അനുവദിച്ച തുകയും ഒളിവിലാണ്. സർക്കാർ ഓഫിസുകളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭ്യമായ ‘ക്ലൂ’ വഴി ഈ ഫണ്ടുകൾ എവിടെന്ന് കണ്ടെത്താൻ ഒരു ശ്രമം നടത്താം.

ചാലഞ്ച് –1
ലൊക്കേഷൻ: മൂന്നാർ
പദ്ധതി: ബഡ്ജറ്റ് ഹോട്ടൽ
തുക: 100 കോടി രൂപ
ചാലഞ്ച് തുടങ്ങിയത്: 2023 ബജറ്റ്, മന്ത്രി കെ.എൻ.ബാലഗോപാൽ

അന്വേഷണം: 2023-24 ലെ ബജറ്റിലാണ് പഴയ മൂന്നാർ കെഎസ്ആർടിസി വക ഭൂമിയിൽ 100 കോടി രൂപയുടെ ബജറ്റ് ഹോട്ടൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. ഡിപ്പോയുടെ സമീപത്ത് കൊച്ചി-ധനുഷ് കോടി ദേശീയപാതയോരത്തുള്ള 1.75 ഏക്കർ ഗ്രാന്റീസ് തോട്ടമാണ് ഹോട്ടൽ നിർമിക്കാനായി കണ്ടെത്തിയത്.  പ്രഖ്യാപനം വന്നതിനെ തുടർന്ന് വിനോദ സഞ്ചാരികളുടെ പ്രധാന വിശ്രമകേന്ദ്രമായിരുന്ന ഗ്രാന്റീസ് തോട്ടം അധികൃതർ വേലികെട്ടിത്തിരിച്ച് സന്ദർശകരെ വിലക്കി. ആറുമാസംമുൻപ് കിഫ്ബിയിൽ നിന്നുള്ള മൂന്നംഗ സംഘം സ്ഥലത്ത് രണ്ടു ദിവസം താമസിച്ച് പരിശോധന നടത്തി.

കെടിഡിസി ഉൾപ്പെടെയുള്ള ഹോട്ടൽ ശൃംഖലകളുമായി സഹകരിച്ച് ഹോട്ടൽ നിർമിക്കാനാണ് പദ്ധതിയെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ ഇവർ മടങ്ങി ആറ് മാസങ്ങൾ പൂർത്തിയായിട്ടും മറ്റ് നടപടികൾ ഒന്നുമുണ്ടായില്ല. പദ്ധതിക്കായി നീക്കിയിട്ടിരിക്കുന്ന ഭൂമി നിലവിൽ കാടുകയറിക്കിടക്കുകയാണ്. പുതിയ ബജറ്റ് വന്നതോടെ പഴയ പദ്ധതി തുക നഷ്ടമായി.
കണ്ടെത്തൽ : അൺ ക്യാഷ്ഡ് (തുക നഷ്ടം, ചാലഞ്ച് പരാജയം)

നിർമാണം മുടങ്ങിക്കിടക്കുന്ന പട്ടിശ്ശേരി അണക്കെട്ട്
നിർമാണം മുടങ്ങിക്കിടക്കുന്ന പട്ടിശ്ശേരി അണക്കെട്ട്

ചാലഞ്ച് –2
ലൊക്കേഷൻ: തേക്കടി
പദ്ധതി: പ്രോജക്ട് ടൈഗർ
തുക: 6.70 കോടി രൂപ
ചാലഞ്ച് തുടങ്ങിയത്: 
2023 ബജറ്റ്,  മന്ത്രി കെ.എൻ.ബാലഗോപാൽ

അന്വേഷണം: പ്രോജക്ട് ടൈഗർ പദ്ധതിയിൽ 6.70 കോടി ബജറ്റിൽ വകയിരുത്തിയെങ്കിലും 2022-23ൽ ലഭിക്കേണ്ടിയിരുന്ന 2.86 കോടി രൂപ കൂടി ഉൾപ്പെടുത്തി 5.86 കോടി രൂപയാണ് അനുവദിച്ചത്. അതിൽ 3.44 കോടി രൂപ നിലവിൽ കുടിശികയാണ്. 2022-23 ലെ കുടിശികയായ 2.86 കോടിയിൽ 2.42 കോടി മാത്രമാണ് ഇതുവരെ ലഭിച്ചത്. 2021-23 കാലഘട്ടത്തിൽ പെരിയാർ ഫൗണ്ടേഷനിൽ നിന്ന് 3.73 കോടി രൂപ കടം എടുത്താണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്.

സർക്കാരിൽ നിന്ന് ലഭിക്കേണ്ട 5.86 കോടി രൂപയിൽ 2.42 കോടി ലഭിച്ചപ്പോൾ 2.10 കോടി ഫൗണ്ടേഷനിൽ തിരിച്ചടച്ചു. ശേഷിച്ച 1.63 കോടി രൂപ ഗ്രാന്റാക്കി മാറ്റി. പെരിയാർ കടുവാ സങ്കേതത്തിൽ വിവിധ ജോലികൾ ചെയ്ത കരാറുകാർക്കും വാഹനങ്ങളുടെ മെയിന്റനൻസ് വകയിലും ഇനിയും പണം കൊടുക്കാനുണ്ട്. സർക്കാരിൽ നിന്ന് കിട്ടാനുള്ള 3.44 കോടി രൂപ ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകൂ.
കണ്ടെത്തൽ : അൺ ക്യാഷ്ഡ് (തുക നഷ്ടം, ചാലഞ്ച് പരാജയം)

ചാലഞ്ച് –3
ലൊക്കേഷൻ: വണ്ടൻമേട്
പദ്ധതി: തമിഴ് ഭാഷാ 
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനായി പ്രഫഷനൽ കോളജ്
തുക: 100 കോടി രൂപ
ചാലഞ്ച് തുടങ്ങിയത്: 
2021 ബജറ്റ്,  മന്ത്രി തോമസ് ഐസക്ക്

അന്വേഷണം: കോളജ് ആരംഭിക്കാനുള്ള സ്ഥലം റവന്യു വകുപ്പിൽ നിന്ന് ലഭ്യമാക്കുകയോ അല്ലെങ്കിൽ പഞ്ചായത്തിൽ നിന്ന് സ്ഥലം ഏറ്റെടുത്ത് നൽകുകയോ ചെയ്യണം. കോളജിനായി ഏതാനും ഏക്കർ സ്ഥലം ആവശ്യമാണ്. മേഖലയിൽ കൂടുതൽ പ്രദേശം സിഎച്ച്ആർ ആണെന്നത് സ്ഥലമേറ്റെടുക്കലിന് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തലുണ്ട്. മാത്രമല്ല കൂടുതൽ സ്ഥലം ഏറ്റെടുത്ത് നൽകാനുള്ള സാമ്പത്തിക സ്ഥിതി പഞ്ചായത്തിൽ ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ബജറ്റ് പ്രഖ്യാപനമായതിനാൽ പദ്ധതി നടപ്പാക്കാൻ ബുദ്ധിമുട്ടില്ലെങ്കിലും സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ ഒന്നുമാകാത്തത് തിരിച്ചടിയാണ്. 100 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും ഇതിൽ നിന്ന് ഇതുവരെ ഒരു തുകയും വിനിയോഗിച്ചിട്ടില്ല.
കണ്ടെത്തൽ : അൺ ക്യാഷ്ഡ് (തുക നഷ്ടം, ചാലഞ്ച് പരാജയം)

ചാലഞ്ച് –4
ലൊക്കേഷൻ: കുളമാവ്
പദ്ധതി: വടക്കേപ്പുഴ 
ചെക്ഡാമിനുള്ളിൽ കയാക്കിങും 
കുട്ടവഞ്ചിയും ടൂറിസം പദ്ധതി
തുക: കൃത്യമായ തുക ഇല്ല ചാലഞ്ച് തുടങ്ങിയത്: 2023 ബജറ്റ്, മന്ത്രി കെ.എൻ.ബാലഗോപാൽ

അന്വേഷണം: വടക്കേപ്പുഴ ചെക്ഡാമിനുള്ളിൽ കയാക്കിങും കുട്ടവഞ്ചിയും ഇനിയും എത്തിയില്ല. ഹൈഡൽ ടൂറിസം സെന്ററിന്റെ നേതൃത്വത്തിൽ ഇവിടെ കയാക്കിങും കുട്ടവഞ്ചിയും ഇറക്കാനായി തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടികൾ വൈകുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം പരീക്ഷണത്തുഴച്ചിൽ നടത്തിയിരുന്നു. ഫണ്ട് പ്രശ്‌നമില്ലെന്ന് ഹൈഡൽ ടൂറിസം അധികൃതർ പറയുന്നു. എന്നാൽ കെഎസ്ഇബിയുടെ അധീനതയിലുള്ള വടക്കേപ്പുഴ ചെക്ഡാമിന്റെ സർവേയടക്കമുള്ള രേഖകൾ നീങ്ങാത്തതാണ് പദ്ധതി വൈകാൻ കാരണമെന്നാണ് അവർ പറയുന്നത്.
കണ്ടെത്തൽ: അൺ ക്യാഷ്ഡ് (തുക നഷ്ടം, ചാലഞ്ച് പരാജയം)

ചാലഞ്ച് –5
ലൊക്കേഷൻ: കാന്തല്ലൂർ
പദ്ധതി: പട്ടിശ്ശേരി 
അണക്കെട്ട്
തുക: 14 കോടി രൂപ
ചാലഞ്ച് തുടങ്ങിയത്: 
2023 ബജറ്റ്, മന്ത്രി കെ.എൻ.ബാലഗോപാൽ

അന്വേഷണം: കാന്തല്ലൂരിലെ വിനോദസഞ്ചാര മേഖലയ്ക്കും കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുന്ന പട്ടിശ്ശേരി അണക്കെട്ട് പത്തുവർഷമായിട്ടും പൂർത്തീകരിച്ചില്ല. കരാർ നൽകിയതിൽ തുക തികയുന്നില്ല എന്നു വ്യക്തമാക്കി കരാറുകാരൻ പണിമുടക്കിയ സാഹചര്യത്തിലാണ് ഇതുവരെ പൂർത്തീകരിക്കാത്തത്. ഇതിനിടയിലാണ് കൂടുതൽ തുക വേണമെന്ന ആവശ്യത്തെ തുടർന്ന് സർക്കാർ ഘട്ടം ഘട്ടമായി കൂടുതൽ തുക അനുവദിച്ചത്. 2023 ബജറ്റിൽ 14 കോടി രൂപ അനുവദിച്ചെങ്കിലും ഈ തുക കഴിഞ്ഞവർഷം സർക്കാരിന് നൽകാൻ സാധിച്ചില്ല. 2024 ലെ ബജറ്റിൽ വീണ്ടും 14 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ടെത്തൽ : അൺ ക്യാഷ്ഡ് (ആദ്യ ചാലഞ്ച് പരാജയം, വീണ്ടും ചാലഞ്ച് പുനരാരംഭിച്ചു)

ചാലഞ്ച് –6
ലൊക്കേഷൻ: ഉടുമ്പൻചോല
പദ്ധതി: ഉടുമ്പൻചോല 
ആയുർവേദ മെഡിക്കൽ കോളജ്
തുക: 800 കോടി രൂപ
ചാലഞ്ച് തുടങ്ങിയത്: 2021 ബജറ്റ്, മന്ത്രി തോമസ് ഐസക്, 2023 ബജറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ

അന്വേഷണം: സംസ്ഥാനത്തെ നാലാമത്തെയും ഏറ്റവും വലുതുമായ ആയുർവേദ മെഡിക്കൽ കോളജാണ്‌ ഉടുമ്പൻചോലയിൽ അനുവദിച്ചത്. 2021ലെ സംസ്ഥാന ബജറ്റിൽ 650 കോടി രൂപ എസ്റ്റിമേറ്റ് തുകയിൽ ടോക്കൺ പദ്ധതിയായി ഇടം നേടിയ പദ്ധതിക്കായി കഴിഞ്ഞ വർഷത്തെ ബജറ്റിൽ 150 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഒന്നാം ഘട്ടമായി ഇടുക്കി പാക്കേജിൽ നിന്ന് അനുവദിച്ച 25 കോടി രൂപയിൽ 18 കോടി രൂപ ചെലവഴിച്ച് ചുറ്റുമതിലും ഒപി ബ്ലോക്ക് നിർമാണവും ഉടൻ ആരംഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനായുള്ള സാങ്കേതിക നടപടികൾ അവസാന ഘട്ടത്തിലാണ്. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‌ 2021ൽ റവന്യുവകുപ്പ് വിട്ടുനൽകിയ ഉടുമ്പൻചോലയിലെ 23 ഏക്കർ ഭൂമിയിലാണ് മെഡിക്കൽ കോളജ് സ്ഥാപിക്കുക.
കണ്ടെത്തൽ: അൺ ക്യാഷ്ഡ് (നടപടികൾ ഉടൻ എന്ന പതിവുപല്ലവി മാത്രം)

ചാലഞ്ച് –7
ലൊക്കേഷൻ: പൂപ്പാറ
പദ്ധതി: പൂപ്പാറ ഗവ.കോളജ്
തുക: 30 കോടി രൂപചാലഞ്ച് തുടങ്ങിയത്: 2023 ബജറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ

അന്വേഷണം: 2018 ൽ അനുവദിച്ച ജില്ലയിലെ മൂന്നാമത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് ഇപ്പോഴും പ്രവർത്തിക്കുന്നത് പൂപ്പാറയിലെ പഞ്ചായത്ത് എൽപി സ്കൂൾ കെട്ടിടത്തിലാണ്. 2023 ലെ ബജറ്റിൽ പൂപ്പാറ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 20 കോടി രൂപ അനുവദിച്ചിരുന്നു. ഇത് കൂടാതെ ഇടുക്കി പാക്കേജിലും 10 കോടിയിലധികം രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റവന്യു വകുപ്പ് വിട്ട് നൽകിയ മൂന്നര ഏക്കർ ഭൂമിയിൽ കെട്ടിടം നിർമിക്കുന്നതിന് ഏഴ് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പക്ഷേ മാസ്റ്റർ പ്ലാൻ അനുസരിച്ച് കോളജ് കെട്ടിടം, ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ ചുരുങ്ങിയത് 70 കോടി രൂപയെങ്കിലും ആവശ്യമാണ്. യുജിസി മാനദണ്ഡമനുസരിച്ച് കോളജിന് ചുരുങ്ങിയത് 5 ഏക്കർ ഭൂമി ആവശ്യമാണ്.
കണ്ടെത്തൽ : അൺ ക്യാഷ്ഡ്  (ചുവപ്പുനാടയിൽ കുടുങ്ങി പദ്ധതി നടപ്പായില്ല)

ചാലഞ്ച് –8
ലൊക്കേഷൻ: ഇടുക്കി ജില്ല
പദ്ധതി: ഇടുക്കി പാക്കേജ്
തുക: 225 കോടി രൂപ (പുനർജനി പദ്ധതി 5000 കോടി, പ്രത്യേക ഇടുക്കി പാക്കേജ് 12000 കോടി എന്നിവയ്ക്ക് പുറമേ)
ചാലഞ്ച് തുടങ്ങിയത്: 2021 ബജറ്റ്, മന്ത്രി തോമസ് ഐസക്ക്, 2023 ബജറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ

അന്വേഷണം: ഇടുക്കി ജില്ലയുടെ പ്രത്യേക സാമൂഹിക, സാമ്പത്തിക, സുസ്ഥിര വികസനം ലക്ഷ്യമാക്കി 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ 2022-23 വർഷം മുതൽ പ്രതിവർഷം 75 കോടി രൂപ വീതമാണ് ഇടുക്കി പാക്കേജിനായി ബജറ്റിൽ വകയിരുത്തുന്നത്. ജില്ലാതല കമ്മിറ്റി, മോണിറ്ററിങ് കമ്മിറ്റി എന്നിവയുടെ അംഗീകാരത്തോടെ പദ്ധതികൾ സംസ്ഥാന ആസൂത്രണ ബോർഡിൽ സമർപ്പിക്കുകയും 5 കോടി രൂപ വരെയുള്ള പദ്ധതികൾക്ക് ജില്ലാ കലക്ടറും 5 കോടിക്ക് മുകളിലുള്ള പദ്ധതികൾക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്റ്റേറ്റ് ലെവൽ എംപവേഡ് കമ്മിറ്റിയുടെ ശുപാർശയോടെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുമാണ് ഭരണാനുമതി ഉത്തരവ് നൽകുന്നത്. 

കൃഷി, ക്ഷീരവികസനം, മൃഗസംരക്ഷണം, വികസനം, കായിക വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകൾക്കാണ് മുൻഗണന. 2022-23, 2023-24 വർഷങ്ങളിലായി 29.43 കോടി രൂപയുടെ 8 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു.
കണ്ടെത്തൽ : ക്യാഷ്ഡ് പാർഷ്യലി (തുകയുടെ പകുതി പോലും വിനിയോഗിക്കാൻ  സാധിച്ചില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com